Advertisment

പ്രതിഷേധം ടോപ്പ് ഗിയറിലാക്കി പ്രതിപക്ഷത്തിന്റെ ചടുലനീക്കങ്ങള്‍ ! ചരിത്രത്തിലാദ്യമായി പ്രതിപക്ഷത്തിന്റെ സമാന്തര സഭ. 14 അടിയന്തര പ്രമേയങ്ങള്‍ ! മുഖ്യമന്ത്രിയേയും മന്ത്രിമാരെയും നിലയ്ക്കുനിര്‍ത്തിയ പ്രതിപക്ഷ നേതാവിന്റെ മിടുക്ക്. പ്രതിപക്ഷത്തിന്റെ ആവേശം കെടുത്തി കുഞ്ഞാപ്പയെ മലര്‍ത്തിയടിച്ച കെടി ജലീല്‍ ! ഓണഘോഷവും കിറ്റും കൈമാറി ഭരണ-പ്രതിപക്ഷവും. പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് കൊടിയിറങ്ങുമ്പോള്‍

New Update

തിരുവനന്തപുരം : പതിനഞ്ചാം നിയമസഭയുടെ സംഭവ ബഹുലമായ രണ്ടാം സമ്മേളനം അങ്ങനെ കൊടിയിറങ്ങി. പ്രതിപക്ഷത്തിന്റെ വ്യത്യസ്തമാര്‍ന്ന ശൈലിക്ക് കയ്യടികിട്ടിയ സമ്മേളനം അങ്ങനെ പ്രത്യേകതയുള്ളതുമായി. സഭാ സമ്മേളനത്തിന്റെ അവസാന രണ്ടു ദിവസവും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതും കണ്ടു.

Advertisment

17 ദിവസമാണ് രണ്ടാം സമ്മേളനം നീണ്ടുനിന്നത്. സൗഹാര്‍ദാന്തരീഷത്തില്‍ തുടങ്ങിയ സമ്മേളനത്തിനിടെ പ്രതിപക്ഷത്തിന് നിരവധി വിഷയങ്ങള്‍ വീണുകിട്ടിയതും കണ്ടു. പ്രതീകാത്മക സഭ നടത്തിയും അഴിമതി വിരുദ്ധ മതില്‍ തീര്‍ത്തുമാണ് സഭാ ബഹിഷ്‌കരണം പ്രതിപക്ഷം സ്‌കോര്‍ ചെയ്തത്. അടിയന്തര പ്രമേയ വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും പ്രതിപക്ഷം മികവുകാട്ടി.

publive-image

14 അടിയന്തര പ്രമേയം, മൂന്നു തവണ സഭാ ബഹിഷ്‌കരണം

17 ദിവസം സഭ സമ്മേളിച്ചപ്പോള്‍ 14 ദിവസവും പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. കൊടകര കുഴല്‍പ്പണ തട്ടിപ്പ്, കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്, കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്, മുട്ടില്‍ മരം മുറി, കുട്ടനാട് പ്രതിസന്ധി എന്നീ വിഷയങ്ങളില്‍ പതിവ് പോലെ മന്ത്രിമാരുടെ വിശദീകരണത്തിന് പിന്നാലെ പ്രമേയങ്ങള്‍ക്ക് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. എന്നാല്‍ പതിവ് ഇറങ്ങിപ്പോക്ക് ഉപേക്ഷിച്ച് പ്രതിപക്ഷം സഭയില്‍ തുടര്‍ന്നത് വ്യത്യസ്തമായ കാഴ്ചയായി.

publive-image

പ്രതിഷേധം ടോപ്പ്ഗിയറിലായ ദിനങ്ങള്‍

നിയമസഭ കയ്യാങ്കളി കേസില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിചാരണ നേരിടണമെന്ന് സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ പ്രതിപക്ഷത്തിന്റെ സ്വരം മാറി. ഒരുദിവസത്തെ സഭയിലെ എല്ലാ പരിപാടികളും ബഹിഷ്‌കരിച്ചു. പിന്നെ മുഖ്യമന്ത്രിക്കെതിരെ ഡോളര്‍ കടത്ത് കേസില്‍ പ്രതികളുടെ മൊഴിവന്നതിന് പിന്നാലെ പ്രതിപക്ഷം കത്തിക്കയറി.

അടിയന്തര പ്രമേയ നോട്ടീസിന് പോലും അനുമതി കിട്ടാതായതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ഇന്നു ചോദ്യോത്തരവേളയില്‍ തന്നെ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറ്റിപ്പോയി. ചില പുതിയ സമരമുറകളും ഇതോടൊപ്പം കേരളം കണ്ടു.

publive-image

പ്രതീകാത്മക സഭയും മതിലു നിര്‍മ്മാണവും

സഭയുടെ അവസാന ദിവസങ്ങളില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ പ്രതിപക്ഷം കടന്നാക്രമിച്ചു. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അടിയന്തരപ്രമേയ നോട്ടീസ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു പുറത്തേക്കിറങ്ങി.

സഭയുടെ പ്രധാന കവാടത്തില്‍ പ്രതീകാത്മക നിയമസഭാ സമ്മേളനം സംഘടിപ്പിച്ചു അടിയന്തര പ്രമേയം അവതരിപ്പിച്ചു. എം ഷംസുദ്ദീന്‍ പ്രതീകാത്മക സ്പീക്കറും പി കെ ബഷീര്‍ മുഖ്യമന്ത്രിയുമായി. നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് സഭയ്ക്ക് പുറത്ത് പ്രതിപക്ഷം സമാന്തര സഭ സംഘടിപ്പിക്കുന്നത്. ഇന്നു അഴിമതി വിരുദ്ധ മതിലും തീര്‍ത്ത് സര്‍ഗ്ഗാത്മകമായ പ്രതിപക്ഷമായി.

publive-image

കുഞ്ഞാപ്പയെ വിഴുങ്ങിയ കൊച്ചാപ്പ

സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി മുന്നേറിയ പ്രതിപക്ഷത്തിനെ വലച്ച ഒന്നാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ കെ ടി ജലീല്‍ പോരിനു ഇറങ്ങിയത്. ചന്ദ്രികയും ലീഗ് സ്ഥാപനങ്ങളും മറയാക്കി കുഞ്ഞാലിക്കുട്ടിയും മകനും കള്ളപ്പണം വെളുപ്പിക്കുന്നു ആരോപണമാണ് ജലീല്‍ ഉന്നയിച്ചത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തെന്ന് ചൂണ്ടിക്കാട്ടുന്ന തെളിവുകളും ജലീല്‍ പുറത്തുവിട്ടു.

ഇതോടെ കുഞ്ഞാലിക്കുട്ടിയും മുസ്ലിം ലീഗും ഞെട്ടി. ഓരോദിവസവും ജലീല്‍ വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ കുഞ്ഞാലിക്കുട്ടി പ്രതിരോധത്തിലായി. നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി പാണക്കാടിനുള്ള വണ്ടിപിടിക്കേണ്ട സ്ഥിതിയും കുഞ്ഞാലിക്കുട്ടിക്ക് വന്നു.

publive-image

വാക്‌പോരില്‍ വിജയിച്ച പ്രതിപക്ഷനേതാവ്

കോവിഡിന്റെ പേരിലും കുട്ടനാടിന്റെ പേരുമൊക്കെ പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കത്തിക്കയറിയപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണപക്ഷത്തെ ചില എംഎല്‍എമാരും കണക്കിന് കേട്ടു. പ്രതിപക്ഷത്തെ അപമാനിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയുടെ മുഖത്തുനോക്കി പ്രതിപക്ഷ നേതാവ് പ്രതികരിച്ചപ്പോള്‍ പ്രതിപക്ഷം കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു.

കോവിഡിലെ മരണക്കണക്കിലും ലോക്ഡൗണ്‍ ഇളവു സംബന്ധിച്ച ചട്ടം 300 പ്രസ്താവനയുടെ പേരിലും പ്രതിപക്ഷ നേതാവ് ആരോഗ്യമന്ത്രിയെ കടന്നാക്രമിച്ചു. കുട്ടനാട് വിഷയത്തില്‍ കുട്ടനാട് സ്വര്‍ഗമാണെന്നു പറഞ്ഞ സ്ഥലം എംഎല്‍എയെ പ്രതിപക്ഷ നേതാവ് പരിഹസിച്ചത് സാമൂഹിക മാധ്യമങ്ങളില്‍ ഇന്നും വൈറലാണ്.

ധനാഭ്യര്‍ത്ഥന ചര്‍ച്ചകളില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ സജീവമായി പങ്കെടുത്തു. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചതും ഈ സഭാസമ്മേളനത്തിലായിരുന്നു. ഒടുവില്‍ ഓണപ്പൂക്കളമിട്ടും ആശംസകള്‍ നേര്‍ന്നും അംഗങ്ങള്‍ ആചാരംചൊല്ലി പിരിഞ്ഞു.

niyamasabha
Advertisment