Advertisment

തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരെ ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: മാധ്യമപ്രവർത്തകരെ ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം. കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടും ബിജെപി നേതൃത്വം അക്രമികളെ സംരക്ഷിക്കുന്ന നിലപാട് ആണ് സ്വീകരിക്കുന്നത്. 24 കാമറാമാന് മർദ്ദനമേറ്റ സംഭവത്തിൽ പൂജപ്പുര പൊലീസിൽ പരാതി നൽകി.

അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ നാളെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും. തിരുമല സ്വദേശി കൃഷ്ണകുമാർ, പ്രവീൺ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ പൂജപ്പുര സെൻട്രൽ ജയിലിന് മുന്നിൽ അക്രമം അഴിച്ചുവിട്ടത്. കയ്യേറ്റത്തിൽ 24 കാമറമാൻ അരുൺ എസ് ആറിന് നെഞ്ചിലും വയറ്റിലുമാണ് ചവിട്ടേറ്റത്.

പിസി ജോർജ് പുറത്തേക്ക് വരുന്നതറിഞ്ഞ് മകൻ ഷോൺ ജോർജിന്റെ നിർദേശ പ്രകാരം പ്രധാനകാവടത്തിന്റെ സൈഡിൽ കൃത്യമായ കാമറകൾ സ്ഥാപിച്ച് മാധ്യമപ്രവർത്തകർ കാത്തു നിൽക്കുന്നതിനിടയിലാണ് മർദനം ഉണ്ടായത്. പിന്നിൽ നിന്ന് തള്ളി കയറിയ ബിജെപി പ്രവർത്തകർ കാമറ ട്രൈപോഡ് ഉൾപ്പെടെ തള്ളി മറിച്ചിട്ടു.

ഇത് ചോദ്യം ചെയ്യതോടെ മാധ്യമ പ്രവർത്തകരെ മൂന്നംഗം സംഘം മർദിക്കുകയായിരുന്നു. പിന്നീട് കൂടുതൽ പ്രവർത്തകർ സംഘം ചേർന്നെത്തി മാധ്യമ പ്രവർത്തകരെ അതിക്രൂരമായി മർദ്ദിച്ചു. മുതിർന്ന നേതാക്കൾ ഉൾപ്പെടെ പിന്മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ തയാറായില്ല. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചതിന് ശേഷം പ്രതികരിക്കാമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷും പ്രതികരിച്ചു.

അക്രമം തങ്ങളുടെ നയവും നിലപാടും അല്ലായെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് പറഞ്ഞിരുന്നു. മാധ്യമങ്ങൾക്കു നേരെയുള്ള അക്രമത്തെ ഒരു കാരണവശാലും ബിജെപി അനുകൂലിക്കുന്നില്ല. തിരുവനന്തപുരത്ത് എന്താണ് സംഭവിച്ചതെന്ന് ജില്ലാ ഘടകം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവർത്തകർക്കെതിരായുണ്ടായ അനിഷ്ടസംഭവത്തെ അതീവ ഗൗരവത്തോടെയാണ് ബിജെപി കാണുന്നത്. ഒരുതരത്തിലും മാധ്യമപ്രവർത്തകർക്കെതിരെയുള്ള അക്രമത്തെ ബിജെപിക്ക് അംഗീകരിക്കാൻ കഴിയില്ല. മാധ്യമപ്രവർത്തകരോട് സഹകരിക്കുന്ന നിലപാടാണ് ബിജെപി എക്കാലവും സ്വീരിച്ചിരിക്കുന്നതെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.

ഹൈക്കോടതിയാണ് പി സി ജോർജിന് ജാമ്യം അനുവദിച്ചത്. വെണ്ണലയിലും തിരുവനന്തപുരത്തും നടത്തിയ രണ്ട് പ്രസംഗങ്ങൾക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. പ്രായവും ജനപ്രതിനിധിയാണെന്നതും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. കർശനമായ ഉപാധികളോടെയാണ് ജാമ്യം. സമാനമായ പ്രസംഗങ്ങൾ നടത്തരുത്, ചോദ്യം ചെയ്യലിനു ഹാജരാവണം, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ടുവച്ചത്. ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കും.

Advertisment