തൃക്കാക്കര ബൂത്തിലെത്താന്‍ ഇനി പത്തുനാള്‍; മാറി മറിഞ്ഞ് പ്രചാരണ വിഷയങ്ങള്‍ ! കെ സുധാകരന്റെ പ്രസ്താവന ഇന്നും ആളിക്കത്തിച്ച് സിപിഎം. സുധാകരനെതിരെ തുടര്‍ നടപടികള്‍ വൈകിക്കാനും നിര്‍ദേശം ! വീണുകിട്ടിയ കൊച്ചിയിലെ വെള്ളക്കെട്ടും മെട്രോ രണ്ടാം ഘട്ടവും സജീവ ചര്‍ച്ചയാക്കി യുഡിഎഫും. ബിജെപി മണ്ഡലത്തില്‍ സജീവമല്ലെന്ന് ആക്ഷേപം !

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് 10 ദിവസം മാത്രം ശേഷിക്കെ പ്രചാരണ വിഷയങ്ങള്‍ മാറി മറിയുന്നു. ആദ്യം വികസനവും കെ-റെയിലുമൊക്കെ പറഞ്ഞ ഇടതുപക്ഷം പക്ഷേ ഇപ്പോള്‍ കെ സുധാകരന്റെ പ്രസ്താവനയെയാണ് പ്രധാന ആയുധമാക്കുന്നത്. എന്നാല്‍ യുഡിഎഫ് ആകട്ടെ ഇപ്പോള്‍ വീണുകിട്ടിയ കൊച്ചിയിലെ വെള്ളക്കെട്ടും മെട്രോ രണ്ടാം ഘട്ടവും പ്രചാരണ വിഷയമാക്കി കഴിഞ്ഞു.

ഉപതെരഞ്ഞെടുപ്പില്‍ കെ-റെയിലും വികസനവുമാണ് പ്രധാന ചര്‍ച്ചയെന്നു പറഞ്ഞാണ് എല്‍ഡിഎഫ് പ്രചാരണം തുടങ്ങിയതു തന്നെ. കോണ്‍ഗ്രസില്‍ നിന്നും കെവി തോമസിനെ ഇടതു പാളയത്തിലെത്തിച്ചതും വികസനം പറഞ്ഞാണ്. എന്നാല്‍ ആ ട്രാക്ക് സിപിഎം തന്നെ മാറ്റുന്ന കാഴ്ചയും കണ്ടു.

publive-image

സഭയുടെ സ്ഥാനാര്‍ത്ഥിയെന്ന വിമര്‍ശനം ആദ്യം സജീവമാക്കിയ എല്‍ഡിഎഫ് പിന്നീട് അത് വിട്ടുകളയുന്നതും കണ്ടു. അപ്പോഴാണ് വീണുകിട്ടിയ ആയുധം പോലെ സുധാകരന്റെ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം എത്തുന്നത്. പരമാര്‍ശം വിവാദമാകുമെന്ന സ്ഥിതി വന്നതോടെ സുധാകരന്‍ പ്രസ്താവന പിന്‍വലിച്ചെങ്കിലും അതു വിടാന്‍ സിപിഎം നേതാക്കള്‍ തയ്യാറായില്ല.

കെ സുധാകരനെതിരെ കേസെടുത്തതോടെ വിഷയം സജീവമായി. മുഖ്യമന്ത്രിയെ അപമാനിക്കുന്ന സുധാകരന്റെ സ്വഭാവത്തിനെതിരെ പ്രചാരണവും സിപിഎം തുടങ്ങി. മുതിര്‍ന്ന നേതാക്കള്‍ തന്നെ വിഷയം ആളികത്തിച്ചു.

പക്ഷേ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍കാല പരാമര്‍ശങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ് ഇതിനെ നേരിട്ടു. ഒപ്പം അന്നൊന്നും കേസെടുത്തില്ലെന്ന ചരിത്രവും ഉയര്‍ത്തിക്കാട്ടി. ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തതെന്നാണ് യുഡിഎഫ് വാദം.

publive-image

എന്നാല്‍ അത് സിപിഎം തള്ളുകയാണ്. വിദ്വേഷ പ്രചാരണം ആര് നടത്തിയാലും കേസെടുക്കണമെന്ന ഉന്നത നിര്‍ദേശമുള്ളതുകൊണ്ടാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസും വാദിക്കുന്നു. കേസെടുത്തെങ്കിലും സുധാകരന്റെ അറസ്റ്റിലേക്ക് കടക്കരുതെന്ന കര്‍ശനം നിര്‍ദേശം സിപിഎം നല്‍കിയിട്ടുണ്ട്.

അറസ്റ്റിലേക്ക് പോയാല്‍ അത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന വിലയിരുത്തല്‍ എല്‍.ഡി.എഫ് നേതൃത്വത്തിനുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഉടന്‍ അറസ്റ്റ് ചെയ്യരുതെന്ന നിര്‍ദേശം അന്വേഷണ ഉദ്യോഗസ്ഥന് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയത്.

അതേസമയം ബിജെപി പ്രചാരണം മന്ദ്രഗതിയിലാണ്. കാര്യമായ വര്‍ക്ക് ബിജെപിക്ക് നടക്കുന്നില്ലെന്ന ആക്ഷേപം പ്രവര്‍ത്തകര്‍ക്ക് തന്നെയുണ്ട്.

അതിനിടെ അഞ്ച് ദിവസമായി പെയ്ത മഴ മാറി നില്‍ക്കുന്നതോടെ പ്രചാരണ രംഗം വീണ്ടും ചൂടുപിടിച്ചിട്ടുണ്ട്. വാഹനത്തിലുള്ള പര്യടനവും വീടുകയറിയുള്ള പ്രചാരണത്തിലുമാണ് സ്ഥാനാര്‍ഥികള്‍ ഇന്നും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Advertisment