Advertisment

പിണറായിയെ അബുദാബി നിക്ഷേപക സംഗമത്തിലേക്ക് ക്ഷണിച്ചത് യൂസഫലിയുടെ ചങ്ങാതിയായ യു.എ.ഇ വാണിജ്യ മന്ത്രി; ഇന്ത്യൻ എംബസി അനുവദിച്ചിട്ടും യാത്ര തടഞ്ഞത് വിദേശകാര്യ മന്ത്രാലയം. മുഖ്യമന്ത്രി പോവുന്നില്ലെങ്കിൽ താനും പോവുന്നില്ലെന്ന് ചീഫ്സെക്രട്ടറി; ടൂറിസം, വ്യവസായം, സ്റ്റാർട്ട്അപ് സംരംഭങ്ങൾക്ക് നിക്ഷേപം തേടി കേരള സംഘം അബുദാബിയിൽ

New Update

തിരുവനന്തപുരം: പ്രശസ്തമായ അബുദാബി നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത് യൂസഫലിയുടെ ഉറ്റചങ്ങാതിയും യു.എ.ഇ വാണിജ്യകാര്യ സഹമന്ത്രി ഡോ. താനി അഹമ്മദ് അൽ സെയൂദിയായിരുന്നു. ഡോ. താനി മുമ്പ് തിരുവനന്തപുരത്ത് ലുലു ഷോപ്പിംഗ് മാളിന്റെ ഉദ്ഘാടനത്തിനെത്തിയിരുന്നു.

Advertisment

publive-image


കേന്ദ്രസർക്കാർ അറിയാതെ യു.എ.ഇ, മുഖ്യമന്ത്രിയെ നേരിട്ട് ക്ഷണിച്ചതാണ് യാത്രാനുമതി നിഷേധിക്കാൻ കാരണമായത്. യു.എ.ഇ മന്ത്രിയുടെ ക്ഷണക്കത്ത് വിദേശയാത്രയ്ക്ക് കേന്ദ്രത്തിന്റെ അനുമതി തേടിയുള്ള അപേക്ഷയിൽ ഉൾപ്പെടുത്തിയിരുന്നു. അനുമതി തേടിയുള്ള ഫയൽ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ പരിശോധിച്ച ശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചത്. യു.എ.ഇ ഇന്ത്യയുടെ സൗഹൃദരാജ്യമായതിനാലും ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയായതിനാലും യാത്രാനുമതി നിഷേധിക്കുക പതിവുള്ളതല്ല.


യു.എ.ഇ സന്ദർശനത്തിനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അപേക്ഷയെ യു.എ.ഇയിലെ ഇന്ത്യൻ എംബസി അനുകൂലിച്ചതായും വിദേശകാര്യ മന്ത്രാലയം ഇടപെട്ട് തടയുകയായിരുന്നെന്നും പൊതുഭരണവകുപ്പ് വ്യക്തമാക്കി. നാലു ദിവസത്തെ സന്ദർശനത്തിനായി ഈ മാസം 7ന് അബുദാബിയിലേക്ക് പോകാൻ വിദേശ സന്ദർശനത്തിന് അനുമതി തേടേണ്ട പോർട്ടൽ വഴിയാണ് അപേക്ഷിച്ചത്.

അപേക്ഷയുടെ പകർപ്പ് അതത് രാജ്യത്തെ ഇന്ത്യൻ എംബസിയിലും വിദേശകാര്യ മന്ത്രാലയത്തിലും ലഭിക്കും. ഫയൽ പരിശോധിച്ച ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിക്കുകയായിരുന്നു. മന്ത്രിമാർ ഇത്തരം പരിപാടികളിൽ പങ്കെടുക്കേണ്ടെന്നായിരുന്നു നിർദേശം. വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചാലും യാത്ര നടത്താം.

പക്ഷേ, ഇന്ത്യൻ എംബസി പ്രോട്ടോകോൾ പ്രകാരം നൽകുന്ന സൗകര്യങ്ങൾ ലഭിക്കില്ല. എന്നാൽ കേന്ദ്രവുമായി ഇക്കാര്യത്തിൽ ഏറ്റുമുട്ടൽ വേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. മുഖ്യമന്ത്രിക്കു പുറമെ മന്ത്രിമാരായ പി.രാജീവ്, പി.എ.മുഹമ്മദ് റിയാസ് എന്നിവർക്കും കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചിരുന്നു.

കേരളത്തിന് പുറമെ ഛത്തീസ്ഗഡ്, ഗോവ മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാന മുഖ്യമന്ത്രിമാർക്കും ക്ഷണം കിട്ടിയെങ്കിലും കേന്ദ്രം യാത്രാനുമതി നൽകിയില്ല. മുഖ്യമന്ത്രിക്ക് കേന്ദ്രം യാത്രാനുമതി നിഷേധിച്ച അബുദാബി സന്ദർശനത്തിൽ നിന്നും ചീഫ് സെക്രട്ടറി വി പി ജോയിയും പിൻമാറിയിട്ടുണ്ട്. പകരം മൂന്നംഗ ഉദ്യോഗസ്ഥ സംഘം ഞായറാഴ്ച പുറപ്പെടും. നോർക്ക ഐ.ടി , ടൂറിസം സെക്രട്ടറിമാരാകും അബുദാബി നിക്ഷേപ സംഗമത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുക. 8സ്റ്റാർട്ട്അപ്പ് സംരംഭകരെയും കൊണ്ടുപോവുന്നുണ്ട്. 8മുതൽ 10വരെയാണ് പരിപാടി. അബുദാബി ഡിപ്പാർട്ട്മെന്റ് ഒഫ് ഇക്കണോമിക് ഡവലപ്മെന്റാണ് സംഘാടകർ.

'ഉത്തരവാദിത്ത നിക്ഷേപം' എന്ന ആശയം മുന്നോട്ടുവച്ച് ആഗോള നിക്ഷേപക കേന്ദ്രമായി (ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് ഡെസ്റ്റിനേഷൻ) മാറാനുള്ള പദ്ധതികൾ നിക്ഷേപക സംഗമത്തിൽ കേരളം അവതരിപ്പിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇലക്ട്രിക് വാഹനങ്ങൾ, ഗ്രാഫീൻ, ലോജിസ്റ്റിക്സ്, മാലിന്യസംസ്കരണം അടക്കം 22മേഖലകളിൽ നിക്ഷേപം തേടിയുള്ള പദ്ധതികളാണ് അവതരിപ്പിക്കുക.

100% വിദേശ നിക്ഷേപമുണ്ടെങ്കിൽ ഭൂമിയും അടിസ്ഥാനസൗകര്യങ്ങളും ഉടനടി നൽകുമെന്നടക്കം ആനുകൂല്യങ്ങളും പ്രഖ്യാപിക്കും. സ്റ്റാർട്ട്അപ്പുകൾക്ക് പ്രോത്സാഹനത്തിന് നിക്ഷേപം ആകർഷിക്കാനടക്കം പദ്ധതികൾ ഐ.ടി സെക്രട്ടറിയും പ്രഖ്യാപിക്കും. മേളയിലെ കേരളാ പവിലയനിൽ 8സ്റ്റാർട്ടപ്പുകൾ അണിനിരക്കും. മൺസൂൺ, ആയുർവേദ ടൂറിസത്തിന് അറബ് ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള പദ്ധതികളാണ് ടൂറിസം വകുപ്പ് അവതരിപ്പിക്കുക.

publive-image


മൂന്നുദിവസത്തെ ചർച്ചകൾ, സെമിനാറുകൾ, പ്രദർശനം എന്നിവയിൽ കേരളസംഘത്തിന് പങ്കെടുക്കാം. മൂന്ന് സെക്രട്ടറിമാർക്ക് പ്രസംഗിക്കാൻ അവസരവും ഒരു സ്റ്രാളും ലഭിക്കും. അതിൽ ടൂറിസം, ഐ.ടി, വ്യവസായ വകുപ്പുകളുടെ ഹെൽപ്പ് ഡെസ്കുമുണ്ടാവും.


പരിപാടികളിലെല്ലാം വകുപ്പുകളുടെ ലോഗോ പ്രദർശിപ്പിക്കും. വ്യവസായികളും നിക്ഷേപകരുമായി ചർച്ചയ്ക്കും പദ്ധതിയവതരണത്തിനും അവസരമുണ്ടാവും. പ്രളയകാലത്ത് യു.എ.ഇയുടെ 700കോടി സഹായവാഗ്ദാനം സ്വീകരിക്കുന്നതും കേന്ദ്രം തടഞ്ഞിരുന്നു. ടൂറിസം, കൃഷി, ഊർജ്ജം, ഐ.ടി, അടിസ്ഥാനസൗകര്യം, നിർമ്മാണം, ഗതാഗതം, ലോജിസ്റ്റിക്സ്, ആരോഗ്യം, വിദ്യാഭ്യാസം മേഖലകളിൽ നിക്ഷേപത്തിനുള്ള പദ്ധതികളാണ് അബുദാബി മേളയിലുണ്ടാവുക.

Advertisment