Advertisment

കാലവര്‍ഷ സുരക്ഷാ മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായി; അപകടാവസ്ഥയിലുള്ള മരങ്ങള്‍ വെട്ടിമാറ്റണം : ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

ശക്തമായ മഴയെത്തുടര്‍ന്നുണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിന് ജില്ലയില്‍ സരുക്ഷാ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചു വരികയാണെന്ന് ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വ്വഹണ സമിതി (ഡിഇഒസി) അദ്ധ്യക്ഷകൂടിയായ ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. കലക്ട്രേറ്റിലും എല്ലാ താലൂക്കിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. എല്ലാ പഞ്ചായത്തിലും കണ്‍ട്രോള്‍ റൂം തുറക്കാനുള്ള നിര്‍ദ്ദേശം നല്‍കിയുട്ടുണ്ട്.

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി അപകടാവസ്ഥയിലുള്ള മരങ്ങള്‍ വെട്ടി മാറ്റാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. റോഡരികില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളിടത്ത് സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തോട്ടം മേഖലയിലെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ വെട്ടിമാറ്റാന്‍ വനം വകുപ്പിന് നിര്‍ദേശം നല്‍കി. അപകട സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുന്നവരുടെ ലിസ്റ്റും അവര്‍ക്കാവശ്യമായ ക്യാംപുകള്‍ തുറക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ തയ്യാറാക്കാനും താലൂക്ക്, വില്ലേജ്, പഞ്ചായത്ത് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.

ദുരന്തസാധ്യത കണക്കിലെടുത്ത് സ്വകാര്യ ഭൂമിയിലെ അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ പഞ്ചായത്ത് രാജ് നിയമപ്രകാരം പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ജെസിബി, ടിപ്പര്‍, തുടങ്ങി വാഹനങ്ങള്‍ സജ്ജീകരിക്കാന്‍ പോലീസ് - പഞ്ചായത്ത് - വില്ലേജ് ഓഫീസുകള്‍ക്കും നിര്‍ദേശം നല്‍കി. മെയ് 27 ഓടെ കാലവര്‍ഷമെത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഇതിന് മുന്നോടിയായി പൊതുമരാമത്ത്, വനം, പഞ്ചായത്ത്,വൈദ്യുതി, പോലീസ് - ഫയര്‍ ആന്റ് റസ്‌ക്യു, വില്ലേജ് ഓഫീസുകള്‍ സ്വീകരിക്കേണ്ട നിര്‍ദേശങ്ങള്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് വകുപ്പ് മേധാവികളെ അറിയിച്ചു.

റോഡരികില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍, ശിഖരങ്ങള്‍ പൊതുമരാമത്ത് റോഡ്‌സ്, എന്‍.എച്ച്. എല്‍.എസ്.ജി.ഡി എന്നിവര്‍ നീക്കം ചെയ്തു എന്ന് ഉറപ്പു വരുത്തണം. റോഡിന്റെ വശങ്ങളില്‍, വനഭൂമിയില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ ശിഖരങ്ങള്‍ മുറിച്ചു നിക്കുന്നതിന് സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തെ ചുമതലപ്പെടുത്തി. ഓഫീസ് പരിസരത്ത് അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍/ശിഖരങ്ങള്‍ എന്നിവ ഓഫീസ് മേധാവികള്‍ നീക്കം ചെയ്യണം. സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ ശിഖരങ്ങള്‍ എന്നിവ മൂലം നാശനഷ്ടം ഉണ്ടായാല്‍ നഷ്ടപരിഹാരം ഭൂഉടമ വഹിക്കണം. ഇവ മുറിച്ചു നീക്കുന്നതിന് വില്ലേജ് തല ട്രീ കമ്മിറ്റി ചേര്‍ന്ന് അടിയന്തര നടപടികള്‍ സ്വീകരിക്കണം.

റോഡിന്റെ വശങ്ങളില്‍ കാഴ്ച മറയുന്ന രീതിയില്‍ വളര്‍ന്നു നില്‍ക്കുന്ന കുറ്റിക്കാടുകളും റോഡിലേക്ക് ചേര്‍ന്നു നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങളും മുറിച്ചു മാറ്റണം. റോഡുകളുടെ വശങ്ങളിലുള്ള ഓടകള്‍ വൃത്തിയാക്കുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും പൊതുമരാമത്ത് റോഡ്സ് ദേശീയ പാത, തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കി. പ്രധാന റോഡുകളുടെ സെന്‍ട്രല്‍ ലൈന്‍ വ്യക്തമായി കാണത്തക്ക രീതിയില്‍ വരയ്ക്കുന്നതിനും നിര്‍ദ്ദേശിച്ചു. റോഡുകളുടെ വശങ്ങളിലെ ഓടകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിട്ടുള്ള സ്ലാബുകള്‍ പരിശോധിച്ച് സുരക്ഷിതമെന്നും ഇവര്‍ ഉറപ്പുവരുത്തണം.

ആരോഗ്യവകപ്പ് അടിയന്തരമായി ആശാവര്‍ക്കര്‍മാരുടെയും പി.എച്ച്.സി ജീവനക്കാരുടെയും ജില്ലാതല യോഗം ചേര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തണം. മഴക്കാലത്തുണ്ടാകുന്ന പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ മരുന്നുകള്‍ ശേഖരിച്ച് സൂക്ഷിക്കേണ്ടതും, ആശുപത്രികളും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും സജീവമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതുമാണ്. സുരക്ഷയുടെ ഭാഗമായി താലൂക്കുകള്‍ കേന്ദ്രീകരിച്ച് ആംബുലന്‍സുകള്‍ (എ.എല്‍.എസ് സൗകര്യത്തോടുകൂടിയതും) സജ്ജമാക്കണം.

പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു വകുപ്പുകളുടെ എല്ലാ അസ്‌കാ ലൈറ്റുകളും പ്രവര്‍ത്തനസജ്ജം ആണെന്ന് ഉറപ്പുവരുത്തണം.

ജില്ലയിലെ എല്ലാ സ്‌കൂള്‍ കെട്ടിടങ്ങളുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതും. പരിസരങ്ങള്‍ പൂര്‍ണ്ണമായും വൃത്തിയാക്കി ഇഴജന്തുക്കളുടെ സാന്നിദ്ധ്യമില്ലെന്നും വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉറപ്പാക്കാണം. സ്വകാര്യ സ്‌കൂളുകളിലുള്‍പ്പെടെ അപകടകരമായുള്ള മരങ്ങള്‍ ശിഖരങ്ങള്‍ എത്രയും വേഗം മുറിച്ച് നീക്കണം. അങ്കണവാടികളുടെയും സ്‌കൂള്‍ ബസുകളുടെയും ഫിറ്റ്‌നസ് വനിതാ, ശിശു വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, മോട്ടോര്‍ വാഹനം എന്നീ വകുപ്പുകള്‍ ഉറപ്പാക്കണം.

പാറമടകളിലെ കുളങ്ങള്‍ക്ക് ചുറ്റും ഉറപ്പുള്ള വേലി മതില്‍ കെട്ടി സംരക്ഷിക്കണം. പടുതാ കുളങ്ങള്‍ പരിശോധിച്ച് അപകടാവസ്ഥയില്ലാ എന്ന് ഉറപ്പുവരുത്തുന്നതിനു ചെറുകിട ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. പടുതാ കുളങ്ങള്‍ക്ക് സുരക്ഷാ വേലികള്‍ നിര്‍മ്മിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ചെറുകിട ജലസേചന വകുപ്പ് നടപടി സ്വീകരിക്കണം.

ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും രൂപീകരിച്ചിട്ടുള്ള സന്നദ്ധസേന വോളന്റിയര്‍മാര്‍ക്കുള്ള പരിശീലന നല്‍കണം. ഇതിന് ജില്ലാ ഫയര്‍ ഓഫീസറും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും നേതൃത്വം നല്‍കണം. ജെസിബി, ഹിറ്റാച്ചി, മരം മുറിക്കുന്നതിനുള്ള യന്ത്രങ്ങള്‍ എന്നിവ കണ്ടെത്തി ഇവയുടെ വിവരങ്ങള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് ക്രോഡീകരിച്ച് മെയ് 31 നുമുമ്പായി ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വ്വഹണ കാര്യാലയത്തില്‍ ലഭ്യമാക്കണം. പുഴകളില്‍ അടിഞ്ഞു കൂടിയ എക്കല്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നീക്കം ചെയ്യണം. മാറ്റി പാര്‍പ്പിക്കേണ്ടവരുടെ വിവരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ശേഖരിച്ച് ക്രോഡീകരിച്ച് സമര്‍പ്പിക്കുവാന്‍ ജോയിന്റ് ഡയറക്ടര്‍ ഓഫ് പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കി.

നദി തീരങ്ങള്‍, കുളിക്കടവുകള്‍ മണ്ണിടിച്ചില്‍ ഉണ്ടായേക്കാവുന്ന മേഖലകള്‍ എന്നിവിടങ്ങളില്‍ പ്രത്യേകം മുന്നറിയിപ്പ് ബോര്‍ഡുകള്‍ പഞ്ചായത്ത് സ്ഥാപിക്കണം. വിനോദസഞ്ചാര കേന്ദ്രങ്ങളിള്‍ ഇപ്രകാരമുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ടൂറിസം വകുപ്പ് എന്നിവര്‍ സ്ഥാപിക്കണം. ബോര്‍ഡുകളില്‍ മലയാളം ഹിന്ദി തമിഴ് ഇംഗ്ലീഷ് ഭാഷകളില്‍ രേഖപ്പെടുത്തണം. ഡാമുകളുടെ ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്കൊഴുക്കേണ്ട സാഹചര്യമുണ്ടായാല്‍ മുന്‍കരുതലായി പുഴയുടെ ഇരുവശങ്ങളിലുമുള്ള മാറ്റി പാര്‍പ്പിക്കേണ്ടവരുടെ വിവരം ശേഖരിച്ച് ലിസ്റ്റ് തഹസില്‍ദാര്‍ ഡി ഇ ഒ സി യില്‍ സമര്‍പ്പിക്കണം.

എല്ലാ വകുപ്പുകളുടേയും വാഹനങ്ങള്‍, യന്ത്രോപകരണങ്ങള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങള്‍ എന്നിവ പ്രവര്‍ത്തന ക്ഷമമാണെന്ന് വകുപ്പു മേധാവികള്‍ ഉറപ്പു വരുത്തണം. 2022 മണ്‍സൂണ്‍ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ചേരുന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തില്‍ പ്രസ്തുത നിര്‍ദ്ദേശങ്ങളുടേയും, ഓറഞ്ച് ബുക്ക് 2021 ന്റേയും അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിലയിരുത്തുന്നതാണെന്നും ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു.

Advertisment