Advertisment

ഗ്രൂപ്പിനതീതമായി ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക തയ്യാറാക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രൂപ്പുകളുടെ 'ചാരനും' ? 78 കാരനായ ഇഷ്ടക്കാരനെ ഡിസിസി പ്രസിഡന്റാക്കണമെന്ന ഹൈക്കമാന്‍ഡില്‍ സ്വാധീനമുള്ള നേതാവിന്‍റെ നിര്‍ബന്ധം ഗ്രൂപ്പുകളുടെ തന്ത്രമെന്ന് സംശയം ? ഉദ്ദേശ്യം ഗ്രൂപ്പിനതീതമായി തയ്യാറാക്കുന്ന പട്ടികയില്‍ നേരെ ചൊവ്വേ എഴുന്നേറ്റ് നടക്കാനാവാത്ത വയോധികനെ ഉള്‍പ്പെടുത്തി ലിസ്റ്റ് കുളമാക്കല്‍ ! ഉന്നത നേതാക്കള്‍ എതിര്‍ത്തപ്പോള്‍ ഡല്‍ഹി യോഗത്തില്‍ 'നിഘണ്ടു'വിലില്ലാത്ത പ്രയോഗങ്ങള്‍ നടത്തി നേതാവിന്‍റെ സമ്മര്‍ദ്ദ നീക്കം !

New Update

publive-image

Advertisment

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിക്കാന്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന കെപിസിസി ഭാരവാഹികളുടെ അന്തിമഘട്ട യോഗത്തില്‍ പരിധിവിട്ട പ്രതികരണവുമായി ഒരു 'മുതിര്‍ന്ന' നേതാവ്.

തനിക്ക് താല്‍പര്യമുള്ള ആളെ തെക്കന്‍ കേരളത്തിലെ ഒരു ജില്ലയില്‍ പ്രസിഡന്റാക്കണമെന്ന് വാശിപിടിച്ചായിരുന്നു നേതാവിന്റെ ഉറഞ്ഞു തുള്ളല്‍. ഒരുഘട്ടത്തില്‍ വാശി തെറിവിളിയിലേക്ക് കടക്കുകയായിരുന്നു.

ഹൈക്കമാന്‍ഡില്‍ സ്വാധീനമുള്ള കെപിസിസി ഭാരവാഹിയാണ് ഈ നേതാവ്. തന്റെ കഴിവും പ്രാപ്തിയും അനുഭവപരിജ്ഞാനവും പരിഗണിച്ച് കെപിസിസി അധ്യക്ഷ പദവിക്ക് വരെ താന്‍ അര്‍ഹനാണെന്നും എല്ലാവരും ചേര്‍ന്ന് തന്നെ ഒതുക്കുകയാണെന്നും നേതാവ് പറഞ്ഞു.

എന്നാല്‍ ഇക്കുറി താന്‍ പിന്നോട്ടില്ല. താന്‍ പറയുന്ന ആളെ തെക്കന്‍ ജില്ലയിലെ ചുമതലയില്‍ വയ്ക്കണമെന്ന് നിര്‍ബന്ധ ബുദ്ധിയോടെ നേതാവ് പറഞ്ഞു. പരിഗണിക്കാമെന്നു പറഞ്ഞിട്ടും മറ്റു പേരുകള്‍ പാടില്ലെന്ന് ഇയാള്‍ നിലപാടെടുത്തു. എന്നാല്‍ അതിന് സഹഭാരവാഹികള്‍ തയ്യാറായില്ല.

ഇതോടെയാണ് നേതാവ് പിടിവിട്ട് തെറിവിളി തുടങ്ങിയത്. ഇതോടെ ഇയാളെ അനുനയിപ്പിക്കാന്‍ പട്ടികയില്‍ ഇദ്ദേഹത്തിന്റെ നോമിനിയെ ഒന്നാം പേരുകാരനായി ഉള്‍പ്പെടുത്തി. കേരളത്തിലെ ഗ്രൂപ്പ് നേതാക്കളുടെ നോമിനിയായാണ് നേതാവ് പുതിയ പട്ടികയില്‍ കൈ കടത്തുന്നതെന്ന സംശയം ഉന്നത നേതൃത്വത്തിനുണ്ട്.

ഗ്രൂപ്പ് പരിഗണനയില്ലാതെ തയ്യാറാക്കുന്ന ലിസ്റ്റില്‍ 78 കാരനായ ഡി സി സി പ്രസിഡണ്ടിനെ ഉള്‍പ്പെടുത്തി ലിസ്റ്റിന്‍റെ ഗ്ലാമര്‍ നശിപ്പിക്കുന്നതിനുള്ള പ്രമുഖ ഗ്രൂപ്പ് നേതാവിന്‍റെ തന്ത്രമാണ് ഡല്‍ഹിയില്‍ ബഹളം വച്ച നേതാവിലൂടെ അവതരിപ്പിക്കുന്നത് എന്നാണ് സംശയം.

എന്തായാലും കെപിസിസി കൈമാറിയ പട്ടികയില്‍ ഏറ്റവും പ്രായമുള്ള നേതാവാണ് നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായ ഈ 78 കാരന്‍. ലിസ്റ്റിനൊപ്പം ഹൈക്കമാണ്ട് ചില ഭാരവാഹികള്‍ക്ക് പ്രായാധിക്യം പരിഗണിച്ച് വീല്‍ ചെയര്‍ കൂടി ഏര്‍പ്പാട് ആക്കേണ്ടിവരുമോ എന്ന സംശയം ഇതിനോടകം പാര്‍ട്ടി കേന്ദ്രങ്ങള്‍ ഉയര്‍ത്തി കഴിഞ്ഞു.

ഇത്രയും പ്രായമുള്ളയാളെ വലിയൊരു ജില്ലയുടെ ചുമതലയേല്‍പ്പിച്ചാല്‍ എങ്ങനെ ഓടിനടന്ന് പാര്‍ട്ടി കാര്യങ്ങള്‍ ചെയ്യുമെന്ന ചോദ്യത്തിന് എല്ലാം താന്‍ ചെയ്യുമെന്നായിരുന്നു നേതാവിന്റെ മറുപടി. താന്‍ മുന്‍പ് സമാനമായ ഒരു ചുമതല താല്‍ക്കാലികമായി ഏറ്റെടുത്തപ്പോള്‍ തന്റെ വലംകൈയ്യായി എല്ലാം ചെയ്തത് ഈ പ്രായമുള്ള നേതാവായിരുന്നുവെന്നും നേതാവ് യോഗത്തില്‍ പറഞ്ഞു.

അതേസമയം പാര്‍ലമെന്ററി രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഈ നേതാവിന്റെ യോഗത്തിലെ പെരുമാറ്റം നേതാക്കളെയൊന്നടങ്കം അത്ഭുതപ്പെടുത്തി. അങ്ങേയറ്റം മാന്യതയില്ലാതെയാണ് ജനപ്രതിനിധി കൂടിയായ നേതാവ് പെരുമാറിയതെന്നാണ് മറ്റുള്ളവര്‍ പറയുന്നത്.

NEWS
Advertisment