Advertisment

എടത്വ പെരുന്നാള്‍ എട്ടാമിടത്തോടെ സമാപിച്ചു

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

publive-image

Advertisment

എടത്വ: ലക്ഷകണക്കിന് ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളിയിലെ തിരുനാള്‍ ഇന്നലെ എട്ടാമിടത്തോടെ സമാപിച്ചു. വൈകുന്നേരം നാലിന് കോരിചൊരിയുന്ന മഴയത്തായിരുന്നു വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ചെറിയ രൂപവും എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം കുരിശടിയിലേക്ക് നടന്നത്. കോരിചൊരിഞ്ഞ മഴയേയും അവഗണിച്ച് ആയിരക്കണക്കിന് വിശ്വാസികളാണ് പ്രഥക്ഷിണവിഥിയില്‍ അണിനിരന്നത്.

ഇന്നലെ രാവിലെ ആറ് മുതല്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം രണ്ടിന് ചങ്ങനാശ്ശേരി അതിരൂപതാ ചാന്‍സിലര്‍ ഫാ. ഐസക് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാന, മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞിനെയും തുടര്‍ന്ന് നാലിന് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ചെറിയ രൂപവും എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം കുരിശടിയിലേയ്ക്ക് നടന്നത്. വെറ്റിലകളും പൂമാലകളും നോട്ടുമാലകളും വിശുദ്ധന്റെ ചെറിയ രൂപത്തില്‍ അര്‍പ്പിക്കുവാന്‍ പ്രദക്ഷിണ വീഥിയില്‍ വിശ്വാസികള്‍ തിക്കിത്തിരക്കി. വിശുദ്ധ ഗീവര്‍ഗീസേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ എന്ന് ഉച്ചത്തില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥിച്ചു.

അനുഗ്രഹങ്ങള്‍ക്ക് നന്ദിയും യാചനകളുടെ പ്രാര്‍ത്ഥനകളുമായി വിശ്വാസികളുടെ നേത്രങ്ങള്‍ ഈറനണിഞ്ഞു. പള്ളിയുടെ രാജപാതയിലൂടെ നടന്ന പ്രദക്ഷിണത്തില്‍ നൂറുകണക്കിന് മുത്തുക്കുടകള്‍ വരിവരിയായി നീങ്ങിയപ്പോള്‍ നഗരം വര്‍ണ്ണസാഗരമായി മാറി. പള്ളിയുടെ പ്രധാന അള്‍ത്താരയില്‍ നിന്നാരംഭിച്ച പ്രദക്ഷിണം ആനവാതിലിലൂടെ പള്ളിയുടെ വടക്ക് വശത്ത് ഉള്ള പാലം കടന്ന് മാര്‍ക്കറ്റ് ചുറ്റി അമ്പലപ്പുഴ-തിരുവല്ല റോഡരുകിലെ വലിയ കുരിശടി വലംവച്ച് പള്ളിപ്പാലത്തിലൂടെ ദൈവാലയത്തില്‍ എത്തിയപ്പോള്‍ പാതകള്‍ ജനസാഗരമായി മാറി. പൊന്നിന്‍ കുരിശും വെള്ളിക്കുരിശും മുത്തുക്കുടകളുമായി പ്രാര്‍ത്ഥനാപൂര്‍വ്വം വിശ്വാസികള്‍ പ്രദക്ഷിണ വീഥിയില്‍ അണിനിരന്നു.

പ്രദക്ഷിണത്തിനും കുരിശടിയില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കും ഫാ. മാത്യു കണ്ണംപള്ളി മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. മാത്യു ചൂരവടി, അസിസ്റ്റന്റ് വികാരിമാരായ ഫാ. വര്‍ഗ്ഗീസ് പുത്തന്‍പുര, ഫാ. മിജോ കൈതപറമ്പില്‍, ഫാ. തോമസ് പുതിയാപറമ്പില്‍, ഫാ. തോമസ് ആര്യങ്കാല, ഫാ. തോമസ് കാരക്കാട്, ഫാ. തോമസ് മുട്ടേല്‍, ഫാ. ജോംസി പൂവത്തോലില്‍, ഫാ. ജോസ് പുളിന്താനത്ത് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. പ്രദക്ഷിണം പള്ളിയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ വികാരി ഫാ. മാത്യു ചൂരവടി കൊടിയിറക്കി. വീണ്ടുമൊരു തിരുനാളിന്റെ സ്വപ്നം മനസ്സില്‍ കാത്ത് രാത്രി 9.30 ന് വിശുദ്ധന്റെ തിരുസ്വരൂപം പ്രധാന നടയില്‍ പ്രതിഷ്ഠിച്ചപ്പോള്‍ അനുഗ്രഹദായകമായ ഒരു തിരുനാള്‍ കാലത്തിന് സമാപനമായി.

രാവിലെ ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയിലിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും, ഫാ. സൂരജ് കടവില്‍, ഫാ. വര്‍ഗീസ് നമ്പിശ്ശേരികളം എന്നിവരുടെ കാര്‍മികത്വത്തില്‍ ആഘോഷമായ റാസയും നടന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള വിശ്വാസികള്‍ നേതൃത്വം നല്‍കിയ വലിയ തിരുനാളിന്റെ തുടര്‍ച്ചയായി നടന്ന് വന്ന നാട്ടുകാരുടെ പെരുന്നാളിന്റെ സമാപനമായി എട്ടാമിടം നടന്നതോടെ കഴിഞ്ഞ 18 ദിവസമായി നടന്നു വന്ന പെരുനാള്‍ ആഘോഷത്തിന് കൊടിയിറങ്ങി. തിരുസ്വരൂപദര്‍ശനത്തിനും സമാപന പ്രദക്ഷിണത്തില്‍ പങ്കെടുക്കുന്നതിനും പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് ഇന്നലെ പള്ളിയില്‍ എത്തിച്ചേര്‍ന്നത്. ജനറല്‍ കണ്‍വീനര്‍ ജോര്‍ജ്ജുകുട്ടി തോമസ് പീടികപറമ്പില്‍, കൈക്കാരന്‍മാരായ രാജു ജോസഫ് പറമ്പത്ത്, ജോസഫ് തോമസ് കുന്നേല്‍, വര്‍ഗീസ് ദേവസ്യ വേലിക്കളത്തില്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജയന്‍ ജോസഫ് പുന്നപ്ര, ജോയിന്റ് കണ്‍വീനര്‍മാരായ കെ.എം. മാത്യു കണ്ടത്തില്‍, രേഷ്മാ ജോണ്‍സണ്‍ കൈപ്പടാശ്ശേരില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisment