Advertisment

സിറോ മലബാര്‍ സഭയ്ക്ക് പണികൊടുത്തത് കര്‍ദിനാള്‍ ക്ലിമ്മീസ് വിളിച്ച സമാധാനയോഗമോ ? പാലാ രൂപതാധ്യക്ഷനെതിരായ മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം കത്തോലിക്കാ സഭയില്‍ പോലും ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് പൂര്‍ണമായും പിന്തുണയില്ലെന്ന് തെളിഞ്ഞതിന് പിന്നാലെ ! സിറോ മലബാര്‍ സഭയിലെ സമീപകാല വിവാദങ്ങളും ബിഷപ്പിന് തിരിച്ചടിയായി. നര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ സിറോമലബാര്‍ സഭയുടെ സമ്മര്‍ദം ഗൗനിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം ! ഫാ. റോയി കണ്ണഞ്ചിറയുടെ പരാമര്‍ശത്തോടെ പാലാ ബിഷപ്പിന്റെ കൂടെ നിന്ന ഒരുവിഭാഗം ഹൈന്ദവരും വിട്ടുപോയി. നര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ ഇനിയെന്ത് ? ക്രൈസ്തവ സഭകളെ ഭിന്നിപ്പിച്ചു പല തട്ടുകളിലാക്കുകയെന്ന ഇടത് അജണ്ടയും ഫലപ്രാപ്തിയിലേയ്ക്ക് ?

New Update

publive-image

Advertisment

തിരുവനന്തപുരം: നര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രംഗത്തുവന്നതോടെ സിറോമലബാര്‍ സഭ പ്രതിരോധത്തില്‍. ബിഷപ്പിനെതിരെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ വിമര്‍ശനം മുസ്ലീം വിഭാഗത്തിന് പുതിയ ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്.

'ബിഷപ്പിന്റെ പ്രസ്താവന സമൂഹം ഏറ്റെടുത്തിട്ടില്ല. എല്ലാവരും അതിന്റെ കൂടെനിന്നിട്ടില്ല. കൂടെനിന്ന ചിലരുണ്ടാകും. എന്നാല്‍, ചിലര്‍ അതേക്കുറിച്ച് വീറോടെ വാദിക്കുന്ന് കേട്ടു. ഇത് കേരളമാണ്. മതനിരപേക്ഷതയുടെ വിളനിലമാണിത്. ഇതിനെ അങ്ങ് മാറ്റിക്കളയാം, തകര്‍ത്തുകളയാമെന്ന് തെറ്റിദ്ധരിക്കരുതെന്നും' പിണറായി മുന്നറിയിപ്പ് നല്‍കി.

ഭിന്നിപ്പിനുള്ള ശ്രമങ്ങള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും കര്‍ശന നടപടിയുണ്ടാവും. മതനിരപേക്ഷമായ നാടാണ് നമ്മുടേത്. നര്‍ക്കോട്ടിക് വ്യാപനത്തിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നുണ്ട്. എന്നാല്‍, നര്‍ക്കോട്ടിക് ജിഹാദ് എന്ന പ്രസ്താവന നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം വിഷയത്തില്‍ സിറോ മലബാര്‍ സഭ ഒറ്റപ്പെട്ടെന്ന ഉറപ്പില്‍ തന്നെയാണന്നു വ്യക്തം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മലങ്കര ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാബാവാ വിളിച്ചു ചേര്‍ത്ത സമാധാനയോഗത്തിന്റെ അടിസ്ഥാനത്തിലാണെന്നു തന്നെയാണ് സൂചന.

യോഗത്തില്‍ സിറോ മലബാര്‍ സഭയില്‍ നിന്നൊഴികെ എല്ലാ ക്രൈസ്തവ സഭകളും പങ്കെടുത്തിരുന്നു. ഈ യോഗത്തില്‍ പങ്കെടുത്തവരെല്ലാം പാലാ ബിഷപ്പിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞു. കത്തോലിക്കാ സഭയുടെ ആകെമാന അഭിപ്രായമല്ല ഇതെന്നു കര്‍ദിനാള്‍ ക്ലിമ്മീസ് തന്നെ പറഞ്ഞതോടെ വിഷയത്തില്‍ കത്തോലിക്കാ സഭയില്‍ തന്നെ ഭിന്നതയുണ്ടെന്നു വ്യക്തമായി. ആരാധാനാക്രമ വിവാദത്തില്‍ രണ്ടു തട്ടിലായ സിറോ മലബാര്‍ സഭയിലും ബിഷപ്പിന്റെ പരാമര്‍ശത്തില്‍ ഏകാഭിപ്രായമില്ലെന്നും എല്ലാവര്‍ക്കും ബോധ്യപ്പെട്ടു.

ഈ സാഹചര്യങ്ങളൊക്കെയാണ് ബിഷപ്പിനെതിരായ വിമര്‍ശനത്തിന് മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്നു വ്യക്തം. സിറോ മലബാര്‍ സഭയുടെ വിലപേശലും സമ്മര്‍ദ്ദവുമൊന്നും ഇനി കൂടില്ലെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. നേരത്തെ താമരശേരി രൂപത പുറത്തിറക്കിയ വിശ്വാസപരിശീലന പുസ്തകം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പിന്‍വലിച്ചിരുന്നു.

ഈ സാഹചര്യം തന്നെ പാലാ ബിഷപ്പിനുണ്ടാകുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. അതിനിടെ പാലാ ബിഷപ്പിനൊപ്പം നിന്ന ഹൈന്ദവ വിഭാഗവും ഏതാണ്ട് പിന്തുണ അവസാനിപ്പിച്ച മട്ടാണ്. കഴിഞ്ഞ ദിവസം ഫാ. റോയി കണ്ണഞ്ചിറ നടത്തിയ ഈഴവ വിരുദ്ധ പരാമര്‍ശമാണ് ഇതിനു വഴി തെളിച്ചത്.

വിവാദത്തിന്റെ ആദ്യ ദിവസങ്ങളില്‍ പാലാ രൂപതാ ആസ്ഥാനത്തേക്ക് പല രാഷ്ട്രീയ നേതാക്കളും ഒഴുകിയെത്തിയപ്പോള്‍ വലിയ ആത്മവിശ്വാസത്തിലായിരുന്നു ബിഷപ്പ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങളില്‍ അദ്ദേഹത്തിന് പഴയ ആത്മവിശ്വാസം ഇല്ലെന്നു തന്നെയാണ് സൂചന.

NEWS
Advertisment