തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ ചൊല്ലി കോണ്‍ഗ്രസില്‍ കലഹം രൂക്ഷമാകുന്നു. പാര്‍ട്ടിയില്‍ ആലോചിക്കാതെ എം ലിജുവുമൊത്ത് രാജ്യസഭാ സീറ്റിനായി രാഹുല്‍ഗാന്ധിയെ കണ്ടതില്‍ കടുത്ത അതൃപ്തിയിലാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍. അതിനിടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റവര്‍ക്ക് രാജ്യസഭാ സീറ്റ് നല്‍കരുതെന്ന കെ മുരളീധരന്‍ അടക്കമുള്ളവരുടെ നിര്‍ദേശം എം ലിജുവിനെ ഉദ്ദേശിച്ചാണെന്നാണ് സൂചന.
നേരത്തെ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച ശ്രീനിവാസന്‍ കൃഷ്ണന്റെ പേര് കേരള നേതൃത്വം തള്ളിയിരുന്നു. കേരളത്തില്‍ നിന്നുള്ള നേതാക്കളെ തള്ളി മറ്റൊരു നേതാവിനെ കെട്ടിയിറക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് നേതാക്കള്‍ കെപിസിസി പ്രസിഡന്റിനെ അറിയിച്ചിരുന്നു. ഇതോടെ രാജ്യസഭയിലേക്ക് കേരളത്തില്‍ നിന്നുള്ള ആള്‍ തന്നെ വരുമെന്ന് ഉറപ്പാണ്.
എം ലിജുവാണ് കെപിസിസി പ്രസിഡന്റിന്റെ പട്ടികയിലെ ഒന്നാമന്‍. ലിജുവിന് നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ കണ്ണൂരില്‍ നിന്നുള്ള ക്ഷമ മുഹമ്മദിനെ മത്സരിപ്പിക്കണമെന്നാണ് സുധാകരന്റെ മറ്റൊരു നിലപാട്. എന്നാല്‍ ചര്‍ച്ചയില്ലാതെ ആരുടെയും പേര് കെപിസിസി അധ്യക്ഷന്‍ മുമ്പോട്ടുവയ്ക്കരുതെന്നാണ് മറ്റു നേതാക്കളുടെ നിലപാട്.
ലിജുവിന് പുറമെ സതീശന്‍ പാച്ചേനി, ഷാനിമോള്‍ ഉസ്മാന്‍, വിടി ബല്‍റാം എന്നിവരുടെ പേരും പരിഗണനയിലുണ്ട്. എന്നാല്‍ കഴിഞ്ഞ തവണ മത്സരിച്ച് തോറ്റവരെ പരിഗണിക്കരുതെന്ന് ആവശ്യവുമായി കെ മുരളീധരന്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിട്ടുണ്ട്. രമേശ് ചെന്നിത്തലയോട് കൂടി ആലോചിച്ചാണ് മുരളീധരന്‍ തന്റെ നിലപാട് പറഞ്ഞത്.
അതിനിടെ മുതിര്‍ന്ന നേതാവ് എംഎം ഹസന്‍ തന്റെതായ രീതിയില്‍ ചില നീക്കങ്ങള്‍ സീറ്റിനായി നടത്തുന്നുണ്ട്. മുസ്ലീം പ്രാതിനിധ്യമില്ലെന്ന വാദമുയര്‍ത്തിയാണ് ഹസന്റെ നീക്കങ്ങള്‍. എന്നാല്‍ കാര്യമായ പിന്തുണ ഹസനില്ലെന്നാണ് സൂചന.
ഇതോടെ ചില അപ്രതീക്ഷിത പേരുകളും ചര്‍ച്ചകളിലേക്ക് എത്തിയിട്ടുണ്ട്. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍, മലപ്പുറം ഡിസിസി പ്രസിഡന്റും മുന്‍ കെഎസ് യു അധ്യക്ഷനുമായ വിഎസ് ജോയി എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നതെന്നാണ് സൂചന. യൂത്ത് കോണ്‍ഗ്രസിലെ പ്രവര്‍ത്തന മികവും വനിതയെന്ന പരിഗണനയും ന്യൂനപക്ഷ മുഖവുമാണ് ജെബിയെ പരിഗണിക്കുന്നതിന് പിന്നില്‍.
കഴിഞ്ഞ തവണ സീറ്റ് നിഷേധിച്ച വിഎസ് ജോയിക്ക് തുണയാകുന്നത് മലപ്പുറത്തെ പ്രവര്‍ത്തനങ്ങള്‍ തന്നെ. സീറ്റില്ലെന്നു പറഞ്ഞ് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോഴും ഒരു പരിഭവവും ജോയി പറഞ്ഞിരുന്നില്ല. തന്നെയുമല്ല യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം എന്നതു ഉറപ്പാക്കാനും ജോയിയെ പരിഗണിക്കുന്നതിലൂടെ കഴിയും.
എന്തായാലും സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനം വേണമെന്നാണ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നിലപാട്.