Advertisment

നികുതികളും സെസ്സും കൂട്ടി സംസ്ഥാനം ജനങ്ങളുടെ നടുവൊടിച്ച ദിവസം തന്നെ, കേരളത്തിന്റെ വികസനക്കുതിപ്പിന് വഴിതുറക്കുന്ന രണ്ട് റെയിൽവേ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്രം; കാൽനൂറ്റാണ്ടായി കേരളം കാത്തിരിക്കുന്ന, മദ്ധ്യകേരളത്തിന്റെ സമഗ്ര വികസനത്തിന് വഴിതുറക്കുന്ന ശബരിപാത യാഥാർത്ഥ്യത്തിലേക്ക് ! 160 കിലോമീറ്ററിൽ കുതിക്കുന്ന വന്ദേഭാരത് വൈകാതെ വരും

New Update

publive-image

Advertisment

തിരുവനന്തപുരം: ജനത്തിന്റെ നടുവൊടിച്ച് നികുതി വർദ്ധനവ് കുത്തിനിറച്ച സംസ്ഥാന ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെയാണ് കേരളത്തിന്റെ സമഗ്രവികസനത്തിന് നെടുംതൂണായി മാറാവുന്ന രണ്ട് റെയിൽവേ പദ്ധതികൾ കേന്ദ്ര റെയിൽവേ മന്ത്രി പ്രഖ്യാപിച്ചത്. വന്ദേഭാരത് ട്രെയിൻ, ശബരി റെയിൽ പദ്ധതി എന്നിവയ്ക്ക് പച്ചക്കൊടി വീശിയിരിക്കുകയാണ് കേന്ദ്രം.

കാൽനൂറ്റാണ്ടായി കേരളം കാത്തിരിക്കുന്ന, മദ്ധ്യകേരളത്തിന്റെ സമഗ്ര വികസനത്തിന് വഴിതുറക്കുന്ന ശബരിറെയിൽപാത അടിസ്ഥാനസൗകര്യ-ഗതാഗത പദ്ധതികൾ നടപ്പാക്കാനുള്ള പി.എം-ഗതിശക്തി മിഷനിൽ ശബരിപാത ഉൾപ്പെടുത്തിയാവും നിർമ്മിക്കും. പദ്ധതിചെലവിന്റെ പകുതി വഹിക്കാമെന്നും നിർമ്മാണം കെ-റെയിലിനെ ഏൽപ്പിക്കണമെന്നും മന്ത്രിസഭ തീരുമാനിച്ച് കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു.


റെയിൽവേയുടെ നിർദ്ദേശപ്രകാരം, കെ-റെയിൽ തയ്യാറാക്കിയ 3347.35കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് കൊച്ചിയിലെ ഫിനാൻസ് വിഭാഗം അംഗീകരിച്ച് ദക്ഷിണറെയിൽവേയ്ക്ക് കൈമാറി. ഇനിവേണ്ടത് റെയിൽവേ ബോർഡിന്റെ അനുമതിമാത്രം. ബോർഡിന്റെ അംഗീകാരമാവുന്നതോടെ 2020ൽ പദ്ധതി മരവിപ്പിച്ച ഉത്തരവ് റദ്ദാക്കും. പുതുക്കിയ എസ്റ്റിമേറ്റ് ലഭിച്ചാലുടൻ അന്തിമ തീരുമാനമെടുക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ലോക്‌സഭയിൽ ഉറപ്പുനൽകിയതാണ്. അതാണ് ഇന്ന് പ്രഖ്യാപിച്ചത്.


100 കോടിയാണ് പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിന് അനുവദിച്ചിരിക്കുന്നത്. ശബരി റെയിൽ വന്നാൽ മലയോര ജില്ലകളിൽ ട്രെയിൻ യാത്രാസൗകര്യം ലഭ്യമാവും. ശബരിമലയുടെ വികസനത്തിന് ഇത് അനിവാര്യമാണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകൾ വികസിക്കും. ടൂറിസത്തിനും ചരക്കുനീക്കത്തിനും വ്യാപാരത്തിനും ഗുണകരമാണ്. പുനലൂർ വരെ നീട്ടിയാൽ തമിഴ്നാട്ടിലേക്ക് കണക്ടിവിറ്റിയാവും.

അത്യാധുനിക സൗകര്യങ്ങളോടെ 160 കിലോമീറ്റർ വരെ വേഗത്തിൽ കുതിച്ചുപായുന്ന വന്ദേഭാരത് ട്രെയിൻ വന്നാൽ കേരളത്തിൽ അതിവേഗ യാത്രാസൗകര്യം ലഭ്യമാവും. തിരുവനന്തപുരത്തു നിന്ന് കണ്ണൂർ, ബംഗളൂരു, മംഗളൂരു, ചെന്നൈ റൂട്ടുകൾ പരിഗണനയിലുണ്ട്. വന്ദേഭാരതിന് വഴിയൊരുക്കാൻ കേരളത്തിലെ റെയിൽവേ ലൈനുകളിലെ വളവുകൾ നിവർത്തുകയും പാതകൾ ബലപ്പിക്കുകയും ചെയ്യും. ഇതോടെ ട്രെയിൻ വേഗ 160 കിലോമീറ്റർ വരെയായി വ‌ർദ്ധിക്കും.

മംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേക്ക് വന്ദേഭാരത് അനുവദിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. ചെന്നൈ-കന്യാകുമാരി വന്ദേഭാരത് വേണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ആവശ്യപ്പെട്ടിട്ടുണ്ട്. കന്യാകുമാരി- തിരുവനന്തപുരം ഇരട്ടപ്പാത വന്നാൽ ഇത് തിരുവനന്തപുരത്തേക്ക് നീട്ടാനാവും. സംസ്ഥാനത്തിനകത്തും അയൽ സംസ്ഥാനങ്ങളിലേക്കും പോയിന്റ് ടു പോയിന്റ് കണക്ടിവിറ്റിക്കായി വന്ദേഭാരത് കേന്ദ്രബഡ്‌ജറ്റിൽ പ്രഖ്യാപിക്കണമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ കേന്ദ്രധനമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു.

ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മാണം പൂർത്തിയാവുന്നതിൽ 16 പാസഞ്ചർ കാറുകളടങ്ങിയ രണ്ട് യൂണിറ്റ് തിരുവനന്തപുരം ഡിവിഷന് നൽകാനും അറ്റകുറ്റപ്പണിക്കും ട്രെയിൻ നിറുത്തിയിടാനും സൗകര്യമൊരുക്കാനും ദക്ഷിണ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിന് വന്ദേഭാരത് വൈകില്ലെന്നാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്.


55-60 കിലോമീറ്ററാണ് കേരളത്തിലെ ശരാശരി വേഗം. തിരുവനന്തപുരം-കാസർകോട് പാതയിൽ 626 വളവുകളും 230 ലെവൽക്രോസുകളും 138 ഇടത്ത് വേഗനിയന്ത്രണവുമുണ്ട്. പാതയുടെ 36 ശതമാനവും വളവുകളാണ്. വളവുകൾ കഴിയുന്നത്ര നിവർത്തുകയും ട്രാക്കുകൾ ബലപ്പെടുത്തുകയും ചെയ്യും. കൊടുംവളവുകളുള്ള കൊല്ലം, കുറ്റിപ്പുറം സ്റ്റേഷനുകളിൽ റെയിൽ ബൈപ്പാസുകൾ വരും. ഒരു ട്രെയിനിൽ 16 കോച്ചുകളിലായി 1,128 യാത്രക്കാരുണ്ട്. 130 കോടിയാണ് ഒരു ട്രെയിനിന്റെ നിർമ്മാണചെലവ്.


വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുടെ നിർമാണം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ തുടങ്ങിയിട്ടുണ്ട്. 200 ട്രെയിനുകളുടെ നിർമാണത്തിനും 35 വർഷത്തെ പരിപാലനത്തിനും 58,000 കോടിയുടെ കരാറാണ്. 2024ൽ വന്ദേഭാരത് സ്ലീപ്പർ സർവീസ് ആരംഭിക്കുകയാണ് ലക്ഷ്യം. ഇതുവരെ 102 വന്ദേഭാരത് ട്രെയിനുകളുടെ നിർമാണത്തിനാണ് റെയിൽവേ കരാർ നൽകിയത്. ഇവയെല്ലാം ചെയർ കാറാണ്.

160കിലോമീറ്റർ വരെ വേഗത്തിലോടുന്ന വന്ദേഭാരത് വരുന്നതോടെ സിൽവർലൈൻ പദ്ധതി അപ്രസക്തമാവും. കേരളത്തിലെ ട്രെയിനുകളുടെ വേഗം കൂട്ടാനുള്ള നടപടികൾ റെയിൽവേ ആരംഭിച്ചിട്ടുണ്ട്. 160കിലോമീറ്ററാക്കുകയാണ് ലക്ഷ്യം. വളവുകൾ നിവർത്തുകയും കൾവർട്ടുകളും പാലങ്ങളും ബലപ്പെടുത്തുകയും ചെയ്യുന്നതോടെ ടെയിനുകളുടെ വേഗം കൂട്ടാനാവും.

സ്ഥലമെടുപ്പും കാര്യമായി വേണ്ടിവരില്ല. ഇതിനുള്ള ലിഡാർ സർവേയ്ക്ക് 31ന് റെയിൽവേ ടെൻഡർ വിളിക്കും. അടുത്ത 60 വർഷം മുന്നിൽ കണ്ടുകൊണ്ടുള്ള വികസനമാണ് റെയിൽവേ ലക്ഷ്യമിടുന്നത്. വേഗം വർദ്ധിപ്പിക്കുന്നതിന്റെ ആദ്യഘട്ടം 2025 മാർച്ചിനു മുൻപ് പൂർത്തിയാക്കും. ആദ്യഘട്ടത്തിലെ വേഗവർദ്ധന നടപ്പായാൽ സ്റ്റോപ്പുകളുടെ എണ്ണം കുറവായ ട്രെയിനുകൾക്ക് തിരുവനന്തപുരത്തു നിന്ന് എറണാകുളം വരെ രണ്ടരമണിക്കൂറിനുള്ളിൽ എത്താനാകും.

Advertisment