Advertisment

ബിജെപി നേതാക്കൾക്കെതിരായ കേസുകളിൽ ഉചിതമായി ഇടപെടണം! കെ സുരേന്ദ്രൻ ഉൾപ്പെടെ പ്രതിയായ കേസുകള്‍ ഉചിതമായി പരിഗണിക്കണമെന്ന്‌ ആവശ്യപ്പെട്ട് ​ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്; സാധാരണ നടപടി മാത്രമെന്ന് രാജ്ഭവന്‍

New Update

publive-image

Advertisment

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉൾപെടെ പ്രതിയായ കോഴകേസുകളിൽ ഉചിതമായ ഇടപെടൽ ആവശ്യപ്പെട്ട് ​ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്. ക്രിമിനൽ കേസ് പ്രതികളായ ബിജെപി നേതാക്കളെ സഹായിക്കാൻ ​ഗവർണർ നേരിട്ട് ഇടപെട്ടതിന്റെ തെളിവാണ് പുറത്ത് വന്നതെന്ന് വിമര്‍ശനമുയര്‍ന്നു. ബിജെപി നേതാക്കളുടെ അപേക്ഷ പരി​ഗണിക്കാൻ സർക്കാരിന് മേൽ ​സമ്മർദ്ദം ചെലുത്തുന്നതാണ് ഗവർണറുടെ കത്ത്.

തട്ടിക്കൊണ്ടുപോകൽ, കുഴൽപണക്കേസുകളിൽ നിന്ന് രക്ഷപ്പെടാൻ ബിജെപിക്ക് ​ഗവർണർ ഒത്താശ നൽകുന്നതിൻ്റെ തെളിവായി മാറുകയാണ് ഈ കത്തെന്നാണ് ആക്ഷേപം. ബി.ജെ.പി നേതാക്കൾ പ്രതികളായ ക്രിമിനൽ കേസുകളിൽ ഉചിതമായ തീരുമാനം എടുക്കണമെന്നാണ് ​ഗവർണർ സർക്കാരിനോട് ആവശ്യപ്പെട്ടത്.


ഈ ആവശ്യം ഉന്നയിച്ച് 2021 ജൂൺ പത്തിനാണ് ​ഗവർണർ മുഖ്യമന്ത്രിക്ക് നേരിട്ട് കത്തയച്ചത്.ബിജെപി നേതാക്കൾ ആരിഫ് മുഹമ്മദ് ഖാന് നൽകിയ നിവേദനം പരി​ഗണിച്ചായിരുന്നു ​ഗവർണറുടെ ഇടപെടൽ.


രാജ് ഭവനിൽ ലഭിക്കുന്ന പരാതികൾ സർക്കാരിലേക്ക് അയക്കുന്ന പതിവുണ്ട്. ഇതും അത്തരം സാധാരണ നടപടി മാത്രമാണെന്നാണ് രാജ് ഭവന്റെ വിശദീകരണം. എന്നാൽ ഗവർണർ ഉചിതമായ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അയച്ച കേസുകളുടെ സ്വഭാവം നോക്കൂമ്പോഴാണ് ഈ നടപടി അസാധാരണമാണെന്ന് വ്യക്തമാകുക.

കാസർകോട് ജില്ലയിലെ ബദിയുടുക്ക പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കെ സുരേന്ദ്രൻ

ഒന്നാം പ്രതിയായ കേസിലും സ്ഥാനാർത്ഥിയായ കെ. സുന്ദരയെ തട്ടിക്കൊണ്ട് പോയ കേസിലും തൃശൂർ ജില്ലയിലെ കൊടകര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 77 ലക്ഷത്തിന്റെ കുഴൽപണ കേസിലുമാണ് ഗവർണർ ഇടപെട്ടത്. കൊടകര കുഴൽ പണ കേസിൽ ബിജെപി അനുഭാവി ദീപക്ക് നാലാം പ്രതിയാണ്. ഇതേ കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും മകനും പങ്കുണ്ടെന്ന് ആരോപണമുണ്ട്.

പോലീസ് കേസ് തെറ്റായ വഴിക്ക് കൊണ്ടുപോകുന്നു, പോലീസിനെ അടിച്ചമർത്തലിന് ഉപയോഗിക്കുന്നു തുടങ്ങിയ പരാതികൾ ഉന്നയിച്ചാണ് ബി.ജെ.പി നേതാക്കൾ ഗവർണറെ സമീപിച്ചത്. ബി.ജെ.പി. നേതാക്കളായ ഒ രാജ​ഗോപാൽ , കുമ്മനം രാജശേഖരൻ , പി സുധീർ , എസ് സുരേഷ് , വി വി രാജേഷ് എന്നിവർ ഒപ്പ് വെച്ച നിദേവനത്തിലാണ് ഗവർണർ ഇടപെട്ടത്. ഗവർണറുടെ കത്ത് ലഭിച്ചതിനെ തുടർന്നാണോ എന്ന് വ്യക്തമല്ലങ്കിലും കൊടകര കുഴൽപണ കേസിൽ പിന്നീട് കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.

Advertisment