Advertisment

അവസാനം വന്ന കാലാവസ്ഥാ പ്രവചനം ആശ്വാസത്തിന് വക നൽകുന്നതെന്ന് മുഖ്യമന്ത്രി; കേരള തീരത്തോടടുക്കുന്നതനുസരിച്ചു ന്യൂനമർദ്ദത്തിൻ്റെ ശക്തി കുറയാൻ സാധ്യത; രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കും

New Update

publive-image

Advertisment

തിരുവനന്തപുരം: അവസാനം വന്ന കാലാവസ്ഥാ പ്രവചനം ആശ്വാസത്തിന് വക നൽകുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അറബിക്കടലിൽ ലക്ഷദീപിനു സമീപം രൂപം കൊണ്ട ന്യൂനമർദ്ദം നിലവിൽ എറണാകുളത്തിനും കോഴിക്കോടിനും ഇടയിലുള്ള കേരള തീരത്തിന് സമീപത്തായി നിലകൊള്ളുന്നു എന്നാണ് കാലാവസ്ഥ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

നിലവിലെ നിഗമനപ്രകാരം കേരള തീരത്തോടടുക്കുന്നതനുസരിച്ചു ന്യൂനമർദ്ദത്തിൻ്റെ ശക്തി കുറയാൻ സാധ്യതയുള്ളതായാണ് സൂചന. എന്നിരുന്നാലും കർശനമായ ജാഗ്രത എല്ലാവരും പുലർത്തണം. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് സുരക്ഷിതത്വം ഉറപ്പു വരുത്താൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ പലയിടങ്ങളിലും മഴ ശക്തമാവുകയും നാശം വിതക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിതീവ്ര മഴ തുടരുന്ന എല്ലാ മേഖലളിലും രക്ഷാപ്രവർത്തനം ശക്തമാക്കും. സർക്കാരിൻ്റെ എല്ലാ സംവിധാനങ്ങളും ഇതിനായി രംഗത്തിറങ്ങും. ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ പെട്ടെന്നു തന്നെ മാറ്റിപ്പാർപ്പിക്കും. കോട്ടയം ജില്ലയടക്കം മഴക്കെടുതി രൂക്ഷമായ മേഖലകളിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കും.

ആളുകളെ സുരക്ഷിതരായി മാറ്റിപ്പാർപ്പിക്കാൻ ആവശ്യമായ ദുരിതാശ്വാസ ക്യാമ്പുകൾ എല്ലായിടത്തും സജ്ജമാവുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്യാമ്പുകൾ സജ്ജമാക്കാൻ അവശ്യമായ നിർദ്ദേശങ്ങൾ നൽകി. ക്യാമ്പുകളിൽ ആവശ്യത്തിന് മരുന്നുകൾ സൂക്ഷിക്കാനും വാക്സിൻ എടുക്കാത്തവരുടെയും അനുബന്ധരോഗികളുടെയും കാര്യത്തിൽ പ്രത്യേകം ജാഗ്രത കാണിക്കാനും അധികൃതർ ശ്രദ്ധിക്കണം.

തീരദേശ മേഖലയിൽ ഇടക്കിടെ മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കും. ദേശീയ ദുരന്ത പ്രതിരോധ സേന നിലവിൽ മികച്ച സഹായമാണ് നൽകുന്നത്. ആർമി, നേവി, എയർഫോഴ്സ് എന്നീ സേനാവിഭാഗങ്ങളുടെ സഹായം അവശ്യഘട്ടങ്ങളിൽ ഉറപ്പു വരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കും. രക്ഷാ പ്രവർത്തനത്തിന് ആവശ്യമായ വള്ളങ്ങൾ, ബോട്ടുകൾ എന്നിവ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ സജ്ജമാക്കും. ലഭ്യമായ വള്ളങ്ങളുടെയും ബോട്ടുകളുടെയും ലിസ്റ്റ് തയ്യാറാക്കി വയ്ക്കണമെന്ന നിർദ്ദേശം നൽകി.

എസ്. ഡി. ആർ. എഫ് ഫണ്ട് വിനിയോഗത്തിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകി. ഡാമുകളുടെ ജലനിരപ്പ് നിരീക്ഷണം ശക്തമാക്കാനും മാറിപ്പോകാനുള്ളവർക്ക് മുന്നറിയിപ്പ് നൽകാനും സാധിക്കണം. അക്കാര്യത്തി വീഴ്ചയുണ്ടാകാതെ നോക്കാൻ കർശനമായ നിർദ്ദേശം നൽകിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽകൂടി റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അവിടെ മുൻകരുതൽ ശക്തമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും.

നിലവിലെ സാഹചര്യം പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ തീരുമാനിച്ചിരുന്ന തീയതി ഒക്ടോബർ 18-ൽ നിന്നും ഒക്ടോബർ 20-ലേയ്ക്ക് നീട്ടി. പത്തൊമ്പതാം തീയതി വരെ മഴ തുടരും എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആ ദിവസം വരെ ശബരിമല തീർത്ഥാടനം ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

pinarayi vijayan
Advertisment