Advertisment

വാച്ചർ രാജനായി വനത്തിനുള്ളിൽ നടത്തുന്ന തിരച്ചിൽ ഇന്ന് അവസാനിപ്പിക്കും; പോലീസ് അന്വേഷണം തമിഴ്‌നാട്ടിലേക്ക്

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

Advertisment

പാലക്കാട്: സൈലന്റ് വാലിയിൽ കാണാതായ വനംവകുപ്പ് വാച്ചർ രാജനായി വനത്തിനുള്ളിൽ നടത്തുന്ന തെരച്ചിൽ ഇന്ന് അവസാനിപ്പിക്കും. രണ്ടാഴ്ചയായി തുടരുന്ന തെരച്ചിലാണ് അവസാനിപ്പിക്കുന്നത്. നൂറ്റിഅമ്പതോളം വനംവകുപ്പ് ജീവനക്കാരായിരുന്നു ദിവസേന തെരച്ചിൽ നടത്തിയിരുന്നത്.എഴുപതോളം ക്യാമറകൾ പരിശോധിച്ചിട്ടും രാജനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രാജന് വേണ്ടി സൈലൻറ് വാലി കാട്ടിനുള്ളിൽ ഇനി തെരയുന്നതിൽ കാര്യമില്ലെന്നാണ് വനംവകുപ്പ് വിശദീകരണം.

രാജന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. വാച്ചറെ വന്യമൃഗങ്ങൾ ആക്രമിച്ചിരിക്കാൻ സാധ്യതയില്ലെന്ന് തന്നെയാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം. പോലീസ് അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട് പോലീസിന്റെയും തമിഴ്‌നാട് വനംവകുപ്പിന്റെയും സഹായം തേടിയിട്ടുണ്ട്.

രാജനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യതയും പരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അച്ഛൻ കാടുവിട്ട് വേറെങ്ങും പോകില്ലെന്നാണ് മകളും സഹോദരിയും പറയുന്നത്. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച മേഖലയാണ് സൈരന്ധ്രി കാടുകൾ. 20 വർഷമായി ഇവിടെ ജോലി നോക്കുന്ന രാജന് കാട്ടുവഴിയെല്ലാം മനപ്പാഠമാണെന്നാണ് കുടുംബം പറയുന്നത്.

മാവോയിസ്റ്റുകൾ രാജനെ വഴികാട്ടാനും മറ്റുമായി കൂട്ടിക്കൊണ്ടുപോയതാണോ എന്നും അന്വേഷിക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.അച്ഛൻ കാടുവിട്ട് മറ്റൊരിടത്തേക്കും പോകില്ല എന്നാണ് മകൾ പറയുന്നത്. അടുത്ത മാസം പതിനൊന്നിന് രാജന്റെ മകളുടെ വിവാഹമാണ്. അതിന് മുൻപേ രാജനെ കണ്ടെത്തണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.

Advertisment