തൃക്കാക്കരയില്‍ യുഡിഎഫ് പ്രവര്‍ത്തനം വേറെ സ്റ്റൈല്‍ ! സ്ഥാനാര്‍ഥിക്കും നേതാക്കള്‍ക്കുമൊപ്പം സെല്‍ഫിയില്ല, ഫോട്ടോ സെഷനില്ല ! കറങ്ങിത്തിരിയാനും നേതാക്കളുമായി പരിചയം പുതുക്കാനും കോണ്‍ഗ്രസ് നേതാക്കളാരും തൃക്കാക്കരയ്ക്ക് പോകേണ്ട ! പിടി തോമസിന്‍റെ വീട്ടിലേയ്ക്ക് എത്തുന്ന നേതാക്കളെ ഇലക്ഷന്‍ കമ്മിറ്റി ഓഫീസിലേയ്ക്ക് 'വഴിതിരിച്ച് വിടാന്‍' മാത്രം ഒരു ഡിസിസി വൈസ് പ്രസിഡന്‍റിന് ചുമതല. എല്ലാം നിരീക്ഷിക്കാനും നിയന്ത്രിക്കാനും പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തില്‍ 'സ്പെഷ്യല്‍ കണ്‍ട്രോള്‍ റൂം' !

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് നേരിടുന്നത് മുമ്പെങ്ങുമില്ലാത്ത വിധം ചിട്ടയോടും ഒരുക്കങ്ങളോടും കൂടെ. താഴേത്തട്ടില്‍ മികച്ച പ്രവര്‍ത്തനമാണ് ഇത്തവണ യുഡിഎഫ് നടത്തുന്നത്. നേതാക്കളുടെ ഒത്തിണക്കവും ഐക്യവും മുമ്പെങ്ങുമില്ലാത്തവിധമാണ് തൃക്കാക്കരയില്‍ കാണാനാകുന്നത്. അതെത്രനാള്‍ അങ്ങനെയുണ്ടാകും എന്നത് വേറെ കാര്യം.

തൃക്കാക്കരയിലെ ഓരോ മണ്ഡലം കമ്മറ്റികളുടെയും ചാര്‍ജ് മുതിര്‍ന്ന നേതാക്കള്‍ക്കാണ്. ബൂത്തു തലത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയാണ് ഓരോ നേതാവിനും നല്‍കിയിരിക്കുന്ന ചുമതല.

publive-image

വീടുകയറാന്‍ എംഎല്‍എമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡും രൂപീകരിച്ചിട്ടുണ്ട്. വെറുതെ നിയന്ത്രിച്ചാല്‍ പോരാ, നേതാവാണെങ്കിലും വീട് കയറണം എന്ന കാര്യത്തില്‍ ഇളവില്ല. ഓഫീസില്‍ ആള്‍ത്തിരക്ക് കാണാന്‍ പാടില്ല. അവിടെ ചുമതലപ്പെട്ടവര്‍ മാത്രം.

പണ്ട് തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ത്ഥിയെ സന്ദര്‍ശിച്ച് സെല്‍ഫിയെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുന്ന രീതി കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇക്കുറി തൃക്കാക്കരയില്‍ അതു പറ്റില്ല.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉമാ തോമസിനെ കാണാനെത്തുന്ന നേതാക്കളെ സ്വീകരിക്കാന്‍ അവരുടെ വീട്ടില്‍ ഡിസിസി വൈസ് പ്രസിഡന്‍റിനെ നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്.

publive-image

വരുന്ന നേതാവിനെ അവിടെ ചുറ്റിത്തിരിയാന്‍ സമ്മതിക്കാതെ അതേപടി ആളുകള്‍ ആവശ്യമുള്ള മണ്ഡലത്തിലേക്ക് ഇദ്ദേഹം പറഞ്ഞയക്കും. അവിടെ ഒരു ഓഫീസും ചുമതലയുള്ള നേതാവും ഉണ്ടാകും.

അദ്ദേഹം അവിടെ ചെല്ലുമ്പോഴേക്കും എന്തു ചെയ്യണമെന്ന നിര്‍ദേശം അദ്ദേഹം നല്‍കും. നേതാവ് ചെല്ലേണ്ട ബൂത്ത്, ചെയ്യേണ്ട ജോലി എന്നിവ അവിടെ നിന്നും കുറിപ്പ് കിട്ടും. അതു കൃത്യമായി ചെയ്‌തോ എന്നറിയാന്‍ സംവീധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പണ്ടത്തേപ്പോലെ എല്ലാവര്‍ക്കും പ്രസംഗിക്കാന്‍ അനുവാദം ഇക്കുറിയില്ല. ചുമതലപ്പെട്ടവര്‍ക്ക് മാത്രമേ മൈക്ക് കിട്ടൂ. പ്രസംഗിക്കാന്‍ അവസരം എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും പോഷക സംഘടനാ സംസ്ഥാന അധ്യക്ഷന്മാര്‍ക്കും മാത്രം. അല്ലാത്തവര്‍ വീട് കയറി തന്നെ പ്രചാരണം നടത്തണം.

publive-image

സ്ഥാനാര്‍ത്ഥിയെ തട്ടിയിട്ടുള്ള ഫോട്ടോ ഷോ ഇക്കുറിയില്ല. മണ്ഡല പര്യടനത്തില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം അതത് മണ്ഡലത്തിലെ പ്രവര്‍ത്തകരും നേതാക്കളും മാത്രമെ കാണാവൂ. സ്ഥാനാര്‍ഥിക്കൊപ്പം തിക്കിത്തിരക്കാന്‍ ആരെയും അനുവദിക്കില്ല. അല്ലാത്തവരെല്ലാം ബൂത്ത് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് നിര്‍ദേശം. അവര്‍ക്കും വേണ്ട നിര്‍ദേശങ്ങളുണ്ട്.

യുവാക്കളുടെ പ്രത്യേക സംഘം തന്നെ അവിടെ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ടെക്കികളെ ഡീലാക്കാന്‍ വേറെ സംഘത്തെയും രംഗത്തിറക്കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും അടക്കമുള്ളവര്‍ ഫ്‌ളാറ്റുകള്‍ കയറി വോട്ട് ചോദിക്കുന്നതും പുതുമയുള്ള കാഴ്ചയാണ്.

പ്രചരണത്തിന്‍റെ ചുമതല പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നേരിട്ട് നിയന്ത്രിക്കും. ഏകോപനം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനും. അതിനപ്പുറം കളം പിടിക്കാനും നിയന്ത്രിക്കാനും 'കാര്യസ്ഥന്മാരെ' അനുവദിക്കില്ല. എല്ലാത്തിനും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ കട്ട സപ്പോര്‍ട്ടും ഉണ്ട്.

publive-image

അവസാന ഘട്ടത്തിലേക്ക് പ്രചാരണം എത്തുന്നതോടെ തന്ത്രങ്ങള്‍ ഇനിയും മാറിയേക്കാം. ദിവസവും രാത്രി തന്നെ അവലോകന യോഗങ്ങളും നടക്കുന്നുണ്ട്. വലുപ്പ-ചെറുപ്പ വ്യത്യാസമില്ലാതെ നേതക്കാള്‍ എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുന്ന ഒരു ഉപതെരഞ്ഞെടുപ്പ് യുഡിഎഫിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും പക്ഷം.

അതായത്, പണിയെടുക്കാതെ സോഷ്യല്‍ മീഡിയയില്‍ പകര്‍ത്താന്‍ ചിത്രങ്ങളുമായി മടങ്ങാമെന്ന മോഹം തൃക്കാക്കരയിലെത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണ്ട !

Advertisment