Advertisment

ഉരുള്‍പൊട്ടല്‍ താണ്ഡവമാടിയ കൂട്ടിക്കലും പരിസരത്തും ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് ഏഴു പാറമടകള്‍ ! പല പാറമടകളും പ്രവര്‍ത്തിക്കുന്നത് അര കിലോമീറ്ററിലധികം മല തുരന്ന്. പാറ പൊട്ടിച്ചു നീക്കുന്നത് അനുവദനീയമായ അളവിനുമപ്പുറം. പണം വാങ്ങി പ്രാദേശിക നേതാക്കളും അധികൃതരും പാറമടയ്ക്ക് അനുവാദം നല്‍കുന്നത് തുടരുന്നതോടെ ജനം ദുരിതത്തില്‍ ! കൊടുങ്ങയിലെ പാറമടയ്‌ക്കെതിരെ സമരം നടത്തി മടുത്ത് പ്രദേശം വിട്ടുപോയത് അമ്പതിലേറെ കുടുംബങ്ങള്‍. പരിസ്ഥിതി ലോല മേഖലകളിലെ പ്രകൃതി ചൂഷണം നാടിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നു

New Update

 

Advertisment

publive-image

കോട്ടയം ( കൂട്ടിക്കല്‍) : ഉരുള്‍പൊട്ടലിലും കനത്തമഴയിലും നാശം വിതച്ച കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകളില്‍ മാത്രം പ്രവര്‍ത്തിക്കുന്നത് ഏഴു ക്വാറികള്‍. ഇളംകാട്, കൊടുങ്ങ, വല്യേന്ത, പൂവഞ്ചി, വേലനിലം എന്നിവിടങ്ങളിലാണ് ഈ ക്വാറികളേറെയും. പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ മലതുരന്നാണ് പാറമടകളുടെ പ്രവര്‍ത്തനം.

പല പാറമടകളും അര കിലോമീറ്ററിലധികം ഉയരത്തില്‍ മല തുരന്നു കഴിഞ്ഞു. അനുവദനീയമായ അളവിലെ പാറഖനനം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇവിടെ കഴിഞ്ഞതാണ്. മുപ്പതു മീറ്റര്‍ വരെ ഉയരത്തില്‍ ഖനനം ചെയ്യാനുള്ള അനുവാദത്തിന്റെ മറവില്‍ 500 മീറ്റലിറേലെയാണ് ഇവിടെ പൊട്ടിച്ചു കൂട്ടുന്നത്. ഈ പാറമടകളൊക്കെയും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.

അനുവദനീയമായ അളവില്‍ കൂടുതല്‍ സ്ഫോടനം നടത്തുന്ന ഇളംകാട് കൊടുങ്ങയിലെ പാറമടയ്ക്കതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ ശക്തമായ സമരം വര്‍ഷങ്ങളായി നടന്നു വരികയാണ്. പാറമടയിലെ കല്ല് മിക്കപ്പോഴും സമീപവാസികളുടെ വീടിനു മുകളില്‍ വീഴുന്നത് പതിവാണ്. ഇവിടെ നിന്നും പാറകയറ്റി പോകുന്ന വാഹനങ്ങള്‍ തടയുന്നത് പതിവു കാഴ്ചയാണ്.

ആദ്യ കാലഘട്ടങ്ങളില്‍ പാറമടക്കെതിരെ നേരത്തേ ജനകീയ സമരം ശക്തമായിരുന്നു. പിന്നീട് ശോഷിച്ചു. പാറപൊട്ടിക്കലില്‍ വീടും പരിസരവും കേടുപാട് സംഭവിച്ചതോടെ ഓരോരുത്തരായി സ്ഥലം വിറ്റു പോയി.

പലരുടെയും സ്ഥലം പാറമട ഉടകകളൊക്കെ തന്നെ ബിനാമി പേരില്‍ വാങ്ങിക്കൂട്ടി. ശേഷിച്ചവര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരം തുടങ്ങിയെങ്കിലും പിടിച്ചു നില്‍ക്കാനായില്ല. പാറമടകളുടെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നുമുണ്ട്.

2015ല്‍ എല്ലാ മുന്നണി സ്ഥാനാര്‍ത്ഥികളെയും തോല്‍പ്പിച്ച് പ്രകൃതി സംരക്ഷണ സമിതി നിര്‍ത്തിയ സ്ഥാനാര്‍ത്ഥി പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. അത് പകര്‍ന്ന ആവേശത്തില്‍ പാറമടയ്‌ക്കെതിരെ നിയമപോരാട്ടത്തിന് പ്രദേശവാസികള്‍ പോയിരുന്നു. പക്ഷേ നിയമപോരാട്ടത്തിന് തിരിച്ചടി കിട്ടി.

പ്രാദേശികമായി രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവിടെ പാറമടയുടെ ആളുകള്‍ക്കൊപ്പമാണ്. ജില്ലയിലെ പല പ്രമുഖ നേതാക്കളുടെയും പിന്തുണയോടെയാണ് ഈ പാറമടകള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം ദുരന്തമുണ്ടായപ്പോള്‍ ഇവിടെയെത്തി ആശ്വസിപ്പിച്ചവരും, രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരിലുമൊക്കെ പാറമടക്കാര്‍ക്ക് പിന്തുണ നല്‍കുന്നവരുണ്ടെന്നാണ് നാട്ടുകാരുടെ പക്ഷം.

വാഗമണ്‍ മൊട്ടക്കുന്നുകളുടെ താഴ് വാരം കൂടിയാണ് കൂട്ടിക്കല്‍. അതീവ ജൈവ വൈവിദ്ധ്യ പ്രദേശമായ ഇവിടം സംരക്ഷിക്കണമെന്ന് ജൈവവൈവിദ്ധ്യ ബോര്‍ഡ് നിര്‍ദ്ദേശിച്ച സ്ഥലം കൂടിയാണ്. മീനച്ചിലാറിന്റെ ഉത്ഭവ സ്ഥാനവുമാണിവിടം.

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ ഖനനനിരോധന മേഖലയുമാണ് കൂട്ടിക്കല്‍. പക്ഷേ ഖനനം ഇപ്പോഴും നിര്‍ബാധം തുടരുന്നു.

 

NEWS
Advertisment