Advertisment

കേരളത്തിന്റെ റെയിൽവേ വികസനത്തിന് 2033 കോടി അനുവദിച്ച ശേഷം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആഗ്രഹം തുറന്നുപറഞ്ഞു, കേരളത്തിലെ ആ അടപ്രഥമൻ ഒരിക്കൽ കൂടി കുടിക്കണം. ഒരിക്കൽ കഴിച്ചതിന്റെ സ്വാദ് ഇപ്പോഴും നാവിൻ തുമ്പത്തുണ്ടെന്നും റെയിൽവേ മന്ത്രി; പാത ഇരട്ടിപ്പിക്കൽ, മൂന്നാം പാത, സ്റ്റേഷനുകളുടെ നവീകരണം, അറ്റകുറ്റപ്പണികൾ എന്നിവയ്ക്ക് വാരിക്കോരി

New Update

publive-image

Advertisment

ന്യൂഡൽഹി: കേരളത്തിന്റെ റെയിൽവേ വികസനത്തിന് വാരിക്കോരി നൽകിയ ശേഷം റെയിൽവേ മന്ത്രി അശ്വിനി വൈഷ്‍ണവ് ഒരു ആഗ്രഹം മുന്നോട്ടുവച്ചു. കേരളത്തിന്റെ തനത് രുചിയിൽ തയ്യാറാക്കിയ അടപ്രഥമൻ ഒന്നുകൂടി കഴിക്കണം. കേരളത്തിൽ വന്നാൽ അടപ്രഥമൻ കഴിക്കണമെന്നും ഒരിക്കൽ കഴിച്ചതിന്റെ സ്വാദ് ഇപ്പോഴും നാവിൻ തുമ്പത്തുണ്ടെന്നും അശ്വനിവൈഷ്‌ണവ് ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു കാലത്തുമില്ലാത്ത വിധത്തിൽ കേരളത്തിന് റെയിൽവേ വികസനത്തിനായി വാരിക്കോരി പദ്ധതികൾ അനുവദിച്ച ശേഷമായിരുന്നു തന്റെ അടപ്രഥമൻ പ്രേമം കേന്ദ്രമന്ത്രി തുറന്നു പറഞ്ഞത്.

പാത ഇരട്ടിപ്പിക്കൽ, മൂന്നാം പാത, സ്റ്റേഷനുകളുടെ നവീകരണം, അറ്റകുറ്റപ്പണികൾ എന്നിവയ്‌ക്കായി 2033 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്. യു.പി.എ ഭരിച്ച 2009-14 കാലത്ത് പ്രതിവർഷം 372 കോടി രൂപ വീതമാണ് അനുവദിച്ചതെന്നും വികസനം മുന്നിൽ കണ്ടുള്ള നടപടികളാണ് മോദി സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ 34 സ്റ്റേഷനുകൾ പ്രാദേശിക സംസ്‌കാരിക തനിമയോടെ നവീകരിക്കുന്ന പ്രവൃത്തി 48 മാസങ്ങൾക്കുള്ളിൽ പൂർത്തിയാകും. സ്റ്റേഷനുകളുടെ രണ്ടുവശങ്ങളിലും കവാടങ്ങളുണ്ടാക്കി വികസിപ്പിക്കും. സ്റ്റേഷനുകളിൽ അവശ്യസാധങ്ങൾ ലഭിക്കുന്ന സ്റ്റോറുകൾ തുടങ്ങും. രാജ്യത്തെ 250 ട്രെയിനുകളിൽ പഴയ കോച്ചുകൾ മാറ്റും. മൂന്നുവർഷത്തിനുള്ളിൽ എല്ലാ ട്രെയിനുകളിലും പുതിയ കോച്ചുകൾ വരും. ആധുനിക സെമിസ്‌പീഡ് വന്ദേഭാരത് ട്രെയിൻ ഉടൻ കേരളത്തിന് അനുവദിക്കും. ബഡ്‌ജറ്റിൽ അങ്കമാലി-ശബരിപാതയ്‌ക്ക് 100 കോടി രൂപയും സതേൺ റെയിൽവെയ്‌ക്ക് അനുവദിച്ച വിഹിതത്തിൽ എറണാകുളം-കുമ്പള പാതഇരട്ടിപ്പിക്കാൻ 101 കോടിയും തിരുവനന്തപുരം-കന്യാകുമാരി പാതഇരട്ടിപ്പിക്കലിന് 808 കോടിയുമുണ്ട്.


കേരളത്തിന് വന്ദേഭാരത് ട്രെയിൻ ഉടൻ അനുവദിക്കുമെന്ന് പറഞ്ഞെങ്കിലും എപ്പോൾ ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയില്ല. ആധുനിക സൗകര്യങ്ങളുള്ള വന്ദേഭാരത് ട്രെയിനുകളുടെ ഘടന വളരെ സങ്കീർണമാണെന്നും നിർമ്മാണത്തിന് സമയമെടുക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ശബ്‌ദമില്ലാത്തതും പെട്ടെന്ന് വേഗതയെടുക്കാവുന്നതും പരമാവധി 180 കിലോമീറ്റർ വേഗതയുമുള്ള ട്രെയിനുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തിയാണ് നിർമ്മാണം. ട്രാക്കുകളും നവീകരിക്കണം. പ്രധാനമന്ത്രിയുടെ പുതിയ ആശയങ്ങളായ വന്ദേ മെട്രോ ട്രെയിനും ഹൈഡ്രജൻ ട്രെയിനും ഉടൻ യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

നൂറ് കിലോമീറ്ററിനുള്ളിലെ രണ്ട് നഗരങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേമെട്രോ ട്രെയിനുകൾ 600 കിലോമീറ്റർ ദൂരത്തെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേഭാരത് ട്രെയിനുകളുടെ പ്രാദേശിക രൂപമായിരിക്കും. മികച്ച രൂപകൽപനയോടെ ഇറങ്ങുന്ന ട്രെയിനുകൾ പരീക്ഷാടിസ്ഥാനത്തിൽ ഓടിച്ച ശേഷം വൈകാതെ രാജ്യമെമ്പാടും സർവീസ് തുടങ്ങും. രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഇക്കൊല്ലം ഡിസംബറിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓടിക്കും.

Advertisment