Advertisment

പാര്‍ട്ടി വിരുദ്ധത മുഖമുദ്രയാക്കിയ നേതാക്കളുടെ പേരുകള്‍ മുമ്പോട്ടുവച്ച് പുനസംഘടനാ ചര്‍ച്ചകള്‍ പ്രതിസന്ധിയിലാക്കി ഗ്രൂപ്പ് നേതാക്കള്‍ ! ഗ്രൂപ്പു നേതാക്കളുടെ പിന്തുണയോടെ കെപിസിസി പട്ടിക അറിമറിച്ചവരില്‍  മുല്ലപ്പള്ളിയും സുധീരനും ഹസനും ! പുതിയ ഡി സി സി അദ്ധ്യക്ഷന്‍മാരൊക്കെ പെട്ടിപിടുത്തക്കാരും വേറെ ചില ഏര്‍പ്പാട് ഉള്ളവരാണെന്നും ചാനലില്‍ പറഞ്ഞ നേതാവും ആലപ്പുഴ ഡിസിസിയുടെ 24.5 ലക്ഷം അടിച്ചു മാറ്റിയ നേതാവും ഇരു ഗ്രൂപ്പുകളുടെയും ഒന്നാം പേരുകാര്‍. ചര്‍ച്ച വഴിമുട്ടിയതോടെ പുതിയ നേതൃത്വവും ഗ്രൂപ്പുകളുടെ താളത്തിന്  തുള്ളേണ്ടി വരുമോ ? പാര്‍ട്ടിയുടെ നല്ല നാളുകളില്‍ എല്ലാ പദവിയും സ്ഥാനമാനങ്ങളും നേടിയ മുതിര്‍ന്ന നേതാക്കള്‍ തളര്‍ച്ചയുടെ നാളുകളില്‍ കോണ്‍ഗ്രസിന് പാരയാകുന്നു ?

New Update

 

Advertisment

publive-image

തിരുവനന്തപുരം : കെപിസിസി പുനസംഘടനാ ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം ഇനിയും നീളും. കഴിഞ്ഞ ദിവസം സംസ്ഥാന നേതൃത്വം രാത്രിവൈകി ഇരുന്ന് തയ്യാറാക്കിയ പട്ടികയ്‌ക്കെതിരെയും കേരളത്തിലെ നേതാക്കള്‍ രംഗത്തുവന്നതാണ് പട്ടിക വൈകാന്‍ കാരണം. ഇനി കേരളത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷമാകും പട്ടിക കൈമാറുക.

കേരളത്തിലെ മുതിര്‍ന്ന നേതാക്കളും ഗ്രൂപ്പുകളുടെ ഉന്നത നേതാക്കളും ഒരുമിച്ചാണ് പട്ടികയ്ക്ക് എതിരെ രംഗത്തുവരുന്നത്. മുന്‍ കെപിസിസി അധ്യക്ഷന്‍മാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, വിഎം സുധീരന്‍, എംഎം ഹസന്‍ എന്നിവരാണ് പട്ടികയില്‍ തങ്ങളുമായി ഒരു ആലോചനയും നടന്നില്ലെന്ന പരാതിയുമായി രംഗത്തുവന്നത്.

ഈ മുതിര്‍ന്ന നേതാക്കളുടെ നീക്കം എ,ഐ ഗ്രൂപ്പുകളുടെ ചരടുവലിക്ക് പിന്നാലെയാണെന്നാണ് ഉയരുന്ന ആക്ഷേപം. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പിന്തുണയാണ് ഇവര്‍ക്കുള്ളത്. ഇവര്‍ മൂവരും ഒരേ സ്വരത്തില്‍ എതിര്‍പ്പുമായി രംഗത്തു വന്നത് ഹൈക്കമാന്‍ഡിനെയും കുഴയ്ക്കുന്നുണ്ട്.

എന്തുവന്നാലും സ്വസ്ഥതയോടെ കേരളത്തില്‍ കാര്യങ്ങള്‍ നേതൃത്വത്തെകൊണ്ട് നടത്തിക്കരുതെന്നാണ് ഗ്രൂപ്പു നേതാക്കളുടെ തീരുമാനം. ഏതു വിധേനെയും സമ്മര്‍ദം ചെലുത്തി ജംബോ കമ്മറ്റി തന്നെ നടപ്പാക്കണമെന്നും ഇവര്‍ക്ക് താല്‍പര്യമുണ്ട്.

അതുകൊണ്ടുതന്നെയാണ് യാതൊരുവിധത്തിലും ജനതാല്‍പ്പര്യമില്ലാത്ത നേതാക്കളെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് പിടിവാശി ഇവര്‍ക്കുള്ളത്.


കേരളത്തില്‍ കോണ്‍ഗ്രസ് മുന്‍പെങ്ങും ഇല്ലാത്ത വിധം ഊര്‍ജ്വസ്വലമായ മാറ്റങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയപ്പോഴാണ് പാര്‍ട്ടിയിലൂടെ എല്ലാം നേടിയ ഗ്രൂപ്പ് നേതാക്കളുടെ അട്ടിമറി നീക്കം എന്നതാണ് ശ്രദ്ധേയം.


എ,ഐ ഗ്രൂപ്പുകള്‍ നല്‍കിയ പട്ടിക അതേ പടി അംഗീകരിക്കണമെന്നാണ് അവരുടെ ആവശ്യം. അതിനിടെ ഒന്നിനും കൊള്ളാത്ത ചിലരെ ഉള്‍ക്കൊള്ളിക്കണമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍മാരും പറയുന്നുണ്ട്.

വിഎം സുധീരനൊക്കെ കെപിസിസി ഭാരവാഹിയാക്കണമെന്ന് ആവശ്യപ്പെട്ടവരുടെ പേര് കേട്ടാല്‍ മണ്ഡലം കമ്മറ്റിയില്‍ പോലും പരിഗണിക്കാന്‍ പറ്റുന്ന പേരുകളല്ലെന്നാണ് റിപ്പോര്‍ട്ട് .


കോണ്‍ഗ്രസിന്‍റെ പുതിയ ഡി സി സി അദ്ധ്യക്ഷന്‍മാരൊക്കെ പെട്ടിപിടുത്തക്കാരും വേറെ ചില ഏര്‍പ്പാട് ഉള്ളവരാണെന്നുമൊക്കെ ചാനലില്‍ പറഞ്ഞ നേതാവിന് പിന്തുണ നല്കിയ ശിവദാസന്‍ നായരെ കെപിസിസി വൈസ് പ്രസിഡന്‍റാക്കാതെ സമ്മതിക്കില്ലെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്.


ആലപ്പുഴ ഡിസിസിയുടെ പഴയ കെട്ടിടം വാടകയ്ക്ക് എടുത്തപ്പോള്‍ പ്രമുഖ റീട്ടെയില്‍ ഗ്രൂപ്പ് അഡ്വാന്‍സ് നല്കിയ 25 ലക്ഷത്തില്‍ 24.5 ലക്ഷവും അടിച്ചുമാറ്റിയ ( ഡിസിസിയിലെ ഔദ്യോഗിക രേഖകള്‍ പ്രകാരമുള്ള കണക്ക് ) മുന്‍ ഡി സി സി അധ്യക്ഷനെ പട്ടികയിലെ ഒന്നാം പേരുകാരനാക്കിയാണ് ഐ ഗ്രൂപ്പിന്‍റെ 'സഹായം' ?

പിണറായി വിജയന്‍റെ കാല് തിരുമ്മാന്‍ തയ്യാറാണെന്ന് പറഞ്ഞ നേതാവിനെയും മറ്റൊരു ഉന്നതന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് നിര്‍ദേശിച്ചിട്ടുണ്ട്.

ഗ്രൂപ്പു നേതാക്കളുടെ ഇത്തരം പിടിവാശിയോടെ പാര്‍ട്ടിയില്‍ മാറ്റം കൊണ്ടുവരാനുള്ള പുതിയ നേതൃത്വത്തിന്റെ തീരുമാനവും പാളുകയാണ്. കെപിസിസി ഭാരവാഹികളുടെ പട്ടിക നീളുന്നത് വലിയ തിരിച്ചടിയാണെന്ന വിലയിരുത്തലിലാണ് ഇവര്‍.

യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന ആഗ്രഹം ഇവര്‍ക്കുണ്ടെങ്കിലും അതിനു വിലങ്ങു തടിയാണ് പഴയ നേതാക്കള്‍.

എക്കാലവും തങ്ങള്‍ക്കൊപ്പം ഉറച്ചു നിന്ന് ഗ്രൂപ്പുകളി മാത്രം നടത്തുന്നവരെ പരിഗണിക്കണമെന്ന നിലപാടാണ് ഗ്രൂപ്പു നേതാക്കളായ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ഉള്ളത്.

NEWS
Advertisment