Advertisment

സമവായ നീക്കത്തിലൂടെ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമങ്ങളെ തകിടം മറിച്ച് ആദ്യം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ഇപ്പോഴിതാ വോട്ടെടുപ്പ് മാത്രം പോരാ, അഭിമുഖവും വേണമെന്ന നിലപാടിലൂന്നി യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ! തമിഴ്‌നാട്ടിലും, മണിപ്പൂരിലും തിരിച്ചടിച്ച തന്ത്രം കേരളത്തില്‍ പയറ്റുന്നതിനെതിരെ സംസ്ഥാന നേതൃത്വത്തില്‍ അതൃപ്തി, ഉദ്ദേശശുദ്ധിയിലും നേതാക്കള്‍ക്ക് സംശയം; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പിനെതിരെ പ്രതിഷേധം ഉയരുമ്പോള്‍

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് അഭിമുഖം നിര്‍ബന്ധമാക്കാനുളള ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. വോട്ടെടുപ്പ് കഴിഞ്ഞശേഷം അഭിമുഖ പരീക്ഷകൂടി നടത്തി പ്രസിഡന്റിനെ തെരഞ്ഞെടുക്കണമെന്ന തീരുമാനത്തിനെതിരെയാണ് സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പ്രതിഷേധിക്കുന്നത്. വോട്ടെടുപ്പിന് ശേഷം വീണ്ടും അഭിമുഖം വേണമെന്ന നിര്‍ദ്ദേശം ജനാധിപത്യവിരുദ്ധമാണെന്നാണ് നേതാക്കളുടെ വിമര്‍ശനം.

ഇക്കാര്യം സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുന്ന ദേശീയ നേതൃത്വത്തില്‍ നിന്നുളള പ്രതിനിധികളെ അറിയിച്ചു കഴിഞ്ഞു. തമിഴ്‌നാട്ടിലും മണിപ്പൂരിലും തിരിച്ചടിച്ച നിര്‍ദ്ദേശമാണ് വീണ്ടും നടപ്പാക്കാന്‍ ഒരുങ്ങുന്നതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് അഭിമുഖം കൂടി നിര്‍ബന്ധമാക്കിയ വിവരം സംസ്ഥാന നേതൃത്വം അറിഞ്ഞിരുന്നില്ല. വോട്ടെടുപ്പ് തന്നെ ഒഴിവാക്കി സമവായത്തിലൂടെ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താന്‍ നേതാക്കള്‍ ശ്രമിച്ചു കൊണ്ടിരിക്കെയാണ് ദേശീയ നേതൃത്വം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.


അതില്‍ അമര്‍ഷം കൊണ്ടിരിക്കുമ്പോഴാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് അഭിമുഖ പരീക്ഷ കൂടി വേണമെന്ന നിര്‍ദ്ദേശം വന്നത്.


യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുളള വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടുന്നവര്‍ അധ്യക്ഷ പദവിയില്‍ എത്തണമെന്നില്ല എന്നതാണ് ദേശീയ നേതൃത്വം മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ഉയരാനുളള പ്രധാന കാരണം. തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന മൂന്ന് പേര്‍ ദേശീയ നേതൃത്വം നിര്‍ദ്ദേശിക്കുന്ന ഇന്റര്‍വ്യൂ ബോര്‍ഡിന് മുന്നില്‍ അഭിമുഖ പരീക്ഷക്ക് ഹാജരാകണം. അഭിമുഖത്തിലെ പ്രകടനം വിലയിരുത്തിയ ശേഷം ആരെ പ്രസിഡന്റ് ആകണമെന്ന് ഇന്റര്‍വ്യൂ ബോര്‍ഡാകും തീരുമാനിക്കുക.ഇത് തീര്‍ത്തും ജനാധിപത്യ വിരുദ്ധമാണെന്നാണ് നേതൃനിരയിലുളളവരുടെ വിമര്‍ശനം.

ഷാഫി പറമ്പിലിന്റെ പിന്‍ഗാമിയായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് എത്താന്‍ ആഗ്രഹിക്കുന്നവരെയാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം ഏറ്റവും കൂടുതല്‍ അലോസരപ്പെടുത്തിയിരിക്കുന്നത്. ദേശീയ നേതൃത്വത്തിന് താല്‍പര്യമുളളവരെ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് എത്തിക്കാനുളള തന്ത്രമാണ് പുതിയ നിര്‍ദ്ദേശത്തിന് പിന്നിലെന്നാണ് അവരുടെ സംശയം.

സംഘടനാ ചുമതലയുളള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനൊപ്പം നില്‍ക്കുന്നവര സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരികയാണ് ആത്യന്തിക ലക്ഷ്യമെന്നും അവര്‍ കരുതുന്നു.

''മത്സരിച്ച് ഏറ്റവും കൂടുതല്‍ വോട്ട് നേടുന്നവരെ പ്രസിഡന്റായി തെരഞ്ഞെടുക്കുന്നതിന് പകരം വോട്ടെടുപ്പ് കഴിഞ്ഞ് അഭിമുഖപരീക്ഷ കൂടി പാസാവണമെന്ന നിര്‍ദ്ദേശത്തിനെതിരെയുളള ശക്തമായ പ്രതിഷേധം ദേശിയ നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. തമിഴ്നാട്ടിലും മണിപ്പൂരിലും തിരിച്ചടിച്ച തന്ത്രമാണ് ഇവിടെ വീണ്ടും കൊണ്ടുവരുന്നത്. വോട്ട് നേടി മുന്നില്‍ വരുന്നവര്‍ വീണ്ടും അഭിമുഖപരീക്ഷ കൂടി പാസാകണമെന്ന പറയുന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല. കൂടുതല്‍ വോട്ട് നേടുന്നയാളെ സംസ്ഥാന പ്രസിഡന്റായി അവരോധിക്കുന്നതാണ് ശരിയായ നടപടി ക്രമം'' ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.


ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന ജെ.എസ്.അഖില്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ രാഹുല്‍ മാങ്കൂട്ടത്തില്‍, അബ്ദുള്‍ റഷീദ്, ബിനു ചുളളിയില്‍ എന്നിവരാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നത്.


'എ' ഗ്രൂപ്പില്‍ നിന്നുളള ജെ.എസ് അഖില്‍ സംഘടനയുടെ താഴെത്തട്ട് മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന നേതാവാണ്. സംഘടനാ പ്രവര്‍ത്തനത്തിലും സമരരംഗത്തും ശക്തമായ സാന്നിധ്യമായ അഖിലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് എത്തിക്കാന്‍ ഇടപെടണമെന്ന് ഉമ്മന്‍ ചാണ്ടി ഗ്രൂപ്പ് നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എ ഗ്രൂപ്പ് പ്രതിനിധിയായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെത്തിയ ശേഷം പിന്നീട് വി.ഡി. സതീശനോട് അടുത്ത ഷാഫി പറമ്പിലിന്റെ അനൂഭവം ഉളളതിനാല്‍ ഗ്രൂപ്പിനോട് കൂറുപുലര്‍ത്തുന്ന അഖിലിനെ തലപ്പത്ത് എത്തിക്കുന്നതാണ് നല്ലതെന്ന വികാരമാണ് എ ഗ്രൂപ്പ് നേതൃത്വത്തിലുളളത്.

ടെലിവിഷന്‍ ചര്‍ച്ചകളെ രാഷ്ട്രീയ പ്രവര്‍ത്തന വേദിയാക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്താന്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പിന്തുണയാണ് രാഹുലിന്റെ മൂലധനം. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ പിന്തുണയും രാഹുലിനുണ്ട്. എന്നാല്‍ താഴെത്തട്ടിലേക്കിറങ്ങി രാഷ്ട്രീയ-സംഘടനാ പ്രവര്‍ത്തനം നടത്താറില്ലാത്ത രാഹുലിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പരക്കെ സ്വാധീനമില്ല.

ആലപ്പുഴ സ്വദേശിയും ഐ വിഭാഗത്തില്‍ നിന്നുളള നേതാവുമായ ബിനു ചുളളിയില്‍ കെ.സി. വേണുഗോപാലിന്റെ അനുയായിയാണ്.ബിനുവിനെ പ്രസിഡന്റാക്കുന്നതിന് വേണ്ടിയാണോ അഭിമുഖ പരീക്ഷകൂടി ഏര്‍പ്പെടുത്തിയതെന്ന് സംശയമുമുണ്ട്‌ .കണ്ണൂര്‍ സ്വദേശിയായ അബ്ദുള്‍ റഷീദും ഐ ഗ്രൂപ്പുകാരനാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുന്നവരുടെ പരമാവധി പ്രായം 36 വയസായി പരിമിതപ്പെടുത്തണമെന്ന നിര്‍ദ്ദേശവും ദേശീയ നേതൃത്വം നല്‍കിയിട്ടുണ്ട്.

ഇതോടെ അധ്യക്ഷ പദവി ആഗ്രഹിച്ചിരുന്ന പലരുടെയും മോഹം പൊലിഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ജുക്കുട്ടനാണ് പ്രായ പരിധിയില്‍ തട്ടി അവസരം നഷ്ടമാകുന്നവരില്‍ പ്രമുഖന്‍.

Advertisment