Advertisment

നേവിസിന്റെ ഹൃദയം ഇനിയും തുടിക്കും; എട്ട് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയ വിജയകരം

New Update

publive-image

Advertisment

കോഴിക്കോട്: മസ്തിഷ്‌ക മരണം സംഭവിച്ച നേവിസിന്റെ ഹൃദയം ശസ്ത്രക്രിയയിലൂടെ കണ്ണൂർ സ്വദേശിക്ക് മാറ്റിവെച്ചു. ഇന്നലെ രാത്രി ഏഴരയോടെ തുടങ്ങിയ ശസ്ത്രക്രിയ പുലർച്ചെ മൂന്നരയ്‌ക്കാണ് പൂർത്തിയായത്. കോഴിക്കോട് മെട്രോ ആശുപത്രിയിലാണ് എട്ട് മണിക്കൂറോളം നീണ്ട സർജറി നടന്നത്. ശസ്ത്രക്രിയ വിജയമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം വടവത്തൂർ സ്വദേശി നേവിസിന്റെ ഹൃദയവുമായി എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്നും വൈകിട്ട് നാല് പത്തിനാണ് ആംബുലൻസ് കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. നേവിസിന്റെ ഹൃദയം, കരൾ, കൈകൾ, രണ്ട് വൃക്കകൾ, കണ്ണുകൾ എന്നിവയാണ് ദാനം ചെയ്തത്.

കേരള സർക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എൻ.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. ഫ്രാൻസിൽ അക്കൗണ്ടിംഗിൽ മാസ്റ്ററിന് പഠിക്കുകയായിരുന്നു നേവിസ്. കൊറോണയുടെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് ക്ലാസ് നടക്കുന്നത്. കഴിഞ്ഞ 16 നാണ് സംഭവം നടന്നത്. രാത്രിയുള്ള പഠനത്തിന് ശേഷം നേവിസ് ഉണരാൻ വൈകിയിരുന്നു.

സഹോദരി വിസ്മയ വിളിച്ചുണർത്താൻ ചെന്നപ്പോഴാണ് നേവിസിനെ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നത് മൂലമുള്ള പ്രശ്‌നമായിരുന്നു അത്. ആരോഗ്യ നിലയിൽ വലിയ മാറ്റം വരാത്തതിനാൽ 20-ാം തീയതി എറണാകുളം രാജഗിരി ആശുപത്രിയിൽ എത്തിച്ചു.

ഇന്നലെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ നേവിസിന്റെ അച്ഛനും അമ്മയും സ്വമേധയാ അവയവദാനത്തിന് മുന്നോട്ട് വരികയായിരുന്നു.

Advertisment