Advertisment

സാമ്പത്തിക പ്രതിസന്ധി ഇല്ലെങ്കിലും എല്ലാ മാസവും വെയ്സ് ആൻഡ് മീൻസ് അഡ്ജസ്റ്റ്മെന്റുകൾ പ്രയാസമായിത്തീരുന്നു. ഇതിനെ മറികടക്കാൻ സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങളുടെ ഫണ്ട് പരമാവധി ട്രഷറിയിൽ സൂക്ഷിക്കുന്നതു സഹായിക്കും. സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും ഇതു ഗുണകരം. കാരണം ബാങ്കിനേക്കാൾ ഉയർന്ന പലിശ അവർക്കു കിട്ടും-തോമസ് ഐസക്‌

New Update

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറി അക്കൗണ്ടിൽ സൂക്ഷിക്കണമെന്ന ഉത്തരവിട്ട ധനവകുപ്പിനെ പിന്തുണച്ച് തോമസ് ഐസക്ക്. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള തനത് ഫണ്ട് ട്രഷറിയിൽ സൂക്ഷിക്കുന്നതാണ് ഗുണകരമെന്ന് അദ്ദേഹം പ്രതികരിച്ചു. അധികാര വികേന്ദ്രീകരണത്തെ അട്ടിമറിക്കുന്നുവെന്ന ആക്ഷേപങ്ങളെ തളളിയ ഐസക്ക്, ട്രഷറിയിൽ നിക്ഷേപിച്ചാൽ കൂടുതൽ പലിശ ലഭിക്കുമെന്നും വിശദീകരിച്ചു.

Advertisment

publive-image

ഫേസ്ബുക്ക് പോസ്റ്റ്...

പറയാതെ വയ്യ. പറഞ്ഞത് കിലയുടെ മുൻ ഡയറക്ടർ പി.പി. ബാലൻ ആണല്ലോ. “അധികാരവികേന്ദ്രീകരണം അട്ടിമറിക്കുന്നതാണു ധനവകുപ്പിന്റെ സർക്കുലർ. മറ്റു സംസ്ഥാനങ്ങളിലൊന്നും സ്വന്തം വരുമാനം ചെലവാക്കാൻ തടസ്സമില്ല. ട്രഷറിയിൽ നിയന്ത്രണമുണ്ടാകില്ലായെന്നു പറയുന്നുവെങ്കിലും ദൈനംദിന പ്രവർത്തനത്തിനു തടസ്സം വരും. ”

വിഷയം അടുത്ത ധനകാര്യ വർഷം മുതൽ തദ്ദേശഭരണ സ്ഥാപനങ്ങൾ ട്രഷറിയിൽ സൂക്ഷിക്കണമെന്ന ധനവകുപ്പിന്റെ നിർദ്ദേശമാണ്. നിശ്ചയമായും ഏതു വിഷയവും ചർച്ച ചെയ്യാം. പക്ഷെ, എന്ത് അടിസ്ഥാനത്തിലാണ് ഈ സർക്കാർ അധികാരവികേന്ദ്രീകരണത്തെ അട്ടിമറിക്കുന്നതായി ആക്ഷേപിക്കുന്നത്? പൊതുപ്പണം മേശയിലോ കൈയിലോ സൂക്ഷിക്കാൻ പറ്റില്ലല്ലോ. ഏതെങ്കിലും ധനകാര്യ സ്ഥാപനത്തിൽ സൂക്ഷിക്കണം. ബാങ്കിലാവാം. അല്ലെങ്കിൽ ട്രഷറിയിലാവാം. ട്രഷറിയിലാണെങ്കിൽ ബാങ്കിനേക്കാൾ 1-2 ശതമാനം വരെ പലിശ കൂടുതൽ കിട്ടും. കൂടുതൽ പലിശ കിട്ടുന്ന ട്രഷറിയേക്കാൾ എങ്ങനെയാണ് ബാങ്ക് അഭികാമ്യമാകുന്നത്?

മറ്റു സംസ്ഥാനങ്ങളിലെ കാര്യം അധികം പറയാതിരിക്കുന്നതാണു നന്ന്. മറ്റു സംസ്ഥാനങ്ങളിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വരുമാനമാണോ കേരളത്തിൽ? ട്രഷറിയിൽ ഡെപ്പോസിറ്റ് ചെയ്താൽ “സ്വന്തം വരുമാനം ചെലവഴിക്കാനുള്ള തടസ്സം” എങ്ങനെയുണ്ടാകും? പ്ലാൻ ഫണ്ട് ചെലവാക്കണമെങ്കിൽ പദ്ധതിയിൽ പ്രോജക്ട് ഉണ്ടായിരിക്കണം. ചെലവാക്കി ബില്ല് സമർപ്പിക്കണം.

തുടങ്ങിയ കടമ്പകളുണ്ട്. ഇതൊന്നും തനതുഫണ്ടിന് ഇനിയും ബാധകമായിരിക്കില്ല. കാരണം ഈ തുക ട്രഷറി സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് ആണ്. എപ്പോൾ വേണമെങ്കിലും പിൻവലിക്കുന്നതിന് ഒരു നിയന്ത്രണവും കഴിഞ്ഞ 20 വർഷക്കാലത്തിനിടയിൽ ഉണ്ടായിട്ടില്ല. ഇനിയും ഉണ്ടാവില്ല.

പിൻവലിക്കാനും ഡെപ്പോസിറ്റ് ചെയ്യാനുമുള്ള നടപടിക്രമങ്ങൾ ബാങ്കിൽ എളുപ്പമാണ് എന്നായിരിക്കും ഒരുപക്ഷെ വിവക്ഷിക്കുന്നത്. പണ്ടായിരുന്നെങ്കിൽ ഇതു ശരിയാണ്. എന്നാൽ ഇന്ന് അങ്ങനെയല്ല. ട്രഷറി കോർബാങ്കിംഗ് കമ്പ്യൂട്ടറൈസേഷൻ പൂർണ്ണമാണ്. ഓൺലൈനായി പണം ഡെപ്പോസിറ്റ് ചെയ്യുകയും പിൻവലിക്കുകയും ചെയ്യാം. ക്യാഷായി പിൻവലിക്കുന്നതിന് ആൾ ട്രഷറിയിൽ ചെല്ലണമെന്നതു ശരിയാണ്. പക്ഷെ, ബാങ്കിലും ഇതുതന്നെ വേണം. തൊട്ടടുത്ത ബാങ്കിൽ പോകുന്നതാണ് എളുപ്പം എന്നാണു വാദമെങ്കിൽ അത് ധനവകുപ്പുമായി ചർച്ച ചെയ്യുക. ഇങ്ങനെയുള്ള ഡെപ്പോസിറ്റുകളിൽ ഒരു നിശ്ചിതഭാഗം ക്യാഷി പിൻവലിക്കാനുള്ള എളുപ്പത്തിന് തൊട്ടടുത്ത ബാങ്കിൽ സൂക്ഷിക്കുന്നതിന് അനുമതി ചോദിക്കുന്നതിന് അസോസിയേഷനുകൾ മുൻകൈയെടുക്കണം. ഇതൊരു പ്രായോഗിക പ്രശ്നം മാത്രമാണ്.

കേന്ദ്രധനകാര്യകമ്മീഷന്റെ തീർപ്പു പ്രകാരം തദ്ദേശഭരണ സ്ഥാപനങ്ങൾക്കു ലഭിക്കുന്ന ഫണ്ട് ബാങ്കിൽ സൂക്ഷിക്കണമെന്ന് കേന്ദ്രസർക്കാർ നിബന്ധന ഉണ്ടെന്ന് ചിലർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതെ, ഈ ദുഷ്പ്രവണത തിരുത്തേണ്ടതാണ്. കേന്ദ്ര ധനകാര്യകമ്മീഷൻ നൽകുന്ന തുകയുടെ 3-4 മടങ്ങ് ഗ്രാന്റായി കഴിഞ്ഞ കാൽനൂറ്റാണ്ടിൽ നൽകിക്കൊണ്ടിരിക്കുന്ന കേരള സർക്കാരിനെ വിശ്വസിക്കാൻ പറ്റില്ലെന്നാണു കേന്ദ്രവും ധനകാര്യകമ്മീഷനും പറയുന്നത്. നമ്മുടെ ഫെഡറൽ സംവിധാനം ദൗർഭാഗ്യവശാൽ എത്തിച്ചേർന്നിരിക്കുന്ന ദുരവസ്ഥയാണ് ഇത്. ഇത്തരം പ്രവണതകൾക്ക് എതിരായിട്ട് 64, 65-ാം ഭരണഘടനാ ഭേദഗതിയുടെ കാലം മുതൽ പോരാടിയ പാരമ്പര്യമാണ് ഇടതുപക്ഷത്തിനുള്ളത്.

എന്തുകൊണ്ട് ഇങ്ങനെയൊരു പുതിയ സർക്കുലർ? സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പണം പരിമാവധി ട്രഷറിയിൽ തന്നെ സൂക്ഷിക്കണമെന്നതാണു കേരള സർക്കാർ സ്വീകരിച്ചുവന്ന നയം. ട്രഷറി നവീകരണത്തിന്റെ ലക്ഷ്യം ഇങ്ങനെ ചെയ്യുന്ന ഇടപാടുകാർക്കു ബാങ്കിലപോലെ സൗകര്യങ്ങൾ ഉണ്ടാക്കിക്കൊടുക്കലാണ്. എന്തിന് സംസ്ഥാന ജീവനക്കാരുടെ ശമ്പളംപോലും ട്രഷറിയിലെ അവരുടെ അക്കൗണ്ടിലേയ്ക്ക് ആദ്യം ഡെപ്പോസിറ്റ് ചെയ്യുന്നതിനുള്ള തീരുമാനം കഴിഞ്ഞ വർഷം എടുത്തതാണ്. അവർ എപ്പോൾ വേണമെങ്കിലും അതു പിൻവലിക്കാം. ഇത്തരമൊരു സമീപനം സർക്കാരിന്റെ വെയ്സ് ആൻഡ് മീൻസ് അഡ്ജസ്റ്റ്മെന്റുകൾ സുഗമമാക്കും.

അടുത്തകാലം വരെ കേന്ദ്രസർക്കാരിൽ നിന്നും കിട്ടേണ്ട പണമെല്ലാം മാസം ആദ്യമാണ് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത് മാസമധ്യത്തിലേയ്ക്കു മാറ്റി. അതുകൊണ്ടു ശമ്പളം കൊടുക്കണമെന്നുണ്ടെങ്കിൽ മാസം അവസാനിക്കുംമുമ്പ് ട്രഷറിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. മാസം പകുതിയാകുമ്പോഴാണ് കാര്യങ്ങൾ സാധാരണഗതിയിലാകുന്നത്. സാമ്പത്തിക പ്രതിസന്ധി ഇല്ലെങ്കിലും എല്ലാ മാസവും ഇത്തരം വെയ്സ് ആൻഡ് മീൻസ് അഡ്ജസ്റ്റ്മെന്റുകൾ പ്രയാസമായിത്തീരുന്നു. ഇതിനെ മറികടക്കാൻ സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങളുടെ ഫണ്ട് പരമാവധി ട്രഷറിയിൽ സൂക്ഷിക്കുന്നതു സഹായിക്കും. സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും ഇതു ഗുണകരം. കാരണം ബാങ്കിനേക്കാൾ ഉയർന്ന പലിശ അവർക്കു കിട്ടും.

thomas isaac
Advertisment