Advertisment

പാലാ ബിഷപ്പിന്റെ പ്രസ്താവന; കലക്ക വെള്ളത്തില്‍ മീന്‍പിടിക്കാനായി ബിജെപി വര്‍ഗിയത ആളിക്കത്തിക്കുന്നു: രമേശ് ചെന്നിത്തല

New Update

publive-image

Advertisment

തിരുവനന്തപുരം: രാജ്യത്ത് വര്‍ഗീയത ആളി കത്തിക്കുവാന്‍ ബിജെപി പരമാവധി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.  മുന്‍പ് എങ്ങും ഇല്ലാത്ത നിലയില്‍ ഇന്ന് രാജ്യത്തും, സംസ്ഥാനത്തും വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുവാന്‍ ബിജെപി ശ്രമം നടത്തുകയാണ്.

കേരളത്തിലും ഏത് സംഭവം ഉണ്ടായാലും അതില്‍ വര്‍ഗീയത ആളിക്കത്തിക്കാന്‍ ആണ് ബിജെപി ശ്രമിക്കുന്നത്. പാലാ ബിഷപ്പിന്‍റെ പ്രസ്താവനയെ ചൊല്ലി കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ നോക്കുകയാണ് ബിജെപി. നമുക്ക് ആവശ്യം മത വിശ്വാസികള്‍ തമ്മിലുള്ള അനുരഞ്ജനവും, യോജിപ്പും പരസ്പര വിശ്വാസത്തോടുകൂടി ഉള്ള പ്രവര്‍ത്തനങ്ങളും ആണ്.

കേരളം മതനിരപേക്ഷതയില്‍ ഉറച്ചു നില്‍ക്കുന്ന ഒരു സംസ്ഥാനമാണ്. നമ്മുടെ സംസ്ഥാനത്ത് ബിജെപി ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തുവാന്‍ ബോധപൂര്‍വം ശ്രമിക്കുന്നു.

ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന ഗവര്‍ണറുടെ കസേരയ്ക്ക് ഒരിക്കലും യോജിച്ചതല്ല. മതേതരത്വത്തിന് പേരുകേട്ട നമ്മുടെ കേരളത്തില്‍ സമാധാന അന്തരീക്ഷം കളങ്കപ്പെടുത്താന്‍ നോക്കുന്ന ബിജെപിയെ നാം ഒരുമിച്ച് നിന്ന് നേരിടണം. ബിജെപിയുടെയും ആര്‍എസ്എസിന്‍റെയും ഈ നീക്കത്തിനെതിരെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം.

ഗോള്‍വാള്‍ക്കറുടെ ചരിത്രം പഠിപ്പിക്കാന്‍ താല്പര്യം എടുക്കുന്ന പിണറായി വിജയന്റെ വൈസ് ചാന്‍സലര്‍ ആണ് ഇന്ന് കേരളത്തില്‍ ഉള്ളത്. മഹാത്മാ ഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്‌റുവിനെയും മാറ്റിനിര്‍ത്തി ഗോള്‍വാള്‍ക്കറെ പഠിപ്പിക്കണം എന്ന് പറയുന്ന വൈസ് ചാന്‍സലറും അക്കാദമിക് സമിതികളും ആരുടെ താല്‍പര്യങ്ങളാണ് സംരക്ഷിക്കാന്‍ നോക്കുന്നത് ?

നെഹ്‌റുവിന്റെയും ഗാന്ധിയുടെയും സ്മരണകളെ പോലും ഭയക്കുന്ന ഒരു സര്‍ക്കാര്‍ ആണ് ഇന്ന് കേന്ദ്രം ഭരിക്കുന്നത്. ചരിത്ര താളുകളില്‍ നിന്നും നെഹ്‌റുവിനെയും ഗാന്ധിയെയും തുടച്ചു മാറ്റുവാനുള്ള പ്രയത്‌നങ്ങളാണ് ബി.ജെ.പി ചെയ്യുന്നത്. ഇതേ നയമാണ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ സ്വീകരിച്ചത്. രാജ്യമെങ്ങും കാണുന്ന ഈ പ്രവണത കേരള സര്‍ക്കാരും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയും എന്തിനാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്?

നമ്മുടെ നാട്ടില്‍ മതേതരത്വം നിലനിര്‍ത്തുവാനുള്ള ഉത്തരവാദിത്വവും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉണ്ട്. ഈ വര്‍ഗ്ഗീയത നീക്കങ്ങള്‍ക്കെതിരെ ഒരു മതേതര പാര്‍ട്ടി എന്ന നിലയ്ക്ക് നാം ഒറ്റക്കെട്ടായി അണി നിരക്കേണ്ടെ ഒരു സന്ദര്‍ഭം കൂടിയാണിത് എന്ന് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു.

ramesh chennithala
Advertisment