മരുന്നു ക്ഷാമം സര്‍ക്കാരിന്‍റെ സൃഷ്ടിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ! അന്വേഷണം ആവശ്യമെന്നും തിരുവഞ്ചൂർ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: മരുന്നു ക്ഷാമം സര്‍ക്കാരിന്‍റെ സൃഷ്ടിയാണെന്നും ഇതുസംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. യുഡിഎഫ് കേന്ദ്ര തെരഞ്ഞെടിപ്പ് ഓഫീസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ ആശുപത്രികൾ മരുന്നു ക്ഷാമത്തിന്‍റെ പിടിയിലാണ്. പ്രമേഹം ഉൾപ്പെടെ ജീവിത ശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾക്ക് പുറമേ വീടുകളിലെ കിടപ്പു രോഗികളെ പരിചരിക്കാനുള്ള സാമഗ്രികൾക്കും ക്ഷാമമാണ്. ഇത് ആരോഗ്യ രംഗത്തു വൻ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.

കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ആവശ്യപ്പെടുന്ന അളവിൽ മരുന്നുകളും മറ്റ് അവശ്യ വസ്തുക്കളും ലഭിക്കാത്തതു മൂലം കിടപ്പുരോഗികളുടെ പരിചരണം അവതാളത്തിലായി. കെഎംസിഎൽ സമയബന്ധിതമായി മരുന്ന് എത്തിച്ചു നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം.

പൂഴ്ത്തിവെപ്പുകാരെയും കൊള്ളലാഭം ഉണ്ടാക്കുന്നവരെയും സഹായിക്കുന്ന നടപടിയാണിത്. ഇത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ജാതി തിരിച്ച് വോട്ടര്‍മാരെ കാണുന്ന മന്ത്രിമാര്‍ ജനാധിപത്യ കേരളത്തിന് അപമാനമാണ്. ജനങ്ങളെ രണ്ട് ചേരിയില്‍ ആക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഈ നടപടി കേരളത്തിന് ഉള്‍ക്കൊള്ളാന്‍ സാധ്യമല്ല.

പിണറായി ഭരണത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയായി. ക്രിമിനലുകള്‍ക്ക് സംരക്ഷണം നല്‍കുന്ന ഒരുപറ്റം പോലീസ് ഉദ്യോഗസ്ഥരും ഭരണാധികാരികളുമാണുള്ളത്. ഇത് ഏറ്റവും വലിയ ക്രമസമാധാന പ്രശ്നമായി നിലനില്‍ക്കുന്നു.

സാധാരണക്കാരന് നീതി നിഷേധിക്കുന്ന സാഹചര്യമാണുള്ളത്. ഇതിനെല്ലാം അന്ത്യം കുറിക്കാന്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ച് ജനം തിരിച്ചടി നല്‍കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.

കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തിമേരി വര്‍ഗീസ്, ജെയ്സണ്‍ ജോസഫ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisment