Advertisment

വയനാട് ജില്ലയില്‍ യന്ത്രസഹായത്തോടെ മണ്ണെടുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

 

Advertisment

publive-image

കല്‍പ്പറ്റ: ജില്ലയില്‍ യന്ത്രസഹായത്തോടെ മണ്ണെടുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിലാണ് മെയ് 17 മുതല്‍ ഓഗസ്റ്റ് 31 വരെ യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്.

അതേസമയം മണ്ണിടിച്ചില്‍, പ്രളയം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്ന് ഇടിഞ്ഞ് വീണ് കിടക്കുന്നതും അടിഞ്ഞു കൂടിയിട്ടുള്ളതും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടുമുള്ളതുമായ മണ്ണ് നീക്കം ചെയ്യുന്നതിന് നിയമാനുസ്രുത നടപടികള്‍ സ്വകരിക്കാം. പുഴകളിലും തോടുകളിലും അടിഞ്ഞുകൂടിയ എക്കലും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനും ബന്ധപ്പെട്ട വകുപ്പുകള്‍/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന സ്വീകരിക്കുന്ന നടപടികള്‍ക്കും ഈ ഉത്തരവ് ബാധകമായിരിക്കില്ലെന്ന് കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ നാളെ (മെയ് 17) രാവിലെ പത്ത് മണി മുതല്‍ അഞ്ച് സെന്‍റി മീറ്റര്‍ വീതം തുറന്ന് ജലം പുറത്തേക്ക് ഒഴുക്കും. പുഴയിലെ നീരൊഴുക്ക് വര്‍ദ്ധിക്കുന്നതിനും ജല നിരപ്പ് 65 മുതല്‍ 85 സെ മീ വരെ ഉയരുന്നതിനും സാധ്യതയുള്ളതിനാല്‍ കാരാപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവര്‍ നിര്‍ദ്ദേശിച്ചു. ജില്ലയില്‍ പരക്കെ മഴ തുടരുകയാണ്. രാവിലെ മിക്കയിടങ്ങളിലും ഏറെക്കുറെ തെളിഞ്ഞ കാലാവസ്ഥയായിരുന്നെങ്കിലും വൈകുന്നേരത്തോടെ മഴ തുടങ്ങിയിട്ടുണ്ട്.

Advertisment