Advertisment

ബഫർ സോൺ ഉത്തരവ് പുന : പരിശോധിക്കുവാൻ പ്രമേയം പാസ്സാക്കി ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്‌

New Update

publive-image

Advertisment

അലക്കോട് : പരിസ്ഥിതി ലോല മേഖലകൾ സംരക്ഷിത വനപ്രദേശത്ത് ഒരു കിലോമീറ്റർ നിർബന്ധമാക്കി യുള്ള സുപ്രീംകോടതിവിധി അപ്രായോഗികവും നീതിരഹിതമാണ്. സംരക്ഷിത വനമേഖല കളിലും ദേശീയ ഉദ്യാനങ്ങളിലും ഒരു കിലോമീറ്റർ ബഫർസോൺ വേണമെന്ന സുപ്രീംകോടതി വിധി റദ്ദാക്കുന്നതിന് ആവശ്യമായ നിയമ നിർമ്മാണം നടത്തുന്നതിനു സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊണ്ട് ആരോഗ്യം വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സിബി ദാമോദരൻ അവതരിപ്പിച്ച പ്രമേയം യോഗം ഐകകണ്ഠം അംഗീകരിച്ച് പാസ്സാക്കി.

കേവലം 98 ലക്ഷം ഏക്കർ മാത്രം ഭൂപ്രദേശം ഉള്ള കേരള സംസ്ഥാനത്ത് 24 വന്യജീവിസംരക്ഷണ മേഖലകൾ ആണുള്ളത് കൂടാതെ ആറോളം സംരക്ഷിത മേഖലകൾ സംസ്ഥാനം ശുപാർശ ചെയ്തിട്ടുണ്ട്. ജനസാന്ദ്രത ഏറിയ കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ബഫർ സോൺ ഉത്തരവ് നടപ്പിലാക്കിയാൽ ജനജീവിതം ദുസ്സഹമാകുമെന്നും കൃഷി ഭൂമി അടക്കം ഉപേക്ഷിച്ച് ജനങ്ങൾ തെരുവിലേക്കിറങ്ങേണ്ടി വരുമെന്നും പ്രമേവതാരകൻ ആശങ്ക പ്രകടിപ്പിച്ചു. ഇടുക്കി ജില്ലയിൽ 13 ലക്ഷത്തോളം വരുന്ന ജനതയ്ക്ക് കേവലം 2 ലക്ഷത്തോളം ഏക്കർ ഭൂമി മാത്രമാണ് ഉപയോഗത്തിലുള്ളതെന്നും അതിൽ നിന്നും 350 കിലോമീറ്ററോളം വനാതിർത്തി പങ്കിടുന്ന പ്രദേശത്ത് ബഫർ സോൺ ഏർപ്പെടുത്തുകയാണെങ്കിൽ ജനവാസം അനുവദനീയമായ ഭൂമി കാര്യമായി ബാക്കി ഉണ്ടാവുകയില്ലെന്നും കേരളത്തിന്റെ തന്നെ പ്രധാന ഊർജ്ജ ശ്രോതസ്സായ ഇടുക്കി അണക്കെട്ടിന്റെ നിലനിൽപ്പിനെ പോലും ബാധിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മാത്യു കെ ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തിര യോഗത്തിൽ വൈസ് പ്രസിഡന്റ് ഡാനിമോൾ വർഗീസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ടോമി കാവാലം, ആൻസി സോജൻ, ഭരണസമിതി അംഗങ്ങളായ കെ എസ് ജോൺ, കെ കെ രവി, ജിനോ കുരുവിള, ഷൈനി സന്തോഷ്‌, ജിജി സുരേന്ദ്രൻ, ടെസ്സി മോൾ മാത്യു, മിനി ആന്റണി, നൈസി ഡെനിൽ എന്നിവർ പ്രമേയത്തെ അനുകൂലിച്ചു കൊണ്ട് സംസാരിച്ചു. ജനജീവിതം ദുസ്സഹമാക്കാത്ത വിധം പ്രകൃതി സംരക്ഷണത്തിനുള്ള നടപടികൾ ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ മനസ്സിലാക്കികൊണ്ട് നടപ്പാക്കണമെന്ന അഭ്യർത്ഥനയോടെ സംസ്ഥാന സർക്കാരിനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും ഈ പ്രമേയം സമർപ്പിക്കുമെന്ന് പ്രസിഡന്റ്‌ മാത്യു കെ ജോൺ പറഞ്ഞു.

Advertisment