Advertisment

കൃത്യമായി നികുതിയടച്ചു, സാമ്പത്തിക സ്ഥിരത കാത്തു; ടെക്‌നോപാര്‍ക്കിന് കേന്ദ്രത്തിന്റെയും ക്രിസിലിന്റെയും അംഗീകാരം

New Update

publive-image

തിരുവനന്തപുരം: ജി.എസ്.ടി നികുതികള്‍ കൃത്യമായി ഫയല്‍ ചെയ്യുകയും അടയ്ക്കുകയും സാമ്പത്തിക നിലയില്‍ കൃത്യമായ പുരോഗതി കാത്തുസൂക്ഷിക്കുകയും ചെയ്ത ടെക്‌നോപാര്‍ക്കിന് കേന്ദ്ര സര്‍ക്കാരിന്റെയും ക്രിസിലിന്റെയും (ക്രഡിറ്റ് റേറ്റിങ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫ് ഇന്ത്യ ലിമിറ്റഡ്) അംഗീകാരം. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് നല്‍കിയ സര്‍ട്ടിഫിക്കറ്റും ക്രിസിലിന്റെ അംഗീകാരവും ടെക്‌നോപാര്‍ക്കിന് ലഭിച്ചു.

സാമ്പത്തിക സുതാര്യതയും കൃത്യമായ സമയത്ത് നികുതികളടയ്ക്കുന്നതും ലോണ്‍ തിരിച്ചടവുകള്‍ നടത്തിയതും ലഭ്യമാകുന്ന തുക ഏറ്റവും നന്നായി വിനിയോഗിക്കുന്നതുമാണ് ടെക്‌നോപാര്‍ക്കിനെ ഈ അംഗീകാരങ്ങള്‍ക്ക് അര്‍ഹമാക്കിയതെന്ന് ടെക്‌നോപാര്‍ക്ക് ചീഫ് ഫിനാന്‍സ് ഓഫീസര്‍ ജയന്തി ലക്ഷ്മി പറഞ്ഞു. ടെക്‌നോപാര്‍ക്കിലെ ജി.എസ്.ടി ഇടപാടുകളും സാമ്പത്തിക കാര്യങ്ങളിലെ കൃത്യതയും നിലനിര്‍ത്താന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കഴിഞ്ഞിട്ടുണ്ട്. ക്രിസില്‍ റേറ്റിങ്ങില്‍ കഴിഞ്ഞ വര്‍ഷം എ ഗ്രേഡില്‍ നിന്ന് എ പ്ലസിലേക്ക് ടെക്‌നോപാര്‍ക്ക് ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ലഭിച്ച അംഗീകാരത്തില്‍ 2023 ജൂണ്‍ വരെയുള്ള കാലയളവിലേക്ക് എ പ്ലസ് സ്‌റ്റേബിളാണ് ടെക്‌നോപാര്‍ക്കിന് ലഭിച്ചിരിക്കുന്നത്. സാമ്പത്തിക ക്രയവിക്രയത്തിന് ലഭിച്ച ഈ അംഗീകാരം അഭിമാനാര്‍ഹമാണെന്നും മുന്നോട്ടുള്ള യാത്രയില്‍ പ്രചോദനമാണെന്നും ജയന്തി ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

Advertisment