Advertisment

സെഞ്ച്വറിയല്ല, ഇഞ്ച്വറി ! പിണറായി വിജയന്‍ നേരിട്ട് നിയന്ത്രിച്ചിട്ടും ഒരു ചലനവുമുണ്ടാക്കാനാവാതെ ഇടതിന് നിരാശ. കെ-റെയില്‍ ഇനി ഓടാന്‍ വൈകും; ഓടാതിരിക്കാനും സാധ്യത ! മുഖ്യമന്ത്രിയുടെ ശോഭകെടുത്തി പ്രതിപക്ഷ നേതാവിന്റെ മികവ്. കോണ്‍ഗ്രസിലെ നേതാക്കള്‍ക്ക് മുന്നില്‍ സതീശന്‍ മാജിക് ഓര്‍മ്മപ്പെടുത്തി പ്രതിപക്ഷ നേതാവ് ! വിജയം കോണ്‍ഗ്രസിന് നല്‍കുന്നത് വലിയ ആത്മവിശ്വാസം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: തൃക്കാക്കരയിലെ യുഡിഎഫ് വിജയം കേരള ഭരണത്തില്‍ പ്രത്യേകിച്ച് ഒരു ചലനവും ഉണ്ടാക്കില്ലെങ്കിലും അത് കേരള രാഷ്ട്രീയത്തില്‍ ചില മാറ്റങ്ങളുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നൂറ് സീറ്റെന്ന മാന്ത്രിക നമ്പറിലേക്ക് എത്താമെന്ന സിപിഎം മോഹം പൊലിഞ്ഞതിനൊപ്പം പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും കഴിഞ്ഞു എന്നതും തൃക്കാക്കര ഫലം നല്‍കുന്ന സൂചനയാണ്.

ക്യാപറ്റനെന്ന് മന്ത്രിമാര്‍ പോലും വിളിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് തൃക്കാക്കരയിലേത് സെഞ്ചുറിയിലേക്കുള്ള പോരാട്ടമായിരുന്നു. തൃക്കാക്കര യുഡിഎഫ് കോട്ട ആയതിനാല്‍ തന്നെ ആ സീറ്റ് പിടിച്ചെടുത്ത് യുഡിഎഫിന് മറുപടി നല്‍കാനായിരുന്നു ഇടതു തീരുമാനം. അതിനായി എണ്ണയിട്ട യന്ത്രംപോലെ അവര്‍ പ്രവര്‍ത്തിച്ചു.

മുഖ്യമന്ത്രി നേരിട്ട് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു. മന്ത്രിമാര്‍ മൊത്തം രംഗത്ത് വന്നു. ഇടതു എംഎല്‍എമാരും ഒരുമാസം ക്യാമ്പ് ചെയ്തു പ്രവര്‍ത്തിച്ചു. പക്ഷേ ഒന്നും ഫലം കണ്ടില്ല. സെഞ്ച്വറി കിട്ടിയില്ലെന്ന് മാത്രമല്ല ഉമയുടെ വര്‍ധിത ഭൂരിപക്ഷം പിണറായിക്ക് ഇഞ്ച്വറിയായി മാറുകയും ചെയ്തു.

വികസനവും കെ-റെയിലും വലിയ ചര്‍ച്ചയാകും എന്നു തന്നെയാണ് ഇടതു മുന്നണി പറഞ്ഞതെങ്കിലും ഇക്കുറി ആദ്യ ഘട്ടത്തില്‍പോലും അത് ചര്‍ച്ചയായില്ല. മറുഭാഗത്ത് കോണ്‍ഗ്രസിന് ഈ വിജയം ജീവന്‍മരണ പോരാട്ടമായിരുന്നു.

കോണ്‍ഗ്രസിനുണ്ടായ തുടര്‍ തോല്‍വികളില്‍ നിന്നും കരകയറാന്‍ ഈ വിജയം അവരെ സഹായിക്കും. സര്‍ക്കാരിനെതിരെ കൂടുതല്‍ പോരാട്ട മുഖം തുറക്കാന്‍ യുഡിഎഫിന് തൃക്കാക്കരയിലെ വിജയം സഹായകരമാകും. നിയമസഭയിലും ഇത് പ്രതിഫലിക്കും.

സര്‍ക്കാരിന് ഇനി കെ-റെയില്‍ അടക്കമുള്ള വിഷയങ്ങളില്‍ അത്ര വേഗം തീരുമാനം എടുക്കാനാവില്ല. ഒപ്പം പാര്‍ട്ടിയിലും സര്‍ക്കാരിലും പിണറായിയുടെ മേധാവിത്വത്തിനും ഈ ഫലം തിരിച്ചടി നല്‍കും.

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനെതിരെ ഘടകകക്ഷികളുടെ വിമര്‍ശനവും ഈ ഘട്ടത്തില്‍ ഉയര്‍ന്നേക്കാം. ഇക്കുറി പ്രചാരണ രംഗത്ത് സിപിഎം ഏകാധിപത്യം കാണിച്ചു എന്ന പരാതിയും ഘടകകക്ഷികള്‍ പറയാനിടയുണ്ട്.

കോണ്‍ഗ്രസിലാകട്ടെ കാര്യങ്ങള്‍ കുറെക്കൂടി പ്രതിപക്ഷ നേതാവിന് അനുകൂലമാണ്. പ്രതിപക്ഷ നേതാവിന്റെ നേതൃമികവിന് അംഗീകാരമാണ് തൃക്കാക്കര ഫലം നല്‍കുന്നത്. പാര്‍ട്ടിയില്‍ സതീശന്‍ കൂടുതല്‍ കരുത്തനാകും. കെപിസിസി അധ്യക്ഷ പദവിയിലേക്ക് എത്തിയ കെ സുധാകരനും തന്റെ നേതൃത്വത്തെ പ്രവര്‍ത്തകര്‍ അംഗീകരിച്ചു എന്നതിന്റെ സൂചനയാണ് ഫലം.

കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലെന്ന സന്ദേശം കേരളത്തില്‍ നല്‍കാനും ഈ വിജയം സഹായിക്കും.

Advertisment