Advertisment

ഇടുക്കി ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി

New Update

publive-image

Advertisment

ഇടുക്കി : വര്‍ദ്ധിച്ചുവരുന്ന കോവിഡ് ഭീഷണിയെ നേരിടാന്‍ ജില്ലയിലെ ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ജേക്കബ് വര്‍ഗ്ഗീസ് അറിയിച്ചു. കോവിഡ് പ്രതിരോധത്തിനായി പൊതു ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനുള്ള ഡിജിറ്റല്‍ പോസ്റ്ററുകള്‍, തൊഴിലാളികള്‍ക്കുള്ള ലഘുലേഖകള്‍, വാഹനയാത്രക്കാര്‍ക്കും, സ്ഥാപനങ്ങള്‍ക്കുമായി കോവിഡ് പ്രതിരോധ സന്ദേശങ്ങളടങ്ങിയ സ്റ്റിക്കറുകള്‍ എന്നിവ തയ്യാറാക്കി. കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് ആളുകളെ എത്തിക്കാനും, വാക്സിനേഷന്‍ നല്‍കാനും, പഞ്ചായത്തുതലത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും ആശപ്രവര്‍ത്തകരുടേയും നേത്യത്വത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തി.

വിദ്യാര്‍ത്ഥികളുടെ വാക്സിനേഷന്‍ വേഗത്തിലാക്കാന്‍ അദ്ധ്യാപകരുമായും, രക്ഷാകര്‍ത്താക്കളുമായി പഞ്ചായത്ത് തലത്തില്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രോഗ നിരക്ക് കൂടുതലുള്ള പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് മൈക്ക് അനൗണ്‍സ്മെന്റുകള്‍ ആരംഭിച്ചു. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രോഗികളുടെ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ശുചീകരണ തൊഴിലാളികള്‍, തൊഴിലുറപ്പു മേഖലയില്‍ ജോലി ചെയ്യുന്നവര്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കാനും, വാക്സിനേഷന്‍ നല്‍കാനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വാര്‍ഡ് തലത്തില്‍ ജഗ്രതാ സമിതികളുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും, വീടുകളില്‍ നിരീക്ഷണത്തിലുള്ള രോഗികളുടെ ആരോഗ്യ സംരക്ഷണവും ഉറപ്പു വരുത്തും. കോവിഡ് പ്രതിരോധം ഓരോരുത്തരുടേയം കടമയായിക്കണ്ട് പൊതുജനങ്ങള്‍ ആരോഗ്യ വകുപ്പുമായി സഹകരിക്കണം. ഇന്ന് (19ന്) ജില്ലയില്‍ 3591 ആളുകളെ പരിശോധിച്ചതില്‍ പുതുതായി 1435 കോവിഡ് രോഗികളെ കണ്ടെത്തിയിട്ടുണ്ട്. ജില്ലയില്‍ കോവിഡ് രോഗ നിരക്ക് കൂടുതലുള്ള പഞ്ചായത്തുകള്‍ മറയൂരും പള്ളിവാസലുമാണ്. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട ടാസ്‌ക്ക് ഫോഴ്സ് യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

കരുതല്‍ ഡോഡ് എടുക്കാനുള്ള മുഴുവന്‍ ആളുകള്‍ക്കും, രണ്ടാം ഡോഡ് എടുക്കാനുള്ളവര്‍ക്കും ജനുവരി 31-ന് മുന്‍പ് വാക്്സിന്‍ നല്‍കാന്‍ യോഗം തീരുമാനിച്ചു. വാക്സിനേഷന്‍ സൗകര്യം വര്‍ദ്ധിപ്പിക്കുവാനായി ആശുപത്രികള്‍ക്കു പുറമെ മറ്റ് സ്ഥാപനങ്ങളിലും, വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂളുകളിലും വാക്സിനേഷന്‍ ക്യാമ്പുകള്‍ നടത്തുവാന്‍ തീരുമാനിച്ചു. അതിഥി തൊഴിലാളികള്‍ക്ക് തൊഴില്‍ വകുപ്പിന്റെ സഹകരണത്തോടെ വാക്സിന്‍ നല്‍കുമെന്നും ഡിഎംഒ അറിയിച്ചു.

Advertisment