Advertisment

ലക്ഷദ്വീപ് കേന്ദ്രങ്ങളിലെ ഡിഗ്രി, പിജി കോഴ്സുകൾ നിർത്തലാക്കാനുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി തീരുമാനം; ദ്വീപിനെ തകർക്കാനുള്ള സംഘ്പരിവാർ അജണ്ടകൾക്ക് കുട പിടിക്കുന്ന നടപടിയിൽ നിന്ന് സർവകലാശാല പിൻമാറുക - ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

New Update

publive-image

Advertisment

ലക്ഷദ്വീപിലെ മൂന്ന് കേന്ദ്രങ്ങളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിൽ നടത്തുന്ന ബി എ അറബിക്, പിജി കോഴ്സുകൾ നിർത്തലാക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് തീരുമാനം അംഗീകരിക്കാനാവില്ല.

പഠനനിലവാരമില്ല എന്നു പറഞ്ഞുകൊണ്ടാണ് ലക്ഷദ്വീപ് ഭരണകൂടം എംഎ അറബിക്, ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ്, എം എസ് സി അക്വാകൾച്ചർ, മാത്തമാറ്റിക്സ് എന്നീ പി ജി കോഴ്സുകൾക്കൊപ്പം ബി എ അറബിക് കൂടി നിർത്താൻ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.

ലക്ഷദ്വീപിൽ നടത്തിക്കൊണ്ടിരിക്കുന്ന സംഘപരിവാർ ഭരണകൂട അജണ്ടകൾക്ക് കുട പിടിക്കുന്ന തീരുമാനമാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയും ഇപ്പോൾ എടുത്തിരിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബിക് വിഭാഗത്തിൽ ഡിഗ്രി ഒന്നാം റാങ്ക് നേട്ടം തന്നെ ലക്ഷദ്വീപിലെ കേന്ദ്രത്തിന് അവകാശപ്പെടാനുണ്ട്.

മാത്രമല്ല, ദ്വീപിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠനത്തിന് വേണ്ടി തെരഞ്ഞെടുക്കാറുള്ള അറബിക് കോഴ്സ് ഉൾപ്പെടെ വിദ്യാർഥികൾ ഉപരി പഠത്തിനു വേണ്ടി അപേക്ഷ നൽകാനിരിക്കുമ്പോഴാണ് വിദ്യാർഥികൾ കുറവാണെന്നും, പഠനനിലവാരമില്ല എന്നും പറഞ്ഞ് ലക്ഷദ്വീപിലെ കവരത്തി, ആന്ത്രോത്ത്, കടമത്തത് ദ്വീപ് കേന്ദ്രങ്ങളിലെ കോഴ്സുകൾ ഒഴിവാക്കുന്നത്.

ഈ കോഴ്സുകൾക്ക് വിദ്യാർഥികൾ കേരളത്തിൽ വന്നു പഠിക്കട്ടെ എന്നാണ് ഭരണകൂട നിലപാട്. പുതിയ അധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ പ്രക്രിയ കൂടി അടുത്തിരിക്കെ നിരവധി വിദ്യാർഥികളോടുള്ള തികഞ്ഞ വഞ്ചനയാണ് യൂണിവേഴ്സിറ്റിയുടെ ഈ തീരുമാനം.

ദ്വീപിലെ കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള ബിഎ അറബിക്, മറ്റു പിജി കോഴ്സുകൾ ഉടൻ പുനഃസ്ഥാപിക്കുകയും വിദ്യാർത്ഥികളുടെ പഠനാവസരം അടിയന്തിരമായി ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ആവശ്യപ്പെടുന്നു. വിദ്യാർത്ഥി വിരുദ്ധമായ ഇത്തരം അവകാശ ലംഘനങ്ങളോട് ശക്തമായ പ്രതിഷേധങ്ങളുമായി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സമര രംഗത്ത് മുന്നിലുണ്ടാകും.

fraternity movement
Advertisment