Advertisment

എം.വി. ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥയുടെ അവലോകനത്തിന് ഒരുങ്ങി സി.പി.എം; ഒപ്പം ഇ.പി. ജയരാജനെതിരായ റിസോര്‍ട്ട് വിവാദവും സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ചയാകും; ആരോപണത്തിന് പിന്നിലെ ഗൂഢാലോചനയും, പാര്‍ട്ടി കമ്മിറ്റിയിലെ വാര്‍ത്താ ചോര്‍ന്നതും അന്വേഷിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കാന്‍ ഇ.പി. ജയരാജന്‍; ഇ.പി. ലക്ഷ്യം വയ്ക്കുന്നത് പി. ജയരാജനുമായി അടുപ്പം പുലര്‍ത്തുന്ന പാര്‍ട്ടിയില ചിലരെ ?

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥയുടെ അവലോകനത്തിനായി സി.പി.എം സംസ്ഥാന കമ്മിറ്റി ആരംഭിക്കാനിരിക്കെ ഇ.പി.ജയരാജനെതിരായ റിസോര്‍ട്ട് വിവാദം വീണ്ടും ചര്‍ച്ചകളിലേക്ക്. ഡിസംബറില്‍ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി. ജയരാജന്‍, ഇ.പി.ജയരാജനെതിരെ തൊടുത്തുവിട്ട സാമ്പത്തിക ആരോപണത്തിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ചും പാര്‍ട്ടി കമ്മിറ്റിയിലെ വാര്‍ത്ത ചോര്‍ന്നതിനെപ്പറ്റിയും അന്വേഷണം വേണമെന്ന ആവശ്യം ഇ.പി. ജയരാജന്‍ വീണ്ടും ഉന്നയിച്ചേക്കും. എന്നാല്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ വരെ എത്തിനില്‍ക്കുന്ന റിസോര്‍ട്ടുമായി ബന്ധപ്പെട്ടകാര്യങ്ങളെപ്പറ്റി അന്വേഷണം വേണമെന്ന ആവശ്യം മറുഭാഗത്തുനിന്നുമുണ്ട്.

വാര്‍ത്ത ചോര്‍ത്തലിനെപ്പറ്റി അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്ന ഇ.പി. ജയരാജന്‍ ലക്ഷ്യം വെയ്ക്കുന്നത് പി. ജയരാജനുമായി അടുപ്പം പുലര്‍ത്തുന്ന പാര്‍ട്ടിയിലെ ചിലരെയാണ്. പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് മാറിനില്‍ക്കുന്ന അവസരത്തില്‍ തന്നെ ഈ ആരോപണം ഉയര്‍ത്തിയതിന് പിന്നില്‍ രാഷ്ട്രീയമായി തേജോവധം ചെയ്യുക എന്ന ഉദ്ദേശമാണെന്നും ഇ.പി.ജയരാജന്‍ സംശയിക്കുന്നു.


എന്നാല്‍ ആരോപണത്തിന് പിന്നിലെ ഗൂഢാലോചനയും വാര്‍ത്ത ചോര്‍ത്തലും മാത്രമായി അന്വേഷിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞേക്കില്ല. കാരണം സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്ന ആക്ഷേപത്തെപ്പറ്റി അന്വേഷിക്കാതെ,ആരോപണ വിധേയന്‍ ഉന്നയിച്ച കാര്യങ്ങളെപ്പറ്റി മാത്രം അന്വേഷിക്കുന്നത് നീതിയല്ല.


അത്തരമൊരു തീരുമാനം എടുത്താല്‍ അതിനെ സംഘടനാപരമായി ന്യായീകരിക്കാനും ബുദ്ധിമുട്ട് നേരിടും. എങ്കിലും ആവശ്യം സാധിച്ചെടുക്കാന്‍ ഇ.പി.ജയരാജന്‍ തുടരുകയാണ്.എന്നാല്‍ അനുകൂല തീരുമാനം വരാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി സെക്രട്ടറി നയിച്ച ജാഥയില്‍ നിന്ന് പതിമൂന്ന് ദിവസം മാറിനിന്നത് ഇ.പി.ജയരാജന് വിനയാകും. ജയരാജന്‍ ജാഥയുടെ ഉദ്ഘാടന ചടങ്ങിലും പിന്നീട് സ്വന്തം ജില്ലയായ കണ്ണൂരില്‍ക്കൂടി കടന്നുപോയപ്പോഴും പങ്കെടുക്കാതെ മാറിനിന്നത് വലിയ ചര്‍ച്ചയായിരുന്നു.

ജാഥയുടെ മുദ്രാവാക്യങ്ങളെപ്പോലും അപ്രസക്തമാക്കി കൊണ്ടുവളര്‍ന്ന വിവാദത്തെപ്പറ്റി സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിക്കുന്ന അവലോകന റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടാകുമെന്ന് ഉറപ്പാണ്. ജാഥ തൃശൂരില്‍ എത്തിയപ്പോഴാണ് ഇ.പി.ജയരാജന്‍ പങ്കെടുത്തത്. പിന്നീട് തിരുവനന്തപുരത്തെ സമാപന ചടങ്ങിലും ഇ,പി.ജയരാജന്റെ സാന്നിധ്യം ഉണ്ടായില്ല. ജാഥയ്ക്കിടയിലുണ്ടായ മറ്റ് വിവാദങ്ങളെപ്പറ്റിയും അവലോകന റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടാകാനാണ് സാധ്യത.

Advertisment