Advertisment

സുനില്‍ ഗവാസ്‌കറിന് എസ്ജെഎഫ്ഐ ഗോള്‍ഡ് മെഡല്‍ സമ്മാനിച്ചു; ജനമനസുകളില്‍ തന്നെ പ്രതിഷ്ഠിച്ചത് അച്ചടിമാധ്യമങ്ങളെന്ന് ഗവാസ്‌കര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ലോകത്തെ മികച്ച ബാറ്റ്സ്മാനും ആരാധകരുടെ ലിറ്റിന്‍ മാസ്റ്ററുമായ സുനില്‍ മനോഹര്‍ ഗവാസ്‌കറിന് സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ് ഫെഡറേഷന്‍ ഒഫ് ഇന്ത്യ(എസ്ജെഎഫ്ഐ) യുടെ ഗോള്‍ഡ് മെഡല്‍ സമ്മാനിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബി.സി.സി.ഐ മുന്‍ സെക്രട്ടറി എസ്.കെ.നായരും ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ്ജും ചേര്‍ന്നാണ് എസ്ജെഎഫ്ഐ മെഡല്‍ സമ്മാനിച്ചത്. പ്രശസ്തി പത്രവും എസ്ജെഎഫ്ഐയുടെ ഓണററി ലൈഫ് മെമ്പര്‍ഷിപ്പും മെഡിലിനൊപ്പം നല്‍കി.

ചടങ്ങില്‍ എസ്.ജെ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ എ. വിനോദ് അധ്യക്ഷത വഹിച്ചു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനും പ്രമുഖ കമന്റേറ്ററുമായ രവിശാസ്ത്രിയെയും ചടങ്ങില്‍ ആദരിച്ചു. രവി ശാസ്ത്രിക്കും ഓണററി ലൈഫ് മെമ്പര്‍ഷിപ്പ് നല്‍കി.

ക്രിക്കറ്റര്‍ എന്ന നിലയില്‍ തന്റെ ഉയര്‍ച്ചയ്ക്ക് മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ സംഭാവനകള്‍ നിസ്തുലമാണെന്നും ജീവിതത്തില്‍ സ്പോര്‍ട്സിന്റെ പ്രാധാന്യം ഏറിവരുന്ന ഘട്ടത്തില്‍ മാധ്യമങ്ങളും കായിക പ്രതിഭകളും അധികൃതരും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും അത് കായികരംഗത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

അഖിലേന്ത്യാതലത്തിലെ മാധ്യമപ്രവത്തകരുടെ സംഘടനയില്‍ നിന്ന് ഇത്തരമൊരു അംഗീകാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ടെലിവിഷന്‍ ഇല്ലാതിരുന്ന കാലത്ത് തന്നെ ജനമനസുകളില്‍ പ്രതിഷ്ഠിച്ചത് അച്ചടി മാധ്യമങ്ങളാണ്. ആദ്യമായി തന്റെ പേര് പത്രത്തില്‍ അച്ചടിച്ചുവന്ന രാത്രി തനിക്ക് ഉറങ്ങാനായില്ലെന്ന് അദ്ദേഹം അനുസ്മരിച്ചു. മുംബൈയില്‍ ഹാരിഷീല്‍ സ്‌കൂള്‍ ക്രിക്കറ്റില്‍ പുറത്താകാതെ താന്‍ മുപ്പത് റണ്‍സ് നേടിയപ്പോള്‍ തന്റെ പേര് സുനില്‍ വഗവാസ്‌കറിനു പകരം ജി. സുനില്‍ എന്നാണ് അച്ചടിച്ചു വന്നതെന്നും അദ്ദേഹം അനുസ്മരിച്ചു. ലോകമെമ്പാടും തനിക്ക് ആരാധകരുണ്ടായത് പ്രശസ്ത മാധ്യമപ്രവര്‍ത്തകരുടെ തൂലികത്തുമ്പിലൂടെയാണ്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് മാധ്യമങ്ങളില്‍ ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങിയപ്പോഴാണ് മാധ്യമപ്രവര്‍ത്തനം ഇത്രയും ഉത്തരവാദിത്വമുള്ളതാണെന്ന് മനസിലായത്. തന്റെ കാലത്തെ സ്പോര്‍ട്സ് ജേര്‍ണലിസ്റ്റുകളോടെല്ലാം മികച്ച സൗഹൃദം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദൃശ്യമാധ്യമങ്ങള്‍ വരുന്നതിന് മുമ്പ് ക്രിക്കറ്റ് കളിച്ചിരുന്ന രവിശാസ്ത്രിയെ ഇന്നും പുതു തലമുറ തിരിച്ചറിയുന്നതിന് പിന്നില്‍ അച്ചടിമാധ്യമങ്ങളാണെന്നും കായികതാരങ്ങള്‍ക്ക് അവരുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ് മാദ്ധ്യമങ്ങളെന്നും എസ്.ജെ.എഫ്.ഐ ആജീവനാന്ത അംഗത്വം സ്വീകരിച്ച് രവിശാസ്ത്രി പറഞ്ഞു. ജനങ്ങളുടെ മനസില്‍ ഞങ്ങള്‍ക്ക് ചിര പ്രതിഷ്ഠയൊരുക്കിയ അച്ചടിമാദ്ധ്യമങ്ങളോട് എന്നും ആദരവുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ അമ്മ തന്നെക്കുറിച്ച് വന്ന പത്രവാര്‍ത്തകളെല്ലാം വെട്ടിയെടുത്ത് സൂക്ഷിച്ചിരുന്നു. അതൊരു ബുക്കായി ഇപ്പോഴും സൂക്ഷിക്കുന്നുണ്ടെന്നും ശാസ്ത്രി.

1976 ഫെബ്രുവരി 27ന് പശ്ചിമബംഗാളിലെ ഈഡന്‍ ഗാര്‍ഡന്‍സ് ആസ്ഥാനമാക്കി രൂപംകൊണ്ട എസ്.ജെ.എഫ്.ഐയുടെ ഗോള്‍ഡ് മെഡലിന് ബാഡ്മിന്റണ്‍ ഇതിഹാസം പ്രകാശ് പദുക്കോണ്‍, ടെന്നീസ് ഇതിഹാസം വിജയ് അമൃത് രാജ് എന്നിവരും അര്‍ഹരായിട്ടുണ്ട്. എസ്.ജെ.എഫ്.ഐ ജോയിന്റ് സെക്രട്ടറി ആര്‍. കൗശിക്, വൈസ് പ്രസിഡന്റുമാരായ വികാസ് പാണ്ഡെ, സംബീത് മൊഹാപത്ര, പ്രശാന്ത് ഖേനി, കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ വര്‍ഗീസ്, അന്താരാഷ്ട്ര ടേബിള്‍ ടെന്നീസ് കോമ്പറ്റീഷന്‍ മാനേജര്‍ എന്‍. ഗണേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment