ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സര്‍ക്കാരിനെതിരെ കടുത്ത നിലപാടുമായി കത്തോലിക്കാ സഭ ! സമൂഹത്തില്‍ നടമാടുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നിലപാട് അപകടകരമെന്ന് കെസിബിസി. പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കൊച്ചുകുട്ടി വിളിച്ചുകൊടുത്ത മുദ്രാവാക്യങ്ങള്‍ കേരളം കേട്ടത് നടുക്കത്തോടെയെന്നും കെസിബിസി ! അതീവഗുരുതരമായ ഈ വിഷയത്തില്‍ പോലും യുക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിച്ചു നില്‍ക്കുകയാണെന്നും കെസിബിസിയുടെ വിമര്‍ശനം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: തൃക്കാക്കര തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കത്തോലിക്കാ സഭയും സര്‍ക്കാരിന് എതിരാകുന്നു. ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ ഉയര്‍ന്ന വര്‍ഗീയത നിറഞ്ഞ മുദ്രാവാക്യം വിളികള്‍ക്ക് എതിരെ പോലും സര്‍ക്കാര്‍ നിശബദ്മാണെന്നാണ് സഭയുടെ വിമര്‍ശനം. സര്‍ക്കാര്‍ നിലപാടുകള്‍ അപകടകരമാണെന്നാണ് കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വിമര്‍ശനം.

കേരളസമൂഹത്തില്‍ ചില തീവ്രവാദ സംഘടനകളുടെ സാന്നിധ്യമുണ്ടെന്നും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നും നിരവധി മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടുള്ളതാണെന്ന് കെസിബിസി പറയുന്നു. സമീപകാലത്തെ ചില സംഭവങ്ങളില്‍നിന്ന് ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടെന്നും വ്യക്തമായിട്ടുണ്ട്.

കഴിഞ്ഞയിടെ കേരളഹൈക്കോടതി തന്നെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചില സംഘടനകളെക്കുറിച്ച് പരാമര്‍ശിക്കുകയുണ്ടായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലും ശരിയായ വിധത്തില്‍ ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ദുരൂഹമാണെന്നും കെസിബിസി ആരോപിക്കുന്നു.

തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പലപ്പോഴും ആരോപണവിധേയമായിട്ടുള്ള ഒരു സംഘടനയുടെ പൊതുപരിപാടിക്കിടയില്‍ ഒരു കൊച്ചുകുട്ടി വിളിച്ചുകൊടുക്കുന്ന മുദ്രാവാക്യങ്ങള്‍ കേരളം നടുക്കത്തോടെയാണ് കേട്ടത്. തങ്ങളെ എതിര്‍ക്കുന്നവരെ കൊന്നൊടുക്കാന്‍ മടിക്കുകയില്ല എന്ന ഭീഷണിയായിരുന്നു നൂറുകണക്കിന് പേര്‍ ഏറ്റുവിളിച്ച മുദ്രാവാക്യങ്ങളുടെ ഉള്ളടക്കം.

അതീവഗുരുതരമായ ആ വിഷയത്തില്‍ പോലും യുക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിച്ചു നില്‍ക്കുകയാണെന്നും കെസിബിസി ആരോപിക്കുന്നു. മത - വര്‍ഗീയ സംഘടനകളെ പ്രീണിപ്പിക്കുന്ന ഇത്തരം നിലപാടുകള്‍ രാജ്യസുരക്ഷയ്ക്കും, സംസ്ഥാനത്തിന്റെ ഭാവിക്കും അത്യന്തം ദോഷകരമാണ്.

നിയമത്തിന് മുന്നില്‍ എല്ലാവരെയും തുല്യരായി പരിഗണിക്കാനും കൂടുതല്‍ ഗൗരവമുള്ള കുറ്റങ്ങളെ അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അന്വേഷണവിധേയമാക്കാനും നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും കെസിബിസി ആവശ്യപ്പെടുന്നു. നേരത്തെ തൃക്കാക്കര തെരഞ്ഞെടുപ്പില്‍ സഭയെ ഒപ്പം നിര്‍ത്താനും ചില തീവ്രസംഘടനകളെ കൂടെ നിര്‍ത്താനും സിപിഎം നീക്കം നടത്തിയിരുന്നു. ഇതിനെ സഭ തള്ളിപ്പറഞ്ഞതോടെ ഇടതു സോഷ്യല്‍ എന്‍ജിനീയറിങ് കൂടി പൊളിയുകയാണ്.

Advertisment