Advertisment

തൃക്കാക്കരയില്‍ തെളിഞ്ഞത് ക്രൈസ്തവ വിശ്വാസികളുടെ മതേതരത്വ സ്വഭാവം ! മെത്രാനോ വൈദീകരോ പറഞ്ഞാല്‍ വിശ്വാസിയുടെ വോട്ടു കിട്ടില്ലെന്ന സത്യം മനസിലാക്കാതെ മുന്നണികൾ. ആളില്ലാ തീവ്ര ക്രൈസ്തവ സംഘടനകളുടെ പിന്തുണ കണ്ട് ജോര്‍ജിനെ കൂടെ കൂട്ടിയതോടെ ബിജെപിക്ക് നഷ്ടം സ്വന്തം വോട്ടുകള്‍ ! എറണാകുളത്തെ വിമതരുടെ വാദവും പൊളിഞ്ഞു ! തൃക്കാക്കരയിൽ വിശ്വാസികൾ വോട്ട് ചെയ്തത് സ്വന്തം നിലപാടുകൾ നോക്കി മാത്രം. എല്ലാം കഴിഞ്ഞപ്പോൾ ക്രിസ്ത്യാനികളെ മനസിലായില്ലേ എന്ന് ചങ്ങനാശ്ശേരി ബിഷപ്പിന്റെ കുറിപ്പും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളും ക്രൈസ്തവ വോട്ട് ലക്ഷ്യമിട്ട് നടത്തിയ നീക്കങ്ങള്‍ പരാജയപ്പെട്ടത് ആ സമൂഹം ഇനിയും കൈവിടാതെ കാത്തു സൂക്ഷിക്കുന്ന മതേതരത്വ സ്വഭാവം കൊണ്ടു തന്നെ. വര്‍ഗീയ കാഴ്ചപ്പാടുകള്‍ക്ക് അപ്പുറം സമുദായ സൗഹൃദം എന്ന സന്ദേശം തന്നെയാണ് തൃക്കാക്കരയിലെ ഫലം നല്‍കുന്നത്. ക്രൈസ്തവ വോട്ടുകൾ ലക്ഷ്യം വച്ച എല്ലാ സോഷ്യല്‍ എന്‍ജിനീയറിങ്ങുകളും പരാജയപ്പെടുന്നതും തൃക്കാക്കര കണ്ടു.

ക്രൈസ്തവ വോട്ടുകൾ പെട്ടിയിലാക്കാന്‍ ചിലര്‍ നടത്തിയ എല്ലാ നീക്കങ്ങളും പരാജയപ്പെടുന്നതിനും തൃക്കാക്കര സാക്ഷിയായി. ക്രിസംഘികളുടെ പിന്തുണയോടെ ബിജെപി നടത്തിയ 'പിസി ജോര്‍ജ് ഷോ' തന്നെയായിരുന്നു ഇതില്‍ പ്രധാനം. എന്നാല്‍ ഇക്കാലമത്രയും തീവ്ര മുസ്ലീം സംഘടനകൾക്ക് കഞ്ഞിവയ്പ് നടത്തിയ ജോര്‍ജ് വന്നതോടെ ഉണ്ടായിരുന്ന വോട്ടുകള്‍ കൂടി ബിജെപിക്ക് സ്വന്തം പാളയത്തില്‍ നിന്നും നഷ്ടമായി.

ജോര്‍ജ് വരുന്നതോടെ ക്രൈസ്തവരെ വേട്ടയാടുന്നുവെന്ന ആക്ഷേപം ശക്തമായി ഉന്നയിക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വം ശ്രമിച്ചത്. വിദ്വേഷ പ്രസംഗം നടത്തിയ ജോര്‍ജിനെ കൂടെ കൂട്ടി നടത്തിയ റോഡ് ഷോ ഇതാണ് ലക്ഷ്യമിട്ടത്. എന്നാല്‍ അത് അമ്പേ പരാജയമായി.

ജോര്‍ജിന് അനുകൂലമായി ആളില്ലാ ക്രൈസ്തവ സംഘടനകള്‍ നിലപാട് എടുത്തപ്പോള്‍ അത് ക്രൈസ്തവരുടെ എല്ലാം ശബ്ദമാണെന്ന് തെറ്റിദ്ധരിച്ചത് ബിജെപിക്ക് പറ്റിയ പിഴവായിരുന്നു. ചില തീവ്ര സ്വഭാവമുള്ളവരെ കൂടെ കൂട്ടിയാല്‍ വോട്ട് കിട്ടുമെന്ന തെറ്റിദ്ധാരണയും ഇതോടെ പൊളിഞ്ഞു.

മറുഭാഗത്ത് സിപിഎമ്മിനും ഈ പിഴവ് ഉണ്ടായി. തങ്ങള്‍ രാഷ്ട്രീയമായ പോരാട്ടത്തിന് വേണ്ടി തീരുമാനിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റുകയും പകരം ചില ലക്ഷ്യങ്ങളോടെ മറ്റൊരാളെ രംഗത്ത് ഇറക്കുകയും ചെയ്തതോടെ ആ പിഴവ് വലുതായി. സ്ഥാനാര്‍ത്ഥിയെ സഭയുടെ സ്ഥാപനത്തില്‍ വച്ച് പരിചയപ്പെടുത്തുക കൂടി ചെയ്തതോടെ ഈ ആക്ഷേപം ശക്തമായി.

തുടര്‍ന്നങ്ങോട്ട് സഭയുടെ സ്ഥാനാര്‍ത്ഥിയാണ് തങ്ങളുടേതെന്ന രീതിയില്‍ പ്രചാരണം നടത്തിയത് വലിയ തിരിച്ചടി ഉണ്ടാക്കി. ഇതോടെ സഭാ കേന്ദ്രങ്ങളില്‍ ഉമാ തോമസിന് വോട്ടു കൂടി. ഇതിന് പിന്നില്‍ ക്രൈസ്തവ സമൂഹം എല്ലാ കാലത്തും പുലര്‍ത്തി വരുന്ന മതേതര കാഴ്ചപ്പാട് തന്നെയായിരുന്നു.

മെത്രാനോ, വൈദീകനോ പറയുന്നതനുസരിച്ചല്ല വിശ്വാസികള്‍ വോട്ടു ചെയ്യുന്നതെന്ന അടിസ്ഥാന തത്വം മറന്നതാണ് യഥാര്‍ത്ഥത്തില്‍ തിരിച്ചടിയായത്. ഇനി മറ്റൊരു വിഭാഗം തങ്ങളാണ് ഉമ തോമസിനെ വിജയിപ്പിച്ചതെന്ന് അവകാശപ്പെട്ട് രംഗത്തുണ്ട്.

എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമത വിഭാഗത്തിലെ ചിലരാണ് ഇപ്പോള്‍ ഈ പ്രചാരണം നടത്തുന്നത്. പക്ഷേ കണക്കുകള്‍ നോക്കിയാല്‍ ഈ അവകാശവാദത്തിന് പ്രസക്തിയൊന്നുമില്ലെന്ന് കാണാം. സഭാ സ്ഥാനാര്‍ത്ഥിയെന്ന് അവകാശപ്പെട്ട ഡോക്ടറെ പ്രഖ്യാപിക്കുന്ന വാര്‍ത്താ സമ്മേളനത്തിന് ഇരുന്ന വൈദീകന്‍ വിമത വിഭാഗത്തിലെ പ്രമുഖനായിരുന്നു.

അതിരൂപതയുടെ ആശുപത്രിയിലെ ഡോക്ടറെ രംഗത്ത് ഇറക്കുമ്പോള്‍ അതിന് മാനസിക പിന്തുണ നല്‍കിയവര്‍ കര്‍ദിനാളിനെ എതിര്‍ക്കാന്‍ വേണ്ടി അത് തള്ളിപ്പറയുന്ന സ്ഥിതിയായിരുന്നു കണ്ടത്. ഒടുവില്‍ ഉമ വിജയിച്ചപ്പോള്‍ ആ ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള ഇവരുടെ നീക്കം അപഹാസ്യമാകുകയാണ്.

തൃക്കാക്കര തെരഞ്ഞെടുപ്പിലൂടെ സുവ്യക്തമായിവന്നത് ക്രിസ്ത്യാനിയുടെ അടിയുറച്ച മാനവിക ചിന്തയാണെന്ന് വ്യക്തമാക്കി ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ ബിഷപ് മാര്‍ തോമസ് തറയിലും രംഗത്ത് വന്നു. വർഗീയ ചിന്തകൾക്ക് വേരോട്ടമില്ലാത്ത മനസാണ് ക്രിസ്ത്യാനിയുടേതെന്നു തെളിഞ്ഞ ഒരു തെരഞ്ഞെടുപ്പ് ഫലമാണുണ്ടായതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

publive-image

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

തൃക്കാക്കര തെരഞ്ഞെടുപ്പിലൂടെ സുവ്യക്തമായിവന്നത് ക്രിസ്ത്യാനിയുടെ അടിയുറച്ച മാനവിക ചിന്തയാണ്. വർഗീയ ചിന്തകൾക്ക് വേരോട്ടമില്ലാത്ത മനസാണ് ക്രിസ്ത്യാനിയുടേതെന്നു തെളിഞ്ഞ ഒരു തെരഞ്ഞെടുപ്പ് ഫലമാണുണ്ടായത്.

ക്രൈസ്തവരെ മാനവികതയുടെ ഭാഗത്തും സഭയെയും സഭാനേതൃത്വത്തെയും വർഗീയതയുടെ ഭാഗത്തും നിർത്തി സഭാധ്യക്ഷന്മാരെയും സഭാസ്ഥാപനങ്ങളെയും അപഹസിക്കുന്ന ബുദ്ധിജീവികളോടും കലക്കവെള്ളത്തിൽ മീൻ പിടിക്കാനായി തെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രഡിറ്റെടുക്കാൻ മത്സരിക്കുന്നവരോടും ഒരു ഓർമ്മപ്പെടുത്തൽ: കേരളത്തിലെ ക്രൈസ്തവർ വർഗീയതക്കെതിരായി നിലപാടുകളെടുക്കുന്നവരാണെങ്കിൽ അതിനൊരു പ്രധാന കാരണം അവർക്കു വിശ്വാസ പരിശീലനം കൊടുക്കുന്ന സഭകൾ തന്നെയാണ്.

ഞങ്ങളുടെ പ്രഘോഷണവും പ്രാർത്ഥനകളും സകല മനുഷ്യരെയും ഉൾക്കൊള്ളുന്നതും എല്ലാവരെയും സ്നേഹിക്കാനും എല്ലാവരോടും ക്ഷമിക്കാനും പ്രേരിപ്പിക്കുന്നതുമാണ്. സഭാസ്ഥാപനങ്ങൾ എന്നും മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചതുകൊണ്ടുകൂടിയാണ് ആ സ്ഥാപനങ്ങളിലൂടെ കടന്നുപോയ നാനാജാതിമതസ്ഥരും സമാധാനചിന്ത പുലർത്തുന്നതെന്നുകൂടി തിരിച്ചറിയുന്നത് നല്ലതാണ്.

അതേസമയം, വർഗീയതാല്പര്യത്തിൽ വോട്ടുബാങ്ക് ആകാൻ ശ്രമിക്കാത്ത സമൂഹങ്ങളെ പാടെ അവഗണിച്ചു നിലപാടുകളെടുക്കുമ്പോൾ അത്തരം സമൂഹങ്ങളിൽ അസ്വസ്ഥതകൾ ഉണ്ടാകാം. അസമത്വങ്ങളെക്കുറിച്ചു പ്രതികരിക്കുമ്പോൾ, അതാർക്കും എതിരാകുന്നില്ല; അസമത്വങ്ങൾ ഇല്ലാതെയാകുമ്പോൾ, സമൂഹം കൂടുതൽ മാനവികമാകുന്നതേയുള്ളു.

Advertisment