Advertisment

മലയാള മനോരമയുടെ 134 വർഷത്തെ ചരിത്രത്തിലാദ്യമായി വനിതാ പത്രപ്രവർത്തകയെ ന്യൂസ് എഡിറ്ററായി നിയമിക്കുന്നു; തിരുവനന്തപുരത്തെ ആങ്കർ വുമൺ വിനീത ഗോപി ആലപ്പുഴയിൽ ന്യൂസ് എഡിറ്ററായേക്കും ! കടപ്പാടിന്റെ പേരിൽ 70 കഴിഞ്ഞവരെയും കരാറടിസ്ഥാനത്തിൽ തുടരാൻ അനുവദിക്കുന്ന ഏർപ്പാടും മനോരമ അവസാനിപ്പിക്കുന്നു; തിരുവനന്തപുരം യൂണിറ്റിലെ പ്രമുഖർ ഉൾപ്പെടെ മുതിർന്ന മാധ്യമ പ്രവർത്തകർ വിരമിച്ചേക്കും

New Update

publive-image

Advertisment

കോട്ടയം: പത്ര മുത്തശിയായ മലയാള മനോരമയുടെ നൂറ്റിമുപ്പത്തിനാല് വർഷത്തെ ചരിത്രത്തിൽ ആദ്യമായി വനിതാ പത്ര പ്രവർത്തകയെ ന്യൂസ് എഡിറ്ററായി നിയമിക്കുന്നു. തിരുവനന്തപുരം യൂണിറ്റിലെ ആങ്കർ വുമൺ ആയി പ്രവർത്തിക്കുന്ന സീനിയർ അസിസ്റ്റന്റ് എഡിറ്റർ വിനീത ഗോപിയാണ് മനോരമയിൽ ന്യൂസ് എഡിറ്ററായി നിയമിതയാകുന്നത്.

ആലപ്പുഴ യൂണിറ്റിലായിരിക്കും വിനീത ന്യൂസ് എഡിറ്ററായി ചുമതലയേൽക്കുക. മനോരമയിൽ പൊതു സ്ഥലം മാറ്റങ്ങൾ നടപ്പിലാകുന്ന ഏപ്രിൽ മാസത്തിലായിരിക്കും മനോരമയിലെ ചരിത്രം തിരുത്തിക്കൊണ്ട് വിനീതാ ഗോപിയുടെ സ്ഥാനാരോഹണം എന്നാണ് റിപ്പോർട്ട് .


സർവീസിൽ നിന്ന് വിരമിച്ചിട്ടും എക്സ്റ്റൻഷനിൽ തുടരുന്നവരിൽ 70 വയസ് കഴിയുന്നവരെ ഒഴിവാക്കാനുളള തീരുമാനവും ഇത്തവണത്തെ പൊതുസ്ഥലം മാറ്റത്തോടൊപ്പം നടപ്പാക്കാനാണ്‌ തീരുമാനം എന്നും സൂചനയുണ്ട്.


തിരുവനന്തപുരം ബ്യൂറോ ചീഫായി പ്രവർത്തിക്കുന്ന ജോൺ മുണ്ടക്കയം, കോ-ഓർഡിനേറ്റിങ്ങ് എഡിറ്റർ മർക്കോസ് എബ്രഹാം തുടങ്ങിയവരെ ഇതുപ്രകാരം ഒഴിവാക്കാനാണ് സാധ്യത.

മനോരമയിലെ തന്ത്രപ്രധാന തസ്തികയായ തിരുവനന്തപുരം ബ്യൂറോ ചീഫ് സ്ഥാനത്തേക്ക് സ്പെഷ്യൽ കറസ്പോണ്ടന്റ് റെഞ്ചി കുര്യാക്കോസ്, സീനിയർ സ്പെഷ്യൽ കറസ്പോണ്ടന്റ് സുജിത് നായർ എന്നിവരെ പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ.

മർക്കോസ് എബ്രഹാം ഒഴിയുമ്പോൾ ആലപ്പുഴ ന്യൂസ് എഡിറ്ററായി പ്രവർത്തിക്കുന്ന സണ്ണി ജോസഫ് തിരുവനന്തപുരത്ത് കോ-ഓർഡിനേറ്റിങ്ങ് എഡിറ്ററായേക്കും . പൊതു സ്ഥലം മാറ്റത്തിൽ സംസ്ഥാനത്തെ ഇതര ബ്യൂറോകളിലും സ്വാഭാവികമായും മാറ്റങ്ങളുണ്ടാകും.


മലയാള മനോരമയിലെ പദവി വിന്യാസത്തിൽ ഏറ്റവും നിർണായകമായ സ്ഥാനമാണ് ന്യൂസ് എഡിറ്റർ. സീനിയോറിറ്റിയുണ്ടെങ്കിലും എല്ലാവരെയും ആ തസ്തികയിലേക്ക് പരിഗണിക്കാറില്ല. എഡിഷൻ ന്യൂസ് എഡിറ്റർ പോലുളള നിർണായക തസ്തികയിലേക്ക് വിശ്വസ്തരേ മാത്രമേ നിയമിക്കാറുളളു.


ഇതിനായി പറ്റിയ ആളുകളെ കണ്ടെത്തി ഉത്തരവാദിത്തങ്ങളേൽപ്പിച്ച് പരിശീലിപ്പിച്ച് എടുക്കുകയാണ് പതിവ്. എന്നാൽ പത്രത്തിൻെറ 134 വർഷത്തെ ചരിത്രത്തിൽ ഒരിക്കലും ഒരു വനിതാ പത്രപ്രവർത്തകയെ ന്യൂസ് എഡിറ്റർ ആക്കിയിട്ടില്ല.

ആ ചരിത്രം തിരുത്തി കൊണ്ടാണ് വിനീതാ ഗോപിയെ ആലപ്പുഴ ന്യൂസ് എഡിറ്ററാക്കുന്നത്. പത്രത്തിൻെറ ആലപ്പുഴയിലെ എഡിറ്റോറിയൽ ചുമതലക്ക് പുറമേ , യൂണിറ്റിലെ എല്ലാ കാര്യങ്ങളുടെയും അവസാന വാക്ക് നിയമിക്കപ്പെടുമ്പോൾ മുതൽ വിനീത ഗോപിയാകും.

പുതിയ തലമുറയ്ക്ക് അവസരം കിട്ടാത്ത സ്ഥിതി ഒഴിവാക്കാനാണ് വിരമിച്ച് കഴിഞ്ഞും ജോലിയിൽ തുടരുന്ന സീനിയർ പത്രപ്രവർത്തകരെ 70 വയസ് മാനദണ്ഡം വെച്ച് ഒഴിവാക്കാൻ മനോരമ മാനേജ്മെന്റ് തീരുമാനിച്ചത്.


മനോരമ പത്രത്തിന് ഇന്ന് കാണുന്ന നിലയിൽ സ്വീകാര്യത നേടിക്കൊടുന്നതിൽ മുഖ്യപങ്ക് വഹിച്ച എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് നേരത്തെ 75 വയസ് പൂർത്തിയായപ്പോൾ ഒഴിവായിരുന്നു. അതേ മാനദണ്ഡത്തിലാണ് 70 വയസ് പിന്നിടുന്ന തിരുവനന്തപുരം ബ്യൂറോ ചീഫ് ജോൺ മുണ്ടക്കയത്തിനെയും കോ-ഓർഡിനേറ്റിങ്ങ് എഡിറ്റർ മർക്കോസ് എബ്രഹാമിനെയും ഒഴിവാക്കുന്നത്.


ദീർഘനാളായി മനോരമയുടെ തിരുവനന്തപുരത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന മർക്കോസ് എബ്രഹാമും ജോൺ മുണ്ടക്കയവും മാനേജ്മെൻെറിൻെറ വിശ്വസ്തരാണ്. വിരമിച്ചിട്ടും പ്രത്യേക പേ സ്കെയിലിൽ ജോലിയിൽ നിലനിർത്തിയിരുന്ന ഇരുവരും പത്രത്തിന് വേണ്ടിയുളള ലെയ്സൺ പ്രവർത്തികളും നിർവ്വഹിച്ചിരുന്നു.

മാനേജ്മെന്റ് ഏൽപ്പിക്കുന്ന ഇത്തരം ദൗത്യങ്ങൾ കൂടി ഭംഗിയായി നിർവ്വഹിക്കാൻ പ്രാവീണ്യമുളളവരെ നോക്കിയാകും ഈ തസ്തികയിലെ പുതിയ നിയമനങ്ങൾ. തിരുവനന്തപുരം കോ-ഓർഡിനേറ്റിങ്ങ് എഡിറ്ററായി ആലപ്പുഴ ന്യൂസ് എഡിറ്റർ സണ്ണി ജോസഫിനെ നിയമിക്കുമെന്നും കേൾക്കുന്നുണ്ട് .

എന്നാൽ ബ്യൂറോ ചീഫ് സ്ഥാനത്തേക്ക് ആരെന്ന കാര്യത്തിൽ അന്തിമ ധാരണയായിട്ടില്ല.


ബ്യൂറോയിലെ സീനിയോറിറ്റി പ്രകാരം സ്പെഷ്യൽ കറസ്പോണ്ടന്റ് റെഞ്ചി കുര്യാക്കോസാണ് ബ്യുറോ ചീഫാകാൻ സാധ്യത. എന്നാൽ കുറെക്കാലം പദവി വഹിക്കാൻ കഴിയുന്ന പ്രായത്തിലുളള സുജിത് നായരെയും ബ്യൂറോ ചീഫായി പരിഗണിക്കുന്നു.


മനോരമ ഉൾപ്പെടെയുള്ള അച്ചടി മാധ്യമങ്ങളുടെ  സർക്കുലേഷനിൽ അടുത്തകാലത്തായി വലിയ ഇടിവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഡിജിറ്റൽ യുഗത്തിൽ പത്രങ്ങളെ പൊതുവിൽ സർക്കുലേഷൻ കുറവ് അലട്ടുന്നുണ്ടെങ്കിലും ഏറ്റവും കൂടുതൽ പ്രചാരമുളള പത്രം എന്ന നിലയിൽ മലയാള മനോരമയെയും  അത് സാരമായി ബാധിച്ചിട്ടുണ്ട്.

മുൻപ് വലിയ എണ്ണം കോപ്പികളടിച്ചിരുന്ന മനോരമയുടെ സർക്കുലേഷൻ ഏറ്റവും ഒടുവിലത്തെ എ.ബി.സി റിപ്പോർട്ട് പ്രകാരം കുത്തനെ ഇടിഞ്ഞിട്ടുണ്ട്. സർക്കുലേഷനിലെ ഈ ഇടിവ് പത്രത്തിൻെറ പരസ്യവരുമാനത്തെയും ബാധിക്കും. ചെലവ് കുറച്ച് പ്രതിസന്ധി പരിഹരിക്കുന്നതിൻെറ ഭാഗമായിട്ടുകൂടിയാണ് 70 വയസ് കഴിഞ്ഞവരെ ഒഴിവാക്കുന്നതെന്നും സൂചനയുണ്ട്.

Advertisment