Advertisment

പൊന്നാനി എം എസ് എസ് അഖിലകേരള ഖുർആൻ മത്സരങ്ങൾ: നിബന്ധനകൾ പ്രസിദ്ധീകരിച്ചു; അപേക്ഷ സ്വീകരിക്കൽ നവം. 10 വരെ

New Update

publive-image

Advertisment

പൊന്നാനി: മുസ്ലിം സർവീസ് സൊസൈറ്റി (എം എസ് എസ്) പൊന്നാനി ഘടകം നടത്തി വരുന്ന ഹോപ്പ് സ്പെഷ്യൽ സ്‌കൂളിന്റെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള ആറാമത് അഖില കേരള ഖുർആൻ മനഃപാഠ - പാരായണ മത്സരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഓർഗനൈസിംഗ് കമ്മിറ്റി പ്രസിദ്ധീകരിച്ചു.

ഡിസംബർ മൂന്ന്, നാല് തിയ്യതികളിൽ പൊന്നാനി തൃക്കാവിലെ മാസ് ഓഡിറ്റോറിയത്തിൽ വെച്ചായിരിക്കും എം എസ് എസ് പൊന്നാനി സംഘടിപ്പിക്കുന്ന "അഖില കേരള ഖുർആൻ മനഃപാഠ - പാരായണ മത്സരം 2022". മത്സരാർഥികളിൽ നിന്ന് നിർദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ നവംബർ പത്തിന് മുമ്പായി സംഘാടകർക്ക് ലഭിച്ചിരിക്കണം.

അപേക്ഷാ ഫോറം ലഭിക്കാനും പൂരിപ്പിച്ച ശേഷം അവ സമർപ്പിക്കാനും താഴെ വഴികൾ ഉപയോഗിക്കാം. മൊബൈൽ: 95395 70008, 98470 54180/, ഇമെയിൽ: mssquranhifz2022@gmail.com / മെയിൽ: സെക്രട്ടറി, മുസ്ലിം സർവീസ് സൊസൈറ്റി, ജിം റോഡ്, പൊന്നാനി 679577.

ഖുർആൻ മനഃപാഠം (ഹിഫ്‌സ്), പാരായണം (തിലാവത്ത്) എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. വിശുദ്ധ ഗ്രന്ഥം മുഴുവനായി ഹൃദിസ്ഥമാക്കിയവർക്ക് മാത്രമായിരിക്കും ഹിഫ്‌സ്‌ ഇനത്തിൽ മത്സരിക്കാൻ അർഹത. ഇതിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം ഇരുപതിനായിരം, പതിനയ്യായിരം, പതിനായിരം വീതം രൂപയും സർട്ടിഫിക്കറ്റുമായിരിക്കും സമ്മാനം.

പാരായണ മത്സരം അപേക്ഷകരുടെ പ്രായം അടിസ്ഥാനമാക്കിയുള്ള രണ്ട് വിഭാഗങ്ങളിലായിരിക്കും നടക്കുക. പതിനഞ്ച് വയസ്സ് വരെയും അതിനു മുകളിലും പ്രായമുള്ളവർ ഉൾപ്പെടുന്നതാണ് രണ്ട് വിഭാഗങ്ങൾ. ഇതിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്കുള്ള സമ്മാനം ഇപ്രകാരമാണ് - യഥാക്രമം പതിനയ്യായിരം, പതിനായിരം, ഏഴായിരം വീതം രൂപയും സർട്ടിഫിക്കറ്റും.

അപേക്ഷകരുടെ എണ്ണം പരിഗണിച്ച് പ്രാഥമിക സ്ക്രീനിങ് ഏർപ്പെടുത്തുമെന്നും സംഘാടകർ അറിയിച്ചു. സ്‌ക്രീനിങ്ങിൽ വിജയികളാവുന്നവരെ ഉൾപ്പെടുത്തിയായിരിക്കും അന്തിമ മത്സരങ്ങൾ. അന്തിമ മത്സരങ്ങളിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും യാത്രാബത്ത, താമസം, ഭക്ഷണം എന്നിവ സംഘാടകർ നൽകും.

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മത്സരങ്ങളിൽ പങ്കെടുക്കാമെന്നും എന്നാൽ മത്സരം പുരുഷന്മാർക്ക് മാത്രമായിരിക്കുമെന്നും കമ്മിറ്റി പ്രസിദ്ധീകരിച്ച നിയമാവലി വ്യക്തമാക്കി.

Advertisment