Advertisment

പൊന്നാനിയുടെ പൊൻതാരങ്ങളായ് ഡോ. സൻഫിയും ഡോ. സുൽഫത്തും

New Update

പൊന്നാനി: ഡോ. എ പി എം സെൻഫി, ഡോ. ഇ കെ സുൽഫത്ത് - ഇവർ ചരിത്രം ത്രസിക്കുന്ന പൊന്നാനിയിൽ വൈദ്യശാസ്ത്രത്തിലധിഷ്ഠിതമായ മറ്റൊരു ചരിത്രം എഴുതിയെടുത്തവർ. ഒരാൾ ആയുർവേദത്തിലും മറ്റൊരാൾ അലോപ്പതിയിലും അഭിമാനം തുടിക്കുന്ന ചരിത്രം. ഇയ്യിടെ പുറത്തവന്ന മെഡിക്കൽ പരീക്ഷാ ഫലങ്ങളിലെ മിന്നുന്ന പ്രകടനത്തിലൂടെയാണ് ഇരുവരും തീരദേശ നാട്ടിന്റെ "പൂന്തിറയില്‍ പെയ്തുണരും പുത്തരി മുത്തുകളായ്" മാറിയത്.

Advertisment

ആയുര്‍വേദ പി ജി പ്രവേശന പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 42ാം റാങ്ക് എഴുതിയെടുത്താണ് ഡോ. എ പി എം സന്‍ഫി ഇസ്ഹാഖ് നാട്ടിന്റെ അഭിമാനമായത്. പ്രത്യേക കാറ്റഗറി വിഭാഗത്തില്‍ സൻഫിയ്ക്ക് ലഭിച്ചത് 14ാം റാങ്കും. 33634 പേര്‍ അപേക്ഷിച്ചതില്‍ പരീക്ഷ എഴുതിയ 31673 പേർക്കിടയിൽ നിന്നാണ് പൊന്നാനിയുടെ അഭിമാനമായി സൻഫി ഏറേ മുൻനിരയിൽ തന്നെ അസൂയാർഹമായ സ്ഥാനം സ്വന്തമാക്കിയത്.

publive-image

ഡോ. എ പി എം സെൻഫി

ആയുർവേദ ഓർത്തോ വിഭാഗത്തിൽ ബിരുദാനന്തര ബിരുദം ചെയ്യാനാണ് സൻഫി ഒരുങ്ങുന്നത്.

തൃശൂര്‍ ഒല്ലൂര്‍ ഗവര്‍മെന്റ് ആയുര്‍വേദ കോളജില്‍ നിന്നാണ് സൻഫി ബി എ എം എസ് നേടിയിരുന്നത്. പിന്നീട്, തിരൂർ, മംഗലം പ്രദേശത്തെ ശ്വേതാരണ്യ ആയുർവേദ ആശ്രമത്തിൽ ഡോക്ടർ ആയി ജോലിയിൽ പ്രവേശിച്ചെങ്കിലും ഒന്നര വർഷം മുമ്പ് അവിടെ നിന്ന് അവധിയെടുത്ത് ഉപരിപഠനത്തിന് ഒരുങ്ങുകയായിരുന്നു. അതാണിപ്പോൾ സഫലമായിരിക്കുന്നത്.

പൊന്നാനി സ്വദേശി കെ ആര്‍ അബ്ദല്ലക്കുട്ടി - എ പി എം സാറു ദമ്പതികളുടെ മകളാണ് ഡോ. സൻഫി. ഭർത്താവ് ഇസ്‌ഹാഖ്‌ പൊന്നാനിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനാണ്. ലൈബ ഏക മകളാണ്.

publive-image

ഡോ. ഇ കെ സുൽഫത്ത്

സുൽഫത്ത് ഡോക്ടറായി

തീരദേശ നഗരത്തിൽ ആഹ്ലാദം തിരയടിച്ച നേട്ടത്തിന്റെ ചിത്രമാണ് കടലിന്റെ മകളായ സുൽഫത്തിൽ തെളിയുന്നത്. കടലിനോടും കഷ്ടപ്പാടിനോടും പടവെട്ടുന്ന മത്സ്യത്തൊഴിലാളിയായ എഴുകുടിക്കൽ ലത്തീഫിന്റെ മകൾ സുൽഫത്തിന്റെ വിജയഗാഥ ഏറ്റുപാടുകയാണ് നിളയോളങ്ങളും കടൽക്കാറ്റും.

സുൽഫത്തിന്റെ വിജയം ഇടതുപക്ഷ സർക്കാരിന്റെ സന്ദർഭോചിതമുള്ള ഇടപെടലിന്റെ ഫലം കൂടിയാണ്. അതിന് ചരടുവലിച്ചതാകട്ടെ സ്ഥലം മുൻ സാമാജികനും സ്പീക്കറുമായ പി ശ്രീരാമകൃഷ്ണനും പിന്നെ മുഖ്യമന്ത്രി പിണറായി വിജയനും. ആ കഥ ഇങ്ങിനെ:

പത്താം ക്ലാസിൽ മുഴുവൻ വിഷയത്തിലും എ പ്ലസും പ്ലസ്ടുവിന്‌ 98.5 ശതമാനം മാർക്കും നേടിയ സുൽഫത്തിന് ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. സയൻസിലുള്ള താൽപ്പര്യം കണ്ടറിഞ്ഞ പൊന്നാനി എം ഐ ഗേൾസ്‌ സ്‌കൂളിലെ അധ്യാപകർ പ്രവേശന പരീക്ഷ എഴുതാൻ നിർബന്ധിച്ചു. മികച്ച വിജയം നേടിയ സുൽഫത്ത്‌ കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിലായിരുന്നു പ്രവേശനം നേടേണ്ടിയിരുന്നതെങ്കിലും 11 ലക്ഷം വാർഷിക ഫീസ്‌ ആദ്യമേ കെട്ടിവെക്കണം എന്ന നിബന്ധനയിൽ സുൽഫത്തിന്റെ ദരിദ്ര രക്ഷിതാക്കൾ സ്തബ്ദരാവുകയായിരുന്നു.

എങ്കിലും, ഡോക്ടർ ആവണമെന്ന ആ മിടുക്കിയുടെ ആഗ്രഹം കൂമ്പടയുമായിരുന്ന അവസാന ഘട്ടത്തിൽ അന്നത്തെ പൊന്നാനി എം എൽ എ പി ശ്രീരാമകൃഷ്‌ണൻ നടത്തിയ ഇടപെടലാണ് ഇപ്പോൾ നാടിനാകെ ആഹ്ലാദത്തിന് വഴിവെച്ചിരിക്കുന്നത്.

വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലെത്തുമ്പോഴേക്ക് മെഡിക്കൽ പ്രവേശനത്തിനുള്ള അവസാന ദിവസങ്ങളായിരുന്നു. അദ്ദേഹം താമസംവിനാ ഫിഷറീസ്, വിദ്യാഭ്യാസ, ധനകാര്യ മന്ത്രിമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചുചേർത്തു. മത്സ്യത്തൊഴിലാളി മേഖലയിലെ മുക്കുവ ധീവര വിഭാഗത്തിന് മാത്രം ലഭിച്ചിരുന്ന ആനുകൂല്യം മുഴുവൻ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കും നൽകുന്ന ഉത്തരവ്‌ ഒന്നര മണിക്കൂറിനുള്ളിൽ സർക്കാർ പുറത്തിറക്കി.

അങ്ങിനെ "അറബിക്കടൽ തീരത്ത് ഊഞ്ഞാലൊരുങ്ങി". സുൽഫത്ത്‌ ഡോക്ടറായി - കേരളത്തിലെ ഇടത്പക്ഷ സർക്കാരിന്റെ സന്ദർഭോചിതവും അനുകമ്പയോടെയുമുള്ള ഇടപെടലിലൂടെ. പിജിയെടുത്ത് കാർഡിയോളജിസ്റ്റാവണമെന്നാണ് സുൽഫത്തിന്റെ ആഗ്രഹം.

മാതാവ്: ലൈല. സഹോദരങ്ങൾ: സുഹൈബ്, നൂറുൽ ഫിദ.

Advertisment