Advertisment

കണ്ണൂരിലെ ആ കാർ കത്തിയത് എങ്ങനെ ? കാരണം തിരഞ്ഞ് മോട്ടോർ വാഹന വകുപ്പ്; വാഹനത്തിന്റെ ഫ്യൂവൽ ലൈനിൽ തകരാറില്ല; പെട്രോൾ ടാങ്ക് തകരാതിരുന്നിട്ടും തീ ആളിപ്പടർന്നു ! എയർ പ്യൂരിഫയർ ഉണ്ടായിരുന്നത് തീയുടെ ആഘാതം കൂട്ടി; ഡോറിലേക്ക് തീ പടർന്ന് ലോക്കിംഗ് സിസ്റ്റം തകരാറിലായി; കാറിൽ പെട്രോൾ കുപ്പികളില്ലായിരുന്നെന്ന് മരിച്ച യുവതിയുടെ പിതാവ്

New Update

publive-image

Advertisment

കണ്ണൂർ : പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാറിന് തീപിടിച്ച് യുവതിയും ഭർത്താവും ഗർഭസ്ഥ ശിശുവും വെന്തുമരിച്ച സംഭവത്തിൽ കാറിൽ തീപിടിക്കാനുള്ള കാരണം തേടി മോട്ടോർ വാഹന വകുപ്പ്. മയ്യിൽ കുറ്റിയാട്ടൂർ കാരാറമ്പ് സ്വദേശികളായ ടി.വി. പ്രജിത്ത് (32), ഭാര്യ കെ.കെ.റീഷ (26) എന്നിവർക്കും ശിശുവിനുമാണ് ദാരുണാന്ത്യമുണ്ടായത്. പ്രജിത്തും റീഷയും കാറിന്റെ മുൻസീറ്റിലായിരുന്നു. പിൻ സീറ്റിലുണ്ടായിരുന്ന ഇവരുടെ മകൾ ഏഴുവയസുകാരി ശ്രീപാർവതി, റീഷയുടെ അച്ഛൻ വിശ്വനാഥൻ, അമ്മ ശോഭന, ഇളയമ്മ സജ്‌ന എന്നിവർ രക്ഷപ്പെട്ടു.

പിറകുവശത്തെ ഡോർ തുറക്കാൻ കഴിഞ്ഞതിനാലാണ് ഇവർ രക്ഷപ്പെട്ടത്. എന്നാൽ വാഹനമോടിച്ചിരുന്ന പ്രജിത്തും റീഷയും മുൻവശത്തെ ഡോർ തുറക്കാൻ കഴിയും മുമ്പ് അഗ്‌നിക്കിരയാവുകയായിരുന്നു. ഇരുവരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു. ഡ്രൈവർ സീറ്റിന്റെ മുൻ വശത്തു നിന്ന് പ്രജിത്തിന്റെ കാലിലേക്കാണ് ആദ്യം തീ പടർന്നത്. പ്രജിത്ത് ഉടൻ പിന്നിലെ ഡോർ തുറന്നു കൊടുത്തെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. ഇവർ പുറത്തിറങ്ങിയതിനു പിന്നാലെ കാർ തീഗോളമായി.

publive-image

തീ ആളിപ്പടരാൻ കാരണമെന്ത് എന്നതിനെ പറ്റി അന്വേഷണം ആരംഭിച്ചു. വാഹനത്തിന്റെ ഫ്യൂവൽ ലൈനിൽ തകരാറുകൾ സംഭവിച്ചിട്ടില്ല എന്നാണ് മോട്ടോർ വാഹന വകുപ്പും ഫോറൻസിക് ഡിപ്പാർട്ട്‌മെന്റും പൊലിസും സംയുക്തമായി നടത്തിയ പരിശോധനയിൽ വ്യക്തമായത്. ഷോർട്ട് സർക്യൂട്ട് തന്നെയാണ് വാഹനത്തിന് തീ പിടിത്തത്തിന് കാരണമെന്നാണ് ഇന്നലത്തെ പരിശോധനയിലും കണ്ടെത്തിയത്. അങ്ങനെ രൂപപ്പെട്ട തീ വളരെ പെട്ടെന്ന് ആളിക്കത്തിയത് വാഹനത്തിനകത്ത് ഉണ്ടായിരുന്ന ഏതോ വസ്തുവിന്റെ സാന്നിധ്യം മൂലമാണെന്ന് സംശയിക്കുന്നതായി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബിജു.പി.വി പറഞ്ഞു.


പെട്രോൾ ടാങ്ക് തകരാതിരുന്നിട്ടും തീ ആളിപ്പടർന്നു. എയർ പ്യൂരിഫയർ ഉണ്ടായിരുന്നത് ആഘാതം കൂട്ടി. ഡോറിലേക്ക് തീ പടർന്നതിനാൽ ലോക്കിംഗ് സിസ്റ്റവും പ്രവർത്തനരഹിതമായിരുന്നു. പരിശോധനക്കിടെ രണ്ട് പ്ലാസ്റ്റിക് കുപ്പികൾ കണ്ടെത്തിയിരുന്നു.അതിൽ ഉണ്ടായിരുന്ന എന്തെങ്കിലും ഇന്ധനമാണോ തീ ആളിപ്പടരാൻ കാരണമായതെന്ന് അന്വേഷിക്കുന്നുണ്ട്. അതിനായി കുപ്പികൾ രാസപരിശോധനക്ക് അയച്ചു.


തീ കത്തിപ്പടരാൻ കാരണമായത് കാറിനുള്ളിൽ രണ്ട് കുപ്പികളിലായി സൂക്ഷിച്ച പെട്രോൾ ആണെന്ന പ്രചരണം തെറ്റാണെന്ന് മരണപ്പെട്ട റീഷയുടെ അച്ഛൻ വിശ്വനാഥൻ പറഞ്ഞു. ഞങ്ങളുടെ വീടിന്റെ ഒന്നും രണ്ടും കിലോമീറ്ററുകൾക്കുള്ളിൽ പെട്രോൾ പമ്പുകൾ ഉണ്ടെന്നും പെട്രോൾ വാങ്ങി സൂക്ഷിക്കേണ്ടതില്ലെന്നും അങ്ങനെ ചെയ്‌തെന്ന് പറയുന്നത് തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

പെട്രോൾ ആണെങ്കിൽ കുപ്പിയുടെ അവശിഷ്ടങ്ങൾ ബാക്കിയാകുമോ എന്ന സംശയവും അവശേഷിക്കുന്നുണ്ട്. തീ കണ്ട് നിമിഷ നേരത്തിനുള്ളിൽ കാർ കത്തിയമർന്നുവെന്ന് അപകടം കണ്ട് ഓടി എത്തിയവർ പറഞ്ഞു. കാറിനുള്ളിലുണ്ടായിരുന്നവർ പ്രാണവേദന കൊണ്ട് കരഞ്ഞ് വിളിച്ചെങ്കിലും രക്ഷിക്കാൻ കഴിയാതെ നിസ്സഹായരായി കണ്ടു നിൽക്കേണ്ടിവന്നുവെന്നും നാട്ടുകാർ പറഞ്ഞു.

Advertisment