Advertisment

സഭാ തർക്ക പരിഹാരത്തിന് നിയമനിർമ്മാണം :ചീഫ് സെക്രട്ടറിക്ക് ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി നിവേദനം സമർപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

കോഴിക്കോട് : സഭാ തർക്കം നിലനിൽക്കുന്ന പള്ളികളിൽ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് ബഹു. കോടതിയുടെ നിർദ്ദേശത്തിനു വിധേയമായി ഓർത്തോഡോക്സ് - യാക്കോബായ തർക്കം രമ്യമായി പരിഹരിക്കുന്നതിനാണ് കേരള മുഖ്യമന്ത്രി കഴിഞ്ഞദിവസം (21/09/2022) ബന്ധപ്പെട്ടവരുടെ യോഗം തിരുവനന്തപുരത്ത് വിളിച്ചു ചേർത്തത്. ഇരു വിഭാഗവുമായി ചർച്ച നടത്തി ഒരു മാസത്തിനകം തീരുമാനമെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി വി.പി ജോയ് ഐ.എ.എസ് അധ്യക്ഷനായി ഉപസമിതിയെ ചുമതലപ്പെടുത്തിയത്.

ചർച്ചകൾ തുടരണമെന്നും പുതിയ കേസുകൾ ഇരു കൂട്ടരും കൊടുക്കരുതെന്നും നിലവിലുള്ള കേസുകളിൽ സമ്മർദ്ദം ചെലുത്തരുതെന്നുമുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശം ഇരു വിഭാഗവും അംഗീകരിച്ചത് വിശ്വാസികൾക്ക് ശുഭപ്രതീക്ഷ നൽകുന്നുവെന്ന് സൊസൈറ്റി ഭാരവാഹികൾ ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി ചെയർമാൻ ഷെവലിയാർ സി.ഇ ചാക്കുണ്ണി, വൈസ് ചെയർമാൻ പ്രൊഫസർ ഫിലിപ്പ് കെ ആന്റണി, നിയമോപദേഷ്ടാവ് അഡ്വക്കേറ്റ് എം.കെ. അയ്യപ്പൻ എന്നിവർ നിവേദനം സമർപ്പിച്ച് ചർച്ച നടത്തിയത്.

വർഷങ്ങളായി നീണ്ടുനിൽക്കുന്ന ഓർത്തഡോക്സ് - യാക്കോബായ തർക്കം ശാശ്വതമായി പരിഹരിക്കുന്നതിന് ബഹുമാനപ്പെട്ട ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്കരണ കമ്മീഷൻ ശുപാർശ ചെയ്ത "ദി കേരള ചർച്ച് മാനേജ്മെന്റ് & അഡ്മിനിസ്ട്രേഷൻ" ( ഓഫ് പ്രോപ്പർട്ടീസ് ) ബിൽ നടപ്പാക്കണമെന്ന് അഭ്യർത്ഥിച്ചാണ് ചീഫ് സെക്രട്ടറിയുമായി സൊസൈറ്റി ഭാരവാഹികൾ ചർച്ച നടത്തിയത്. ഇതേ ആവശ്യം അഭ്യർത്ഥിച്ച് നേരത്തെ മുഖ്യമന്ത്രിക്കും സഹ മന്ത്രിമാർക്കും സൊസൈറ്റി നിവേദനം സമർപ്പിച്ചത് തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പ്രശ്നം പരിഹരിക്കണമെന്ന് തന്നെയാണ് സർക്കാരിന്റെയും നിലപാടെന്നും അതിനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം നിവേദന സംഘത്തെ അറിയിച്ചു.

Advertisment