Advertisment

എ.ഐ ക്യാമറ വിവാദം ആളിക്കത്തിയിട്ടും സി.പി.എമ്മിന് കുലുക്കമില്ല; വിഷയം ചര്‍ച്ച പോലും ചെയ്യാതെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ! സംസ്ഥാന കമ്മിറ്റിയില്ലെങ്കിലും വിവാദം പാര്‍ട്ടി ചര്‍ച്ച ചെയ്യുമോ ? മുഖ്യമന്ത്രിയെ പ്രതിരോധിച്ച് രാജീവും, ബാലനും

New Update

publive-image

Advertisment

തിരുവനന്തപുരം: എ.ഐ ക്യാമറാ വിവാദത്തിൽ മുഖ്യമന്ത്രിയുടെ ബന്ധുവിനെതിരായ ആരോപണങ്ങൾ കൊടുമ്പിരി കൊണ്ടിട്ടും വിഷയം ചർച്ച ചെയ്യാൻ കൂട്ടാക്കാതെ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ്. രണ്ട് ദിവസത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിന് മുന്നോടിയായി നടക്കുന്ന സംസ്ഥാന സെക്രട്ടേറിയേറ്റിൽ ചർച്ചയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും വിഷയം പരിഗണിച്ചതേയില്ല. സംസ്ഥാനത്തെ പൊതുരാഷ്ട്രീയസ്ഥിതി സംബന്ധിച്ച അവലോകനം സമ്പൂർണ സെക്രട്ടേറിയേറ്റ് യോഗത്തിലെ പതിവാണെങ്കിലും എ.ഐ ക്യാമറാ വിവാദം പരാമർശ വിഷയമായതായി സൂചനയില്ല.

ചർച്ച നടക്കാത്തത് കൊണ്ടുതന്നെ കുടൂംബ ബന്ധുവിനെതിരായ ആക്ഷേപത്തെപ്പറ്റി മുഖ്യമന്ത്രിയും പാർട്ടി യോഗത്തിൽ പ്രതികരിച്ചില്ല. ഏതെങ്കിലും സെക്രട്ടേറിയേറ്റംഗം വിഷയം ഉന്നയിച്ചിരുന്നെങ്കിൽ ക്യാമറാ വിവാദത്തിൽ സെക്രട്ടേറിയേറ്റ് യോഗത്തിൽ ചർച്ച നടക്കുമായിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ആരും അതിന് ധൈര്യപ്പെട്ടില്ല.


ശനി, ഞാ‌യർ ദിവസങ്ങളിൽ ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ ഇതേപ്പറ്റി ആരെങ്കിലും ഉന്നയിച്ചാൽ പാർട്ടി നേതൃത്വത്തിനും മുഖ്യമന്ത്രിക്കും നിലപാട് വിശദീകരിക്കേണ്ടിവരും.


സംസ്ഥാന കമ്മിറ്റിയിൽ പൊതുരാഷ്ട്രീയ സ്ഥിതി അവലോകനം ചെയ്തു കൊണ്ടുളള പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുന്ന രീതി സി.പി.എമ്മിനുണ്ട്. ഈ റിപ്പോർട്ടിൽ പ്രതിപക്ഷം ഉയർത്തിക്കൊണ്ടു വന്ന ക്യാമറാ വിവാദം പരാമർശിക്കാതിരിക്കാൻ സാധ്യതയില്ല. അതുകൊണ്ടുതന്നെ സെക്രട്ടേറിയേറ്റ് യോഗത്തിലെ പോലെ ചർച്ചയോ പരാമർശമോ തീർത്തും ഒഴിവായി പോകാനുളള സാധ്യത സംസ്ഥാന കമ്മിറ്റിയിൽ വിരളമാകും.

ക്യാമറാ വിവാദത്തിൽ പ്രതിരോധത്തിലായിരിക്കുന്ന മുഖ്യമന്ത്രിയ്ക്ക് പാർട്ടിയിൽ നിന്ന് പഴയതുപോലെയുളള പിന്തുണയില്ലെന്ന പ്രതീതി വന്നതോടെ ചില നേതാക്കൾ പ്രതികരണവുമായി രംഗത്തെത്തി. ആരോപണം അന്വേഷിക്കാൻ നിയോഗിച്ച വ്യവസായ വകുപ്പ് സെക്രട്ടറിയെ ഒപ്പമിരുത്തി, ഇടപാടിനെ ന്യായീകരിച്ച് പുലിവാല് പിടിച്ച വ്യവസായ മന്ത്രി പി. രാജീവും കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലനുമാണ് മുഖ്യമന്ത്രിയെ പിന്തുണച്ച് പ്രതികരണം നടത്തിയത്.

വിജിലൻസ് അന്വേഷണം നടക്കുന്നത് കൊണ്ടാണ് ആരോപണത്തെപ്പറ്റി മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്നാണ് എ.കെ. ബാലൻെറ ന്യായീകരണം. വിജിലൻസ് അന്വേഷിക്കുമ്പോൾ എങ്ങനെ അഭിപ്രായം പറഞ്ഞു എന്നാവും മുഖ്യമന്ത്രി പ്രതികരിച്ചാൽ പറയുക. പ്രതികരിച്ചില്ലെങ്കിൽ ഒളിച്ചുകളി എന്ന് പറയും. എല്ലാത്തിനും മറുപടി പറയാൻ ആകില്ലെന്നും നിയമപരമായി പറയേണ്ട കാര്യങ്ങൾ മുഖ്യമന്ത്രി പറയുകതന്നെ ചെയ്യുമെന്നും എ.കെ.ബാലൻ പറഞ്ഞു .

''എല്ലാം കലങ്ങി തെളിയട്ടെ. ഇതുവരെ മുഖ്യമന്ത്രിയുടെ കുടൂംബത്തിന് എതിരെ ഏതെങ്കിലും ആരോപണം തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ടോ ? ക്യാമറാ വിവാദത്തിൽ ആരോപണം ഉന്നയിക്കാനുളള കാരണം പ്രതിപക്ഷ നേതാവും മുൻപ്രതിപക്ഷ നേതാവും തമ്മിലുളള മത്സരമാണ്. രാവിലെ ഒരാൾ പറയുന്നു, വൈകുന്നേരം മറ്റൊരാൾ പറയുന്നു. ഇതിൽ മുഖ്യമന്ത്രി എന്താ പ്രതികരിക്കാത്തത് എന്നാണ് ചോദ്യം. വിജിലൻസ് അന്വേഷിക്കുമ്പോൾ എങ്ങനെ അഭിപ്രായം പറഞ്ഞു എന്നാവും പ്രതികരിച്ചാൽ പറയുക'' എ.കെ.ബാലൻ പരിഹസിച്ചു.

പ്രസാഡിയോ കമ്പനിയും മുഖ്യമന്ത്രിയും തമ്മിൽ എന്താണ് ബന്ധമെന്ന് ചോദിച്ചാണ് മന്ത്രി പി. രാജീവിൻെറ ന്യായീകരണം. ഗസ്റ്റ് ഹൗസ് ഉപയോഗിച്ചതിൻെറ പണം പ്രസാഡിയോക്ക് നൽകിയത് മാത്രമാണ് ബന്ധു പ്രകാശ് ബാബുവും പ്രസാഡിയോയും തമ്മിലുളള ഇടപാട്. ഈ ബന്ധം വെച്ച് എന്ത് പ്രതികരിക്കാനാണ്. പ്രകാശ് ബാബു സൂം മീറ്റിങ്ങിൽ പങ്കെടുത്തതിൻെറ തെളിവു കൊണ്ടുവരട്ടെയെന്നും പി.രാജീവ് പറഞ്ഞു.

എ.ഐ ക്യാമറാ വിവാദവുമായി ബന്ധപ്പെട്ട് ഉയരുന്ന ആക്ഷേപങ്ങൾ വസ്തുതാവിരുദ്ധമാണെന്നും പി.രാജീവ് വാദിക്കുന്നുണ്ട്. ''അന്വേഷണ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് കൂടുതൽ വിശദീകരിക്കാം.രേഖകൾ കെൽട്രോൺ പുറത്തുവിട്ടിട്ടുണ്ട്.പദ്ധതിയിൽ സർക്കാർ ഇതുവരെ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല.പുറത്തുവന്ന കാര്യങ്ങൾ വസ്തുതാ വിരുദ്ധമായ പ്രചാരണമാണ്.ടെൻഡറിൽ ആക്ഷേപമുണ്ടെങ്കിൽ കോടതിയിൽ പോകണ്ടേ?'' പി.രാജീവ് ചോദിച്ചു.


സംസ്ഥാന കമ്മിറ്റിയിൽ ക്യാമറാ വിവാദത്തിൽ ചർച്ചയോ പരാമർശമോ ഉണ്ടായാൽ മുഖ്യമന്ത്രി പ്രതികരിച്ചേക്കും. ആരോപണത്തിന് പിന്നിൽ രാഷ്ട്രീയമാണെന്ന വാദത്തിലാകും മുഖ്യമന്ത്രിയുടെ ഊന്നൽ.


സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ശോഭകെടുത്താന്‍ പ്രതിപക്ഷം കൊണ്ടുവന്ന വ്യാജ ആരോപണം എന്ന നിലയ്ക്കാണ് മുഖ്യമന്ത്രി ആരോപണത്തെ നേരിടുക. ക്യാമറയുമായി ബന്ധപ്പെട്ട പരാതികള്‍ പുറത്തുവരുന്നതിന് മുന്‍പുതന്നെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടുവെന്നും മുഖ്യമന്ത്രി പാര്‍ട്ടിയേ അറിയിക്കും. ഗതാഗത കമ്മീഷണറേറ്റില്‍ നിന്ന് വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ വന്ന പരാതികളിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

ഈ ഉദ്യോഗസ്ഥനെതിരെയുളള വിജിലന്‍സ് അന്വേഷണമാകും മുഖ്യമന്ത്രിയുടെ പിടിവളളി. മൂന്നാംവര്‍ഷത്തിലേക്ക് കടക്കുന്ന സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ക്കാനുളള നീക്കത്തെ രാഷ്ട്രീയമായി തന്നെ പ്രതിരോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടും.

അതോടെ പ്രതിപക്ഷാരോപണങ്ങള്‍ക്കെതിരെ പ്രചാരണം സംഘടിപ്പിക്കേണ്ട ചുമതല സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ ചുമലിലാകാനാണ് സാധ്യത. പാർട്ടിയിലെ വിശദീകരണത്തിന് ശേഷം മുഖ്യമന്ത്രി പത്രസമ്മേളനം വിളിച്ചേക്കുമെന്നാണ് അദ്ദേഹവുമായി അടുപ്പമുളളവർ നൽകുന്ന സൂചന.

Advertisment