Advertisment

മുഖ്യമന്ത്രിക്ക് പഴ്സണൽ സ്റ്റാഫംഗങ്ങൾ 33, ഉയർന്ന ശമ്പളം 1.43 ലക്ഷം ; പഴ്സണൽ സ്റ്റാഫംഗങ്ങളുടെ പേരും അവരുടെ ശമ്പളവും പുറത്ത്

New Update

publive-image

Advertisment

തിരുവനന്തപുരം : മന്ത്രിമാരുടെ പഴ്സണൽ സ്റ്റാഫിനെ സംബന്ധിച്ച ചർച്ചകൾ സജീവമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻെറ പഴ്സണൽ സ്റ്റാഫംഗങ്ങളുടെ എണ്ണവും അവർ കൈപ്പറ്റുന്ന ശമ്പളത്തിൻെറ കണക്കുകളും പുറത്തുവന്നു. 33 പേരാണ് മുഖ്യമന്ത്രിയുടെ പഴ്സണൽ സ്റ്റാഫിൽ ഉളളതെന്നാണ് നിയമസഭയിൽ വെച്ച മറുപടിയിൽ വ്യക്തമാക്കിയിരിക്കുന്നത്.മാത്യു കുഴൽനാടൻെറ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിനുളള മറുപടിയിലൂടെയാണ് മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങളുടെ വിശദാംശങ്ങൾ പുറത്തുവന്നത്.

പ്രൈവറ്റ് സെക്രട്ടറി, പൊളിറ്റിക്കൽ സെക്രട്ടറി, മീഡിയാ സെക്രട്ടറി, പ്രസ് സെക്രട്ടറി, സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി എന്നിവർക്ക് പുറമേ അഞ്ച് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരും നാല് അസിസ്റ്റൻെറ് പ്രൈവറ്റ് സെക്രട്ടറിമാരും രണ്ട് പേഴ്സണൽ അസിസ്റ്റന്റുമാരും ഒരു അഡിഷണൽ പേഴ്സണൽ അസിസ്റ്റന്റ്, രണ്ട് കോൺഫിഡൻഷ്യൽ അസിസ്റ്റൻെറ്, മൂന്ന് ക്ളർക്കുമാർ,ഒരു കംപ്യൂട്ടർ അസിസ്റ്റന്റ് , മൂന്ന് ഡ്രൈവർമാരും ആറ് അൻെറ്റൻഡന്റുമാരും ഒരു കുക്കും അടങ്ങുന്നതാണ് മുഖ്യമന്ത്രിയുടെ പഴ്സണൽ സ്റ്റാഫംഗങ്ങൾ.

അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ബി.ടിയാണ് മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങളിൽ ഏറ്റവും കൂടുതൽ ശമ്പളം പറ്റുന്നത്. 143349 രൂപയാണ് ദിനേശിൻെറ ശമ്പളം.പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ് 119011 രൂപയും പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി 126336 രൂപയും മീഡിയാ സെക്രട്ടറി എൻ.പ്രഭാവർമ്മ 128021 രൂപയും പ്രസ് സെക്രട്ടറി പി.എം.മനോജ് 124361 രൂപയും അ‍ഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സതീഷ് കുമാർ.എ 137357 രൂപയും ശമ്പളം പറ്റുന്നുണ്ട്.

പഴ്സണൽ സ്റ്റാഫംഗങ്ങളിൽ മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായി അറിയപ്പെടുന്ന സി.എം.രവീന്ദ്രന് 76457 രൂപയാണ് ശമ്പളം. പഴ്സണൽ സ്റ്റാഫിലെ 33 അംഗങ്ങൾക്ക് പുറമേ മുഖ്യമന്ത്രിയുടെ നവ മാധ്യമ വിഭാഗത്തിലും പബ്ളിക് റിലേഷൻ വിഭാഗത്തിലും നിരവധി പേർ ജോലി ചെയ്യുന്നുണ്ട്.

മുഖ്യമന്ത്രിയുടെ പഴ്സണൽ സ്റ്റാഫിൽ റീ എംപ്ളോയിമെന്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന നാല് പേരുണ്ട്.സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി എ.രാജശേഖരൻ നായർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായ സി.എം.രവീന്ദ്രൻ, പി.ഗോപൻ, ക്ളര്ക്ക് പി.പ്രദീപൻ എന്നിവരാണ് റീ എംപ്ളോയിമെന്റ് വ്യവസ്ഥയിൽ ജോലിചെയ്യുന്നത്.ഇതിൽ സി.എം.രവീന്ദ്രൻ ഒഴികെ എല്ലാവരും സർക്കാർ ഉദ്യോഗസ്ഥരാണ്.

പ്രതിപക്ഷ നേതാവിൻെറ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.എം.രവീന്ദ്രന് ആ സർവീസ് നീട്ടിക്കൊടുക്കുകയായിരുന്നു.മുഖ്യമന്ത്രിയുടെ പഴ്സണൽ സ്റ്റാഫിൽ കെ.എസ്.ആർ പാർട്ട് 3 ചട്ടം 100 പ്രകാരം എത്ര ജീവനക്കാരുണ്ട് എന്നതായിരുന്നു മാത്യു കുഴൽനാടൻെറ നക്ഷത്രചിഹ്നമിടാത്ത എട്ടാം നമ്പർ ചോദ്യം.

Advertisment