Advertisment

എന്നും പഴി കേള്‍ക്കുന്ന ആഭ്യന്തര വകുപ്പില്‍ ചരിത്രപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയ മന്ത്രി; വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ഉടന്‍ തന്നെ പൊലീസില്‍ വ്യക്തമായ നിയന്ത്രണം നേടി; ജനമൈത്രി പൊലീസ് ഉള്‍പ്പെടെയുള്ള പദ്ധതികളും കോടിയേരിയുടെ ഭരണമികവിന്റെ മികച്ച ഉദാഹരണങ്ങള്‍ തന്നെ! സംഘടനാ പ്രവർത്തനത്തിനൊപ്പം പാർലമെന്ററി രാഷ്ട്രീയത്തിലും മികവ് പ്രകടിപ്പിച്ച കോടിയേരി ജനകീയനായി മാറിയത്‌ വലിപ്പ ചെറുപ്പമില്ലാതെ ആരെയും സ്വാഗതം ചെയ്യുന്ന സവിശേഷ ശൈലിയിലൂടെ

New Update

publive-image

Advertisment

വലിപ്പ ചെറുപ്പമില്ലാതെ ആരെയും സ്വാഗതം ചെയ്യുന്ന സവിശേഷ ശൈലിയിലൂടെ ജനകീയനായി മാറിയ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. സംഘടനാ പ്രവര്‍തത്തിനൊപ്പം പാര്‍ലമെന്ററി രാഷ്ട്രീയത്തിലും മികവ് പ്രകടിപ്പിച്ച അതുല്യ വ്യക്തിത്വമായിരുന്നു അദ്ദേഹം.

എന്നും പഴികേൾക്കുന്ന അഭ്യന്തരവകുപ്പിന്റെ മന്ത്രിയായിരിക്കെ ചരിത്രപരമായ പരിഷ്കാരങ്ങൾ നടപ്പാക്കി തന്റെ ഭരണപാടവം അദ്ദേഹം തെളിയിച്ചു. ജനമൈത്രി പൊലീസ്, സ്റ്റുഡന്റ് കേഡറ്റ്,ഗ്രേഡ് പ്രൊമോഷൻ തുടങ്ങിയ പദ്ധതികളെല്ലാം കോടിയേരിയുടെ സംഭാവനയാണ്.

2006ൽ വി.എസ് മന്ത്രിസഭയിലെ ആഭ്യന്തര-ടൂറിസം മന്ത്രിയായാണ് കോടിയേരിയുടെ മന്ത്രിസഭാ പ്രവേശം. കസ്റ്റഡി മർദ്ദനം, പൊലീസിനെ പേടിച്ച് പ്രതി കായലിൽ ചാടിയത് പോലുളള സംഭവങ്ങൾ സൃഷ്ടിച്ച വിവാദങ്ങള്‍ തുടക്കത്തില്‍ അഭിമുഖീകരിക്കേണ്ടി വന്നു.


പൊലീസ്‌ കാര്യങ്ങളിൽ ഉപദേശങ്ങൾ നൽകാൻ ആഭ്യന്തര സെക്രട്ടറിയായി വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനെ പഴ്സണൽ സ്റ്റാഫിൽ നിയമിച്ചായിരുന്നു മന്ത്രിയെന്ന നിലയിലുള്ള കോടിയേരിയുടെ തുടക്കം. മാസങ്ങൾ കൊണ്ട് പൊലീസിൽ നിയന്ത്രണം നേടാനും കോടിയേരിക്ക് സാധിച്ചു. പൊലീസുകാരുടെ ജോലിസമയം 8 മണിക്കൂറാക്കിയത് ഉള്‍പ്പെടെയുള്ള പൊലീസുകാരുടെ ദീർഘകാല ആവശ്യങ്ങൾ പരിഹരിച്ചു കൊണ്ടായിരുന്നു ഇടപെടൽ.


സർവീസ് കണക്കാക്കി പൊലീസുകാർക്ക് ഗ്രേഡ് പ്രൊമോഷനും അനുവദിച്ചു. ഇന്ത്യൻ റിസർവ് ബറ്റാലിയൻ രൂപീകരിച്ചതും പൊലീസ് സ്റ്റേഷനുകളിൽ ഫ്രണ്ട് ഓഫീസ് തുടങ്ങിയതും കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ്. പൊലീസ്‌ മാന്വൽ പരിഷ്കരണ നടപടികളായിരുന്നു കോടിയേരിയുടെ മറ്റൊരു സംഭാവന.

ജനമൈത്രി സുരക്ഷാ പദ്ധതി, സ്റ്റുഡന്റ് കേഡറ്റ് പദ്ധതി, പൊലീസ്‌ ആക്റ്റ് പരിഷ്കരണം തുടങ്ങിയവയും കോടിയേരിയുടെ ഭരണനേട്ടങ്ങളാണ്.. പോൾ മൂത്തൂറ്റ് കൊലപാതകം, ബീമാപ്പളളി വെടിവെയ്പ്, ട്രെയിനുകളിൽ ഡിറ്ററനേറ്റർ കണ്ടെത്തിയ സംഭവം തുടങ്ങിയ വിവാദം ഉയർത്തിയ നിരവധി സംഭവങ്ങളുണ്ടായെങ്കിലും നയചാതുരി കൊണ്ട് അവയെയൊക്കെ മറികടക്കാൻ കോടിയേരിക്ക് സാധിച്ചു.


വിനോദ സഞ്ചാര വകുപ്പിൽ കോടിയേരിയുടെ കൈയ്യൊപ്പ് പതിഞ്ഞ ശ്രദ്ധേയമായ സംഭാവനയായിരുന്നു ഉത്തരവാദിത്ത ടൂറിസം പദ്ധതി. നിയമസഭയിലും പുറത്തും സർക്കാരിനെ രാഷ്ട്രീയമായി പ്രതിരോധിക്കുന്നതിലും കോടിയേരി മുന്നിട്ടിറങ്ങി. പാർട്ടിയും സർക്കാരും രണ്ട് വഴിക്കാണെന്ന വിമർശനത്തെ ഒരു പരിധി വരെ മറികടക്കുന്നതിനും ഇതിലൂടെ കഴിഞ്ഞു.


രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് നീളുന്ന വ്യക്തി ബന്ധങ്ങളും ആർക്കും സമീപിക്കാവുന്ന സ്വാതന്ത്ര്യവും കോടിയേരിയുടെ ജനകീയതയുടെ ഉദാഹരണമായി.

Advertisment