കൊച്ചി: അമിത ആത്മവിശ്വാസവും കോടതി വിധി അനുകൂലമാകുമെന്ന കണക്കുകൂട്ടലിലുമാണ് പി സി ജോർജ് ഇന്ന് രാവിലെ പാലാരിവട്ടത്തേക്ക് തിരിച്ചത്. എല്ലാ മാധ്യമങ്ങളെയും മുൻകൂട്ടി അറിയിച്ച് പാലാരിവട്ടം പോലിസ് സ്റ്റേഷനു മുന്നിലൊരു നാടകീയ പ്രതികരണവും ഇത്തിരി 'ജോർജ് ഷോ'യും നടത്താമെന്ന വിചാരത്തിൽ തന്നെയായിരുന്നു ഈരാറ്റുപേട്ട - പാലാരിവട്ടം യാത്ര.
പക്ഷേ യാത്ര പാതി വഴി പിന്നിട്ടതോടെ കഥ മാറി. തിരുവനന്തപുരം കോടതി ജാമ്യം റദ്ദാക്കി. അറസ്റ്റു ചെയ്യാൻ ഉത്തരവും വന്നു.
ഇതോടെ പാലാരിവട്ടം യാത്ര ഒഴിവാക്കാൻ ജോർജും സംഘവും ആലോചിച്ചെങ്കിലും എല്ലാം കൈവിട്ടിരുന്നു. ജോർജിൻ്റെ യാത്ര പോലീസ് നിരീക്ഷണത്തിലായി. മാധ്യമങ്ങളും യാത്രാ വിവരം അറിഞ്ഞു.
ഇതോടെ അടുത്ത മുങ്ങൽ പൊളിഞ്ഞു. പാലാരിവട്ടത്ത് പോലീസിൻ്റെ വായിലേക്ക് തന്നെ ജോർജ് വന്നുപെട്ടു.
ഹൈക്കോടതിയുടെ ഇടക്കാല ജാമ്യമുള്ളതിനാൽ വെണ്ണല വിദ്വേഷ പ്രസംഗത്തിൽ ജോർജിനെ അറസ്റ്റ് ചെയ്യാൻ പാലാരിവട്ടം പോലിസിന് കഴിയുമായിരുന്നില്ല. എന്നാൽ തിരുവനന്തപുരം വിദ്വേഷ പ്രസംഗത്തിൽ ജോർജിൻ്റെ ജാമ്യം തള്ളിയതോടെ പാലാരിവട്ടം പോലിസിന് ജോർജിനെ തടഞ്ഞു വയ്ക്കേണ്ടി വന്നു. തിരുവനന്തപുരം ഫോർട്ട് പോലിസ് എത്തി അറസ്റ്റു ചെയ്യാതെ ജോർജിനെ വിട്ടയക്കാൻ കഴിയുമായിരുന്നില്ല.
നേരത്തെ കൊടുത്ത ജാമ്യത്തിൻ്റെ വ്യവസ്ഥകൾ പാലിക്കാത്തതിനാലും സമാനമായ കുറ്റം ആവർത്തിച്ചതിനാലും ജോർജിന് ഇക്കുറി കാര്യങ്ങൾ സുഗമമാവില്ല. ജോർജിനെ അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയാലും റിമാൻഡ് തന്നെ ചെയ്യും.
ഇനി ജില്ലാ കോടതിയിലെ ജാമ്യപേക്ഷ നൽകാനാകു. അത് പരിഗണിക്കുമ്പോഴേക്കും കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും പിസി ജോർജ് പൂജപ്പുര ജില്ലാ ജയിലിൽ കഴിയേണ്ടി വരും.