Advertisment

ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ജീവഹാനി സംഭവിച്ചവരുടെ അവകാശികള്‍ക്ക് 5 ലക്ഷം രൂപ; കാശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികന് എച്ച്. വൈശാഖിന്‍റെ കുടുംബം വീടുനിര്‍മ്മാണത്തിനായി എടുത്ത തുക അടയ്ക്കാന്‍ സഹായം നല്‍കും- മന്ത്രിസഭായോഗ തീരുമാനങ്ങള്‍

New Update

publive-image

Advertisment

തിരുവനന്തപുരം: വിവിധ പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിന് രൂപീകരിച്ച 18 സ്പെഷ്യല്‍ ലാന്‍റ് അക്വിസിഷന്‍ യൂണിറ്റുകളിലെ 265 തസ്തികകള്‍ക്ക് 01-04-2021 മുതല്‍ ഒരു വര്‍ഷത്തേക്ക് തുടര്‍ച്ചാനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

ആറാം സംസ്ഥാന ധനകാര്യ കമ്മീഷന്‍റെ കാലാവധി 01-11-2021 മുതല്‍ 31-01-2022 വരെ മൂന്ന് മാസക്കാലയളവിലേക്ക് ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു. വെളിയനാട് സെന്‍റ് പേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഹയര്‍ സെക്കണ്ടറി തസ്തികകള്‍ പുതുതായി സൃഷ്ടിക്കാനും അപ്ഗ്രേഡ് ചെയ്യാനും തീരുമാനിച്ചു.

കണ്ണൂര്‍ കാരക്കുണ്ട് ഡോണ്‍ ബോസ്കോ സ്പീച്ച് ആന്‍റ് ഹിയറിംഗ് ഹയര്‍ സെക്കണ്ടറി സ്കൂളിന് അധിക തസ്തിക അനുവദിക്കാന്‍ തീരുമാനിച്ചു. കേരള ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ സി.എന്‍. രാമചന്ദ്രന്‍ നായരുടെ കാലാവധി ഡാം സേഫ്റ്റി ബില്‍ 2019 പാസ്സാകുന്നത് വരെയോ നാലു വര്‍ഷമോ ഏതാണ് ആദ്യം എന്നതുവരെ ദീര്‍ഘിപ്പിച്ച് നല്‍കാനും തീരുമാനിച്ചു.

കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ എം.ഡി. ഷെയ്ക് പരീതിന്‍റെ നിയമന കാലാവധി 23-08-2021 മുതല്‍ ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിച്ച് നല്‍കും. 2021 ലെ കേരള വ്യവസായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുകളും വ്യവസായ നഗരപ്രദേശ വികസനവും ഓര്‍ഡിനന്‍സിന്‍റെ ഭാഗമായി വ്യവസായ വകുപ്പിന്‍റെ നിക്ഷേപം പ്രോത്സാഹിപ്പിക്കല്‍ ചുമതലയുള്ള സെക്രട്ടറി ചെയര്‍മാനായും വ്യവസായ വകുപ്പ് ഡയറക്ടര്‍ കണ്‍വീനറായും സംസ്ഥാനതല പരാതിപരിഹാര കമ്മിറ്റിയും ജില്ലാ കളക്ടര്‍ ചെയര്‍മാനായി ജില്ലാപരാതി പരിഹാര കമ്മിറ്റിയും രൂപീകരിക്കാന്‍ തീരുമാനിച്ചു.

കാലവര്‍ഷം-ദുരിതാശ്വാസ സഹായം അനുവദിക്കും. 2021 ലെ കാലവര്‍ഷത്തിലും തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും ജീവന്‍ നഷ്ടപ്പെട്ടവരുടെ അനന്തരാവകാശികള്‍ക്കും ദുരന്തബാധിതര്‍ക്കും ദുരിതാശ്വാസ സഹായം അനുവദിക്കാന്‍ തീരുമാനിച്ചു.

പ്രളയത്തിന്‍റെ തീവ്രതയും ദുരിതത്തിന്‍റെ കാഠിന്യവും കണക്കിലെടുത്ത് അര്‍ഹമായ വില്ലേജുകളെ പ്രളയബാധിത പ്രദേശങ്ങളായി ദുരന്തനിവാരണ നിയമ പ്രകാരം നിശ്ചയിച്ച് വിജ്ഞാപനം സമയബന്ധിതമായി പുറപ്പെടുവിക്കാന്‍ വില്ലേജുകളുടെ പട്ടിക നല്‍കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കും.

പ്രകൃതിക്ഷോഭത്തില്‍ 15 ശതമാനത്തില്‍ അധികം തകര്‍ച്ച നേരിട്ട് പുറംപോക്ക് സ്ഥലത്ത് ഉള്‍പ്പെടെയുള്ള വീടുകളില്‍ താമസിച്ചിരുന്ന കുടുംബങ്ങളെ ദുരന്തബാധിത കുടുംബമായി പരിഗണിക്കും. ഭാഗികമായോ പൂര്‍ണ്ണമായോ നാശനഷ്ടം സംഭവിച്ച വീടുകള്‍ക്കും സ്ഥലത്തിനും സഹായധനം നല്‍കുന്നതിന് 2019 ലെ പ്രകൃതി ക്ഷോഭത്തില്‍ സ്വീകരിച്ച രീതി തുടരും.

നിലവിലെ അതിതീവ്ര മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ജീവഹാനി സംഭവിച്ചവരുടെ അവകാശികള്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു ലക്ഷം രൂപയും ചേര്‍ത്ത് 5 ലക്ഷം രൂപ അനുവദിക്കും. പുറംപോക്ക് ഭൂമയില്‍ ഉള്‍പ്പെടെ താമസിച്ചിരുന്ന വീടും സ്ഥലവും നഷ്ടപ്പെട്ട ദുരന്തബാധിതര്‍ക്ക് 10 ലക്ഷം രൂപ നല്‍കും.

2018 ആഗസ്റ്റിലുണ്ടായ പ്രളയത്തിലും 2019, 2021 പ്രളയങ്ങളിലും നഷ്ടപ്പെട്ടുപോവുകയോ നശിച്ചുപോവുകയോ ചെയ്ത ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ക്ക് മുദ്രവിലയും ഫീസും ഒഴിവാക്കിയ ഉത്തരവിന്‍റെ കാലാവധി, ഉത്തരവ് തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ച് നല്‍കാന്‍ തീരുമാനിച്ചു.

വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട കൊല്ലം തൃക്കരുവ, കാഞ്ഞാവെളി സന്തോഷ് ഭവനില്‍ സന്തോഷിന്‍റെ ഭാര്യ റംല, ശരത് ഭവനില്‍ ശ്യാംകുമാര്‍ എന്നിവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കാന്‍ തീരുമാനിച്ചു. സന്തോഷ് റംല ദമ്പതികളുടെ മൂന്ന് പെണ്‍മക്കളെയും ശ്യാംകുമാറിന്‍റെ രണ്ട് മക്കളെയും സ്നേഹപൂര്‍വ്വം പദ്ധതിയില്‍ ഉള്‍പ്പെടുത്തും. സന്തോഷ്- റംല ദമ്പതികളുടെ കുട്ടികള്‍ക്ക് ലൈഫ് പദ്ധതി പ്രകാരം വീട് വെച്ച് നല്‍കുവാനും തീരുമാനിച്ചു.

കാശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികന്‍ കൊല്ലം സ്വദേശി എച്ച്. വൈശാഖിന്‍റെ കുടുംബം വീടുനിര്‍മ്മാണത്തിനായി എടുത്ത 27.5 ലക്ഷം രൂപ ബാങ്ക് വായ്പയില്‍ അടക്കാന്‍ ബാക്കിയുള്ള തുകയില്‍ സൈനികക്ഷേമ വകുപ്പില്‍ നിന്ന് ലഭിക്കുന്ന 10 ലക്ഷം രൂപ കഴിച്ചുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും നല്‍കാന്‍ തീരുമാനിച്ചു.

സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ പ്ലസ് വണ്‍ അഡ്മിഷന് അധിക സീറ്റ് അനുവദിക്കും. ബാച്ചുകള്‍ ഷിഫ്റ്റ് ചെയ്യാനും താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കാനും തീരുമാനിച്ചു.

നിലവില്‍ 20 ശതമാനം സീറ്റ് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയ 7 ജില്ലകളില്‍ സീറ്റിന്‍റെ ആവശ്യകത ഉണ്ടാവുകയാണെങ്കില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ 10 ശതമാനം സീറ്റ് വര്‍ദ്ധനവ് അനുവദിക്കും. ഈ ജില്ലകളില്‍ അടിസ്ഥാന സൗകര്യമുള്ളതും സീറ്റ് വര്‍ദ്ധനവിന് അപേക്ഷ സമര്‍പ്പിക്കുന്നതുമായ എയിഡഡ് സ്കൂളുകള്‍ക്കും അണ്‍ എയിഡഡ് സ്കൂളുകള്‍ക്കും 10 ശതമാനം സീറ്റ് വര്‍ദ്ധന അനുവദിക്കും.

നേരത്തെ മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് നല്‍കാത്ത ഏഴ് ജില്ലകളില്‍ ആവശ്യകത അനുസരിച്ച് എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും 20 ശതമാനം വരെ വര്‍ദ്ധനവ് അനുവദിക്കും. ഈ ജില്ലകളില്‍ അടിസ്ഥാന സൗകര്യമുള്ള അപേക്ഷിക്കുന്ന എയിഡഡ് സ്കൂളുകള്‍ക്കും അണ്‍എയിഡഡ് സ്കൂളുകള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി മാര്‍ജ്ജിനല്‍ വര്‍ദ്ധനവിന്‍റെ 20 ശതമാനം സീറ്റ് വരെ വര്‍ദ്ധനവ് അനുവദിക്കും.

വയനാട് ജില്ലയിലെ അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്ഷ്യല്‍ സ്കൂള്‍ നല്ലൂര്‍നാടില്‍ ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ ഫോര്‍ ഗേള്‍സ് കല്‍പ്പറ്റയില്‍ ഒരു ഹ്യുമാനിറ്റീസ് ബാച്ചും താല്‍ക്കാലികമായി അനുവദിക്കും. സര്‍ക്കാര്‍ സ്കൂളുകളില്‍ നാമമാത്രമായ വിദ്യാര്‍ത്ഥികളുള്ള ബാച്ചുകള്‍ കണ്ടെത്തുകയാണെങ്കില്‍ ആവശ്യമുള്ള ജില്ലയിലേക്ക് മാറ്റും. പ്ലസ് വണ്‍ പ്രേവശനം സംബന്ധിച്ച വിഷയം സീറ്റ് വര്‍ദ്ധനവിലൂടെ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ ആവശ്യകത അനുസരിച്ച് ആവശ്യമുള്ള ജില്ലകളില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ താല്‍ക്കാലിക ബാച്ച് അനുവദിക്കും.

സര്‍ക്കാര്‍, എയിഡഡ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ വൊക്കേഷണല്‍ ടീച്ചര്‍ തസ്തികകളിലെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്താന്‍ അനുമതി നല്‍കും. 2021-22 അധ്യയനവര്‍ഷം മുതല്‍ മെഡിക്കല്‍ പി.ജി. അഡ്മിഷന് (ഡെന്‍റല്‍ പി.ജി കോഴ്സുകളില്‍ 2022-23 അധ്യയന വര്‍ഷം മുതല്‍) ഉള്ള സംവരണം തീരുമാനിച്ചു. എസ്.സി. 8 ശതമാനം എസ്.ടി 2 ശതമാനം, എസ്.ഇ.ബി.സി. 27 ശതമാനം, ഇ.ഡബ്ല്യൂ.എസ്. 10 ശതമാനം, പി.ഡി. 5 ശതമാനം (ഹൊറിസോണ്ടല്‍), സര്‍വ്വീസ് ക്വാട്ട 10 ശതമാനം (ഹൊറിസോണ്ടല്‍) എന്നിങ്ങനെയാണ് സംവരണം അനുവദിക്കുക.

Advertisment