Advertisment

മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തിന്റ പേരില്‍ 24 ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിക്ക് സസ്‌പെന്‍ഷന്‍ ! സഹിന്‍ ആന്റണിയെ സസ്‌പെന്‍ഡ് ചെയ്തത് അന്വേഷണ വിധേയമായി. ചെമ്പോല തിട്ടൂരത്തിലെ വ്യാജ വാര്‍ത്തയും സഹിനെ കൈവിടാന്‍ മാനേജ്മന്റിനെ പ്രേരിപ്പിച്ചു. ശങ്കു ടി ദാസിന്റെ നേതൃത്വത്തില്‍ ചാനലിനെതിരെ ഇതുവരെ കൊടുത്തത് 20000ത്തിലേറെ പരാതി ! മോന്‍സണെ കൊച്ചിയിലെ മുതിര്‍ന്ന പോലീസുകാര്‍ക്ക് പരിചയപ്പെടുത്തിയതും സഹിന്‍ ആന്റണി. ചാനലിന്റെ തിടുക്കത്തിലുള്ള അച്ചടക്ക നടപടി സഹിനെ പോലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്ന സാഹചര്യത്തില്‍

New Update

publive-image

Advertisment

കൊച്ചി : പുരാവസ്തു തട്ടിപ്പു കേസില്‍ പിടിയിലായ മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തില്‍ ആരോപണ വിധേയനായ മാധ്യമ പ്രവര്‍ത്തകന്‍ സഹിന്‍ ആന്റണിക്കെതിരെ അച്ചടക്ക നടപടി. 24 ന്യൂസ് സഹിന്‍ ആന്റണിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണത്തിനു ശേഷം തുടര്‍ നടപടിയെടുക്കുമെന്നാണ് ചാനല്‍ മാനേജ്മന്റിന്റെ നിലപാട്.

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലുമായുള്ള സഹിന്‍ ആന്റണിയുടെ അടുപ്പം ഏറെ വിവാദമായിരുന്നു. മോന്‍സന്‍ മാവുങ്കലിന്റെ സ്വകാര്യ മ്യൂസിയത്തിലേക്കു കൊച്ചിയിലെ ഐപിഎസുകാരടങ്ങുന്ന പോലീസ് ഉദ്യോഗസ്ഥരെയുമൊക്കെ ക്ഷണിച്ചു കൊണ്ടു പോയത് സഹിന്‍ ആന്റണിയാണെന്നു മോന്‍സന്റെ ഡ്രൈവറടക്കം വ്യക്തമാക്കിയിരുന്നു.

സഹിന്‍ ആന്റണിയെ പ്രവാസി മലയാളി ഫെഡറേഷന്റെ മീഡിയ കോ ഓര്‍ഡിനേറ്ററാക്കിയത് മോന്‍സന്റെ ശുപാര്‍ശയിലാണെന്നു ഭാരവാഹികളും പറഞ്ഞിരുന്നു. അതിനിടെ മോന്‍സണ്‍ വിഷയത്തില്‍ സഹിന്‍ ആന്റണിയെ അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യുമെന്ന സൂചനകളും പുറത്തുവന്നിരുന്നു. ഇതോടെയാണ് തിടുക്കപ്പെട്ട് സഹിനെ സസ്‌പെന്‍ഡ് ചെയ്തത്.

നേരത്തെ ചെമ്പോല തിട്ടൂരം വ്യാജമായി നിര്‍മ്മിച്ചെന്നു കാട്ടി ശങ്കു ടി ദാസിന്റെ നേതൃത്വത്തില്‍ 24 ന്യൂസ് ചാനലിനെതിരെയും സഹിന്‍ ആന്റണിക്കെതിരെയും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തില്‍ പരാതി നല്‍കിയിരുന്നു. 20000ത്തിലേറെ പരാതികളാണ് ഇതുവരെ മന്ത്രാലയത്തിന് ലഭിച്ചത്.

മോന്‍സന്‍ ബന്ധം വെളിപ്പെട്ടപ്പോള്‍ സഹിന്‍ ആന്റണിയെ സംരക്ഷിക്കുന്ന നിലപാടാണ് ആദ്യം ചാനല്‍ സ്വീകരിച്ചത്. പിന്നീട് ചെമ്പോല വിവാദത്തില്‍ കുരുക്കു മുറുകിയതോടെയാണ് സസ്‌പെന്‍ഷനിലേക്ക കാര്യങ്ങള്‍ എത്തുന്നത്.

മുമ്പ് മുട്ടില്‍ മരംമുറി വിവാദത്തിലുള്‍പ്പെട്ട ദീപക് ധര്‍മ്മടത്തെ സസ്പെന്‍ഡു ചെയ്തതിനു തൊട്ടു പിന്നാലെയാണ് മോന്‍സന്റെ വ്യാജ ചെമ്പോലയുടെ പേരില്‍ സഹിന്‍ ആന്റണിക്കെതിരെയും നടപടിയുണ്ടാകുന്നത്.

Advertisment