Advertisment

ആദ്യം വടകരയില്‍ നേടിയ അട്ടിമറി ജയത്തിലൂടെ ഇടതുപക്ഷത്തെ ഞെട്ടിച്ചു; ഇപ്പോഴിതാ നിയമസഭാ സമ്മേളനത്തില്‍ ചെയര്‍മാന്‍മാരുടെ പാനല്‍ അംഗമായി വീണ്ടും എല്‍.ഡി.എഫിനെ ഞെട്ടിച്ച് കെ.കെ. രമ! സഭയ്ക്ക് അകത്തും പുറത്തും സി.പി.എമ്മിന് തലവേദനയായ രമയെ താല്‍ക്കാലിക ചെയര്‍മാന്‍മാരുടെ പാനലില്‍ എത്തിച്ചതിന് പിന്നില്‍ പ്രതിപക്ഷത്തിന്റെ 'മാസ്റ്റര്‍ പ്ലാന്‍; തീര്‍ത്തും അപ്രതീക്ഷിതമായ നീക്കത്തില്‍ അമ്പരന്ന് സി.പി.എമ്മും, ഇടതുമുന്നണിയും; സ്പീക്കര്‍ ചെയറിലും രമയെത്തുമോ? കാത്തിരിപ്പില്‍ രാഷ്ട്രീയകേരളം

New Update

publive-image

Advertisment

കോഴിക്കോട്: തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭയുടെ ആറാം സമ്മേളനത്തിൽ വടകര എം.എൽ.എ കെ.കെ.രമ സ്പീക്കറുടെ ചെയറിലിരുന്നാൽ സി.പി.എം അംഗങ്ങളുടെ പ്രതികരണം എന്താകും ? അത് അറിയാനുളള കാത്തിരിപ്പിലാണ് പ്രതിപക്ഷം. സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തിൽ സഭ നിയന്ത്രിക്കുന്ന ചെയർമാൻമാരുടെ പാനലിലേക്ക് ഇത്തവണ പ്രതിപക്ഷം നിർദ്ദേശിച്ചിരിക്കുന്നത് ആർ.എം.പി പ്രതിനിധിയായ കെ.കെ. രമയുടെ പേരാണ്. സ്പീക്കർ അത് അംഗീകരിച്ചാൽ കെ.കെ. രമ ചെയറിൽ ഇരുന്ന് സഭ നിയന്ത്രിക്കും.

ഒഞ്ചിയത്തെ വിമതനും സി.പി.എം പ്രവർത്തകരുടെ കൊലക്കത്തിക്ക് ഇരയായി രക്തസാക്ഷിത്വം വഹിച്ച ടി.പി ചന്ദ്രശേഖരൻെറ വിധവയുമായ കെ.കെ. രമയുടെ സാന്നിധ്യം തന്നെ രാഷ്ട്രീയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്ന് കരുതുന്നവരാണ് സി.പി.എം എം.എൽ.എമാർ. സർക്കാരിന് എതിരെ നിരന്തരം രൂക്ഷ വിമർശനം നടത്തുന്ന രമയോട് നേരിട്ട് കോർക്കാൻ സി.പി.എം എം.എൽ.എമാർ പോകാറില്ല.


ടി.പിയുടെ കൊലപാതകവും മറ്റും അനുസ്മരിക്കപ്പെടാൻ ഇടയാക്കുമെന്നതിനാലാണ് വലിയ എതിർപ്പ് ഉളളിലൊതുക്കി രമയോട് നേരിട്ട് ഇടയാതിരിക്കാൻ ശ്രദ്ധിക്കുന്നത്.


രമയുടെ വിമർശനത്തിന് മറുപടി കൊടുക്കാൻ പോയ എം.എം.മണി പരിധിവിട്ട പരാമർശം നടത്തി കുരുക്കിലാകുകയും ചെയ്തു. ഒടുവിൽ ഖേദം പ്രകടിപ്പിച്ചാണ് മണി തലയൂരിയത്. രമയെ തൊട്ടാൽ പണികിട്ടുമെന്ന പേടിയുളളപ്പോൾ , ചെയറിൽ വരുന്ന രമയെ സി.പി.എം അംഗങ്ങൾ എങ്ങനെ നേരിടും എന്നതാണ് ഇത്തവണത്തെ സഭാ സമ്മേളനത്തിലെ കൗതുകം. ചെയർമാൻമാരുടെ പാനലിൽ വരുന്നവർ സഭ നിയന്ത്രിക്കാനെത്തുമ്പോൾ അവരെ സ്പീക്കറെ പോലെ പരിഗണിച്ച് ബഹുമാനത്തോടെ പെരുമാറുന്നതാണ് ഇതുവരെയുളള കീഴ് വഴക്കം. അപ്പോൾ സി.പി.എം എ.എൽ.എമാർ എങ്ങനെ പെരുമാറും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനത്തിൽ ചെയർമാൻമാരുടെ പാനലിൽ വനിതകൾ ആയിരിക്കണമെന്ന് സ്പീക്കറുടെ ഓഫീസ് തീരുമാനിച്ചിരുന്നു. ഭരണപക്ഷത്ത് നിന്ന് രണ്ട് പേരെയും പ്രതിപക്ഷത്ത് നിന്ന് ഒരാളെയുമാണ് പാനലിലേക്ക് നിർദേശിക്കുക. സഭാ സമ്മേളനം തുടങ്ങുന്നതിന് മുൻപേ സ്പീക്കറുടെ ഓഫീസിൽ നിന്ന് ഇരുപക്ഷത്തേക്കും അറിയിപ്പ് നൽകും.


ഇത്തവണ ചെയർമാൻമാരുടെ പാനലിൽ വനിതകൾ ആകണമെന്ന് പ്രതിപക്ഷത്തെ അറിയിച്ച സ്പീക്കറുടെ ഓഫീസ് കോൺഗ്രസ് എം.എൽ.എ ഉമാ തോമസിനെ പാനലിലേക്ക് നിർദ്ദേശിക്കുമെന്നാണ് കരുതിയത്. എന്നാൽ കെ.കെ.രമയുടെ പേരാണ് പ്രതിപക്ഷം പാനലിലേക്ക് നിർദ്ദേശിച്ചത്.


സ്പീക്കറുടെ ഓഫീസിനും ഭരണപക്ഷത്തിനും ഇതൊരു ഞെട്ടലായിരുന്നു. പ്രതിപക്ഷം നിർദ്ദേശിക്കുന്ന ആളെത്തന്നെ ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെടുത്തുകയല്ലാതെ മറ്റ് മാർഗമില്ല. അതിൽ മാറ്റം വരുത്താനോ തിരുത്തൽ ആവശ്യപ്പെടാനോ കീഴ് വഴക്കം അനുവദിക്കുന്നില്ല. അതുകൊണ്ട് തന്നെ ചെയർമാൻമാരുടെ പാനലിലേക്ക് കെ.കെ. രമയുടെ പേര് നിർദ്ദേശിച്ച പ്രതിപക്ഷം ശരിക്കും ഭരണപക്ഷത്തെ വെട്ടിലാക്കിയിരിക്കുകയാണ്. രമയെ താൽക്കാലിക സഭാധ്യക്ഷന്മാരുടെ പാനലിൽ ഉൾപ്പെടുത്തി മുന്നോട്ടുപോകുമ്പോൾ സഭയിൽ എന്തെല്ലാം സംഭവിക്കും എന്നതാണ് ആകാംക്ഷ.


എൽ.ഡി.എഫിൻെറ സിറ്റിങ്ങ് സീറ്റായിരുന്ന വടകരയിൽ നിന്ന് അട്ടിമറി ജയം നേടി സഭയിലെത്തിയ ആർ.എം.പി പ്രതിനിധി കെ.കെ.രമയ്ക്ക് പ്രതിപക്ഷ നിരയുടെ മുൻനിരയിൽ ഇരിപ്പടം നൽകണം എന്ന് ആവശ്യം ഉയർന്നിരുന്നെങ്കിലും സ്പീക്കറുടെ ഓഫീസ് അത് അംഗീകരിച്ചില്ല.


ആർ.എം.പിയെ പ്രത്യേക പാർട്ടിയായി അംഗീകരിക്കാനുളള വൈഷമ്യം കൊണ്ട് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ആവശ്യം നിരാകരിക്കുകയായിരുന്നു. അവസരം കിട്ടുമ്പോഴെല്ലാം സർക്കാരിനെയും സി.പി.എമ്മിനെയും നിർദാക്ഷണ്യം വിമർശിക്കാൻ മടികാണിക്കാത്ത കെ.കെ. രമ സഭയിലും പുറത്തും സി.പി.എമ്മിന് സ്ഥിരം തലവേദനയാണ്. ഈ സാഹചര്യത്തിലാണ് രമ സഭയിലെ താൽക്കാലിക ചെയർമാൻമാരുടെ പാനലിലേക്ക് വരുന്നത്.

Advertisment