Advertisment

മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രീം കോടതിയിൽ; ജലനിരപ്പ് 137 അടിയായ സാഹചര്യത്തിൽ പെരിയാർ തീരത്തുള്ളവർക്ക് ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം

New Update

publive-image

Advertisment

ഡൽഹി: മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. രണ്ട് പൊതുതാത്പര്യ ഹർജികളാണ് കോടതിയ്‌ക്ക് മുമ്പിൽ ഉള്ളത്. ജസ്റ്റിസ് എ എം ഖാൻവീൽക്കർ അധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുന്നത്.

അണക്കെട്ടിന്റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്‌നാട് വീഴ്ചവരുത്തിയെന്നും, അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താൻ രൂപീകരിച്ച മേൽനോട്ട സമിതിയുടെ പ്രവർത്തനങ്ങൾ പരാജയമെന്നും ചൂണ്ടിക്കാട്ടിയാണ് രണ്ട് പൊതുതാത്പര്യ ഹർജികൾ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. തമിഴ്‌നാടുമായുള്ള പട്ടയക്കരാർ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 137 അടി കടന്നു. 138 അടിയിൽ എത്തിയാൽ രണ്ടാമത്തെ അറിയിപ്പ് നൽകും. ഇതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമെങ്കിൽ പെരിയാർ തീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ദേശീയ ദുരന്തനിവാരണ സേനയും റവന്യൂ വകുപ്പും അണക്കെട്ടിന്റെ സമീപ പ്രദേശങ്ങളിൽ സംയുക്തമായി പ്രവർത്തിച്ചുവരികയാണ്. പെരിയാർ തീരനിവാസികളുടെ എല്ലാ ആശങ്കകളും പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ഭരണകൂടം അറിയിച്ചു.

മുൻ ദിവസങ്ങളെ അപേക്ഷിച്ച് അണക്കെട്ടിന്റെ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കൂട്ടുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ മഴ പിൻമാറുന്നതോടെ അണക്കെട്ടിലെ ജലനിരപ്പ് താഴുകയും ചെയ്യും. അതിനാൽ ജലനിരപ്പ് 142 അടിയെന്ന പരമാവധി സംഭരണശേഷിയിൽ എത്താൻ സാധ്യതയില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

NEWS
Advertisment