സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിലും പ്രധാന ചര്‍ച്ച തൃക്കാക്കര തന്നെ ! വികസനവും കരുതലും തൃക്കാക്കര തിരിച്ചറിയുമെന്നും ഉറപ്പാണ് 100 എന്നും എല്‍ഡിഎഫ്. കെ-റെയിലും ധനപ്രതിസന്ധിയും വികസനമില്ലായ്മയും സര്‍ക്കാരിനെതിരെ വോട്ടാകുമെന്ന് യുഡിഎഫ് ! പൊന്നാപുരം കോട്ട കാത്ത് സര്‍ക്കാരിനെതിരെ വിധിയെഴുത്തുണ്ടാകുമെന്നും യുഡിഎഫ് വിലയിരുത്തല്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം കടന്നു പോകുന്നത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ്. സര്‍ക്കാരിന്റൈ വിലയിരുത്തലാകും ഉപതെരഞ്ഞെടുപ്പ് എന്ന് പ്രതിപക്ഷം പറയുമ്പോഴും ആദ്യമൊക്കെ അത് സമ്മതിച്ച സര്‍ക്കാര്‍ ഇപ്പോള്‍ പക്ഷേ അതു പറയുന്നില്ല. തെരഞ്ഞെടുപ്പ് വിജയിച്ചാല്‍ അത് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികള്‍ക്കുള്ള അംഗീകാരമാകും.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ അത് പ്രതിപക്ഷം സര്‍ക്കാരിനുള്ള താക്കീതായി വിലയിരുത്തും. പ്രചാരണം നടത്തും. അതു സര്‍ക്കാരിന് തിരിച്ചടിയുമാകും.

99 സീറ്റിന്റെ വിജയ തിളക്കത്തിലേറിയ ഭരണതുടര്‍ച്ച പക്ഷേ ആദ്യ നാളുകളില്‍ തന്നെ വിവാദങ്ങളിലാകുന്ന കാഴ്ചയാണ് കണ്ടത്. മുട്ടില്‍ മരം മുറിയില്‍ തുടങ്ങിയ വിവാദം പിന്നെ കെ-റെയില്‍ വരെ വളരുന്നത് കേരളം കണ്ടു. ഇന്ന് ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സര്‍ക്കാരിനെ വലയ്ക്കുന്നത്.

കെ-റെയിലിന് വേണ്ടി ഒരു ലക്ഷത്തിലേറെ കോടി രൂപ കടമെടുക്കേണ്ടി വരുന്നതും കെ-റെയില്‍ സര്‍വേ പാളിയതും പ്രതിഷേധം ഉയര്‍ന്നതുമെല്ലാം കേരളം കണ്ടു. വലിയ സമരത്തിന് സാക്ഷ്യം വഹിച്ച കെ-റെയില്‍ കല്ലിടലില്‍ സര്‍ക്കാര്‍ നിലപാട് മാറിയതും മറ്റൊരു ചരിത്രം.

ശമ്പളപ്രതിസന്ധിയില്‍ കെഎസ്ആര്‍ടിസി, ഇഴഞ്ഞ് നീങ്ങുന്ന വിഴിഞ്ഞം, കടമെടുത്ത് മാത്രം പിടിച്ച് നില്‍ക്കുന്ന ഖജനാവ്, ഊര്‍ജമില്ലാത്ത കിഫ്ബി, ഒട്ടും വേഗമില്ലാത്ത നവകേരള നിര്‍മിതി, പ്രളയദുരിതാശ്വാസം ഇനിയും നല്‍കാനാകത്തത് എന്നിങ്ങനെ പ്രശ്‌നങ്ങള്‍ നിരവധിയാണ്.

ഉയരുന്ന കടമെടുപ്പ് സംസ്ഥാനത്തെ കടക്കെണിയിലാക്കി കഴിഞ്ഞു. വരാനിരിക്കുന്ന മാസങ്ങളില്‍ ശമ്പളം നല്‍കണമെങ്കില്‍ വീണ്ടും കടം എടുക്കണം. അതും വലിയ പ്രതിസന്ധിയാണ്.

എന്നാല്‍ വികസനത്തിനും ക്ഷേമത്തിനും പണം പ്രശ്‌നമല്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നുവെന്നാണ് സര്‍ക്കാര്‍ അനുകൂലികളുടെ നിലപാട്. ലൈഫും സാമൂഹിക പെന്‍ഷനും പട്ടയവിതരണവുമടക്കം അടിസ്ഥാനവിഷയങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കാന്‍ പിണറായി വിജയന്‍ പ്രത്യേകം ശ്രദ്ധ വയ്ക്കുന്നുവെന്നും ഇവര്‍ വാദിക്കുന്നു.

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിലും ചര്‍ച്ച തൃക്കാക്കര തന്നെയാണ്. വികസനം തുണയ്ക്കുമെന്ന് സര്‍ക്കാരും സര്‍ക്കാരിന്റെ വീഴ്ചകള്‍ ഗുണം ചെയ്യുമെന്ന് യുഡിഎഫും പ്രതീക്ഷ വയ്ക്കുന്നു. പക്ഷേ എന്തുവന്നാലും ഒരു കാര്യം ഉറപ്പാണ്- കടം കൂടും.

Advertisment