Advertisment

ആകെയുള്ളത് കേസ് മാത്രം, വിഴിഞ്ഞം സ്റ്റേഷന്‍ അക്രമണക്കേസിലെ പ്രതികളെ കസ്റ്റഡിയിലെടുക്കാതെ പൊലീസ്; കൂടുതല്‍ നടപടികളില്‍ നിന്ന് പൊലീസിനെ തടയുന്നതിന് പിന്നില്‍ ഭരണനേതൃത്വത്തിന്റെ ആശങ്ക ! ശബരിമലയിലെ ആവേശം ഇവിടെ ഇല്ലാത്തത് എന്തെന്ന് ഹിന്ദു ഐക്യവേദി; സംഘര്‍ഷത്തില്‍ തീവ്രവാദ സാന്നിധ്യമുണ്ടെന്ന അന്വേഷണസംഘത്തിന്റെ സംശയത്തില്‍ സമരസമിതിയും പ്രതിരോധത്തില്‍

New Update

publive-image

Advertisment

തിരുവനന്തപുരം: മന്ത്രി വി.അബ്ദുറഹ്മാനെ വർഗീയവാദിയെന്ന് വിളിച്ച ലത്തീൻ കത്തോലിക്ക അതിരൂപതാ അംഗവും വിഴിഞ്ഞം സമര സമിതി കൺവീനറുമായി ഫാദർ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ പോലിസ് കേസെടുത്തു. പ്രസ്താവന പിൻവലിച്ച് ഖേദ പ്രകടനം നടത്തിയതിന് പിന്നാലെയാണ് ഫാദർ തിയോഡേഷ്യസിനെതിരെ പോലിസ് കേസെടുത്തത്. ഐ.എൻ എല്ലിൻ‍െറ പരാതിയിലാണ് കേസ്.

സംസ്ഥാന പോലിസ് മേധാവിക്ക് നൽകിയ പരാതിയിലാണ് നടപടി. പോലിസ് മേധാവിയിൽ നിന്ന് ലഭിച്ച പരാതി സിറ്റി പോലിസ് കമ്മീഷണർ കൈമാറിയതിനെ തുടർന്ന് വിഴിഞ്ഞം പോലീസാണ് കേസെടുത്തത്.മന്ത്രിയെ വർഗീയവാദിയെന്ന് വിളിച്ചതിൽ ഫാദർ തിയോഡേഷ്യസ് ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ പ്രശ്നം അവസാനിപ്പിക്കാൻ എല്ലാവരും തയാറാകണെമന്ന ലത്തീൻ അതിരൂപതയുടെ അഭ്യർത്ഥനയും തളളിക്കൊണ്ടാണ് പോലിസ് കേസെടുത്തിരിക്കുന്നത്.


ഞായറാഴ്ച വിഴിഞ്ഞത്ത് നടന്ന സംഘർഷത്തിൽ തീവ്രവാദബന്ധമുണ്ടെന്ന് സംശയിക്കുന്നതായും അത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും ദക്ഷിണമേഖലാ എ.ഡി.ജി.പി എം.ആർ അജിത് കുമാർ അറിയിച്ചു.


സമരത്തിൽ തീവ്ര നിലപാടുകാർ ഉണ്ടോയെന്ന് ബലമായ സംശയമുണ്ട്. അതിനെക്കുറിച്ച് സംസ്ഥാന പോലിസ് മാത്രമല്ല കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തുന്നുണ്ട്. സമരസമിതിയിലെ ചില അംഗങ്ങൾ രഹസ്യയോഗം ചേർന്നതിനെപ്പറ്റിയും പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്ന് എ.ഡി.ജി.പി വ്യക്തമാക്കി. എന്നാൽ പോലീസ് സ്റ്റേഷൻ ആക്രമണം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കണ്ടാൽ അറിയുന്ന 3000 പേരെ പ്രതിയാക്കി കേസ് എടുത്തതല്ലാതെ ഒരാളെ പോലും കസ്റ്റഡിയിൽ എടുക്കാൻ പോലീസ് തയാറായിട്ടില്ല.

അതിരൂപതയുടെ നേതൃത്വത്തിലുളള സമരസമിതിയംഗങ്ങളെ അറസ്റ്റ് ചെയ്യുന്നത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്ന ഭരണനേതൃത്വത്തിൻെറ ആശങ്കയാണ് പൊലീസിനെ നടപടികളിൽ നിന്ന് വിലക്കുന്നത്.

പൊലീസ് അസോസിയേഷൻ ഉൾപ്പെടെ കേസ് എടുക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ടെങ്കിലും അവരേക്കാൾ ഒക്കെ സർക്കാർ വിലമതിക്കുന്നത് പ്രദേശത്തെ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനാണെന്നാണ് ഭരണ നേതൃത്വത്തിൻെറ വിശദീകരണം.

സമരത്തെ എതിർക്കുന്നവരുടെ വീടുകൾക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിലും ശനിയാഴ്ചത്തെ സംഘർഷത്തിന് എതിരെ കേസെടുക്കാത്തതിന് എതിരെ വിമർശനമുയർന്നു.

2018ൽ ശബരിമല വിധിയുണ്ടായപ്പോൾ കാണിച്ച ആവേശം ഇപ്പോൾ പ്രതികളെ പിടികൂടാൻ എന്താണില്ലാത്തത് എന്നാണ് ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല ചോദിച്ചത്. കോടതിവിധികളോട് വലിയ ബഹുമാനം കാട്ടുന്ന സംസ്ഥാന സർക്കാർ എന്തുകൊണ്ടാണ് വിഴിഞ്ഞത്ത് കോടതി വിധിയെന്നും ശശികല ചോദിച്ചു. ജില്ലാ ഭരണകൂടത്തിൻെറ പരാജയമാണ് സാഹചര്യം വഷളാക്കിയത്. ജില്ലാ കളക്ടറെ അടിയന്തിരമായി സ്ഥലംമാറ്റണം. വിഴിഞ്ഞം സർക്കിൾ ഇൻസ്പെക്ടറെ സ്ഥലം മാറ്റണമെന്നും ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു.

പൊലീസ് വിലക്ക് ലംഘിച്ചാണ് ഹിന്ദു ഐക്യവേദി മാർച്ച് നടത്തിയത്. ദക്ഷിണ മേഖലാ എ.ഡ‍ി.ജി.പി എം.ആർ.അജിത് കുമാറിൻെറ നേതൃത്വത്തിലുളള പൊലീസ് സംഘം ഒരുക്കിയ ശക്തമായ ബന്ദവസിലായിരുന്നു മാർച്ചും യോഗവും.

ഡി.ഐ.ജി ആർ.നിശാന്തിനിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് സ്റ്റേഷൻ ആക്രമണക്കേസിലെ പ്രതികളെ പിടികൂടാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. വിഡീയോ ദൃശ്യങ്ങളും ഫോട്ടോഗ്രാഫുകളും ഉപയോഗിച്ച് അക്രമത്തിൽ പങ്കാളികളായ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാനാണ് ശ്രമം. വീഡിയോ ദൃശ്യങ്ങളുടെ കുറവും വ്യക്തതയില്ലായ്മയും മൂലം തിരിച്ചറിയൽ പ്രയാസകരമാണ്. അക്രമത്തിൽ പങ്കെടുക്കാത്ത ഒരാളെപ്പോലും തെറ്റായി കസ്റ്റഡിയിൽ എടുക്കാനോ അറസ്റ്റ് ചെയ്യാനോ പാടില്ലെന്ന് സർക്കാരിൽ നിന്ന് പോലീസിന് കർശന നിർദേശമുണ്ട്.

അതുകൊണ്ടാണ് സ്റ്റേഷൻ ആക്രമണകേസിലെ പ്രതികളുടെ തിരിച്ചറിയലും അറസ്റ്റും വൈകുന്നതെന്നാണ് പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.


വീഡിയോ ദൃശ്യങ്ങളുടെ അപര്യാപ്തത മൂലം മൊബൈൽ ടവർ കേന്ദ്രീകരിച്ച് പ്രതികളെ തിരിച്ചറിയാനാണ് പോലീസിൻെറ പുതിയ ശ്രമം. എന്നാൽ ഇത് എത്രത്തോളം വിജയിക്കുമെന്ന കാര്യത്തിൽ പോലിസിൽ തന്നെ ഭിന്നാഭിപ്രായമുണ്ട്.


പോലീസ് സ്റ്റേഷൻ ആക്രമണത്തിലും സംഘർഷത്തിലും തീവ്രവാദ ശക്തികളുടെ സാന്നിധ്യമുണ്ടെന്ന സംശയം ഉന്നത പോലീസ് മേധാവി തന്നെ സ്ഥിരീകരിച്ചതോടെ ലത്തീൻ അതിരൂപതയും സമരസമിതിയും കടുത്ത പ്രതിരോധത്തിലായി. തീവ്രസ്വഭാവമുളള സംഘടനകളിൽ ഉൾപ്പെട്ടവർ നുഴഞ്ഞുകയറി അക്രമത്തിന് ആക്കം കൂട്ടിയെന്നാണ് പോലീസിൻെറ സംശയം.ഇത് നിഷേധിക്കാനോ പ്രതിരോധിക്കാനോ സമരസമിതിക്ക് കഴിയുന്നില്ല.

ഇന്റലിജൻസ് വിഭാഗത്തെ ഉദ്ധരിച്ചുവരുന്ന സംശയവാർത്തകൾ ഏജൻസികൾ തന്നെ പ്രചരിപ്പിക്കുന്നതാണെന്ന വിമർശനം ഉണ്ടെങ്കിലും ആ വാദം ശക്തമായി ഉന്നയിക്കാൻ ലത്തീൻ രൂപതയ്ക്കാവുന്നില്ല. തീരദേശ ജനതയുടെ വികാരം, സ്വാഭാവിക പ്രതികരണം എന്നൊക്കെയുളള വാദങ്ങൾ നിരത്തുന്നുണ്ടെങ്കിലും പോലീസ് സ്റ്റേഷൻ ആക്രമണം എന്ന ഗുരുതര തെറ്റിന് അതൊന്നും ഒരു ന്യായീകരണമല്ല. എന്നിട്ടും പൊലീസ് ശക്തമായ നടപടിയിലേക്ക് നീങ്ങാത്തത് മാത്രമാണ് ലത്തീൻ രൂപതയ്ക്ക് ആശ്വാസം പകരുന്നത്.

Advertisment