Advertisment

തൃക്കാക്കരയിലൂടെ ഉദയം ചെയ്തത് പ്രതിപക്ഷത്തിനൊരു പുതിയ ക്യാപ്റ്റന്‍ ! വി.ഡി സതീശന്‍ ഒരേ സമയം തൃക്കാക്കരയില്‍ നേരിട്ടത് എതിരാളികളെയും കൂടെ നിന്ന് 'പണി' തന്നവരെയും. വികസനത്തിലും വിവാദത്തിലും ഭരണപക്ഷ നിരയെ വിറപ്പിച്ച പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് ഏകോപിപ്പിച്ചത് വിട്ടുവീഴ്ചയില്ലാതെ ! സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ വോട്ടെണ്ണിയ നിമിഷം വരെ എല്ലാം നിയന്ത്രിച്ചത് വിഡി സതീശന്‍. തൃക്കാക്കരയിലെ വിജയ മാജികിലെ സതീശതന്ത്രം !

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: ആളും അര്‍ത്ഥവുമിറക്കി നാടിളക്കി പ്രചാരണം നടത്തിയിട്ടും തൃക്കാക്കരയെന്ന കോണ്‍ഗ്രസ് കോട്ടയില്‍ വിള്ളല്‍ വീഴ്ത്താന്‍ സിപിഎമ്മിന് കഴിയാത്തത് വിഡി സതീശനെന്ന പ്രതിപക്ഷ നേതാവിന്റെ നേതൃമികവ് തന്നെ.

സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതു മുതല്‍ വോട്ടെണ്ണല്‍ വരെ പ്രതിപക്ഷ നേതാവ് നടത്തിയ ജാഗ്രയുള്ള പ്രവര്‍ത്തനം തന്നെയാണ് തൃക്കാക്കരയിലെ കോണ്‍ഗ്രസ് വിജയത്തിന് പിന്നിലെന്ന് നിസംശയം പറയാം.

ഉമാ തോമസിനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതു മുതല്‍ വിഡി സതീശന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. സ്ഥാനാര്‍ത്ഥിക്കെതിരെ അപശബ്ദമുണ്ടാകാതിരിക്കാന്‍ ഏറെ പ്രയത്‌നിച്ചു. പ്രതിഷേധക്കാരെ നേരില്‍ കണ്ട് അനുനയിപ്പിച്ചു.

എല്ലാത്തിനും കൂടെ നിന്ന് പ്രവര്‍ത്തനം ഏകോപിപ്പിച്ചു. ഓരോ ബൂത്തിലും നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ തീരുമാനിച്ചതും അതിന് നേതൃത്വം കൊടുത്തതും പ്രതിപക്ഷ നേതാവ് തന്നെയായിരുന്നു. തൃക്കാക്കര കാണാന്‍ ഒരു നേതാവും വരണ്ടെന്ന് പറഞ്ഞ് സെല്‍ഫിയെടുക്കാന്‍ വന്നവരെയും പ്രസംഗിച്ചു നടക്കാന്‍ വന്നവരെയും പ്രതിപക്ഷ നേതാവ് മടക്കി അയച്ചു.

ഏത് നേതാവ് തൃക്കാക്കരയില്‍ എത്തിയാലും അവര്‍ക്ക് വീട് കയറാന്‍ ഏരിയാ നിശ്ചയിച്ചു നല്‍കാന്‍ കൃത്യമായ സംവിധാനം ഏര്‍പ്പെടുത്തി. സ്ഥാനാര്‍ഥിയുടെ വീട്ടില്‍ പോയി ചാനലുകാര്‍ വരുമ്പോള്‍ പുറകില്‍ നില്‍ക്കാനും സെല്‍ഫിയെടുക്കാനും വന്നവരെ കൈയ്യോടെ പിടികൂടി പാലാരിവട്ടത്തെ ഇലക്ഷന്‍ കമ്മറ്റി ഓഫീസിലെത്തിക്കാന്‍ മാത്രമായി ഒരു ഡിസിസി വൈസ് പ്രസിഡന്‍റിന് ചുമതല നല്‍കി.

നേതാവ് പി.ടിയുടെ വീട്ടില്‍ നിന്നും ഓഫീസിലേയ്ക്ക് തിരിക്കുമ്പോള്‍ ആ വിവരം ഇദ്ദേഹം ഓഫീസിലറിയിക്കും. നേതാവ് ഓഫീസിലെത്തുമ്പോള്‍ അദ്ദേഹം വീടുകയറി പ്രവര്‍ത്തിക്കാനുള്ള ഏരിയ രേഖപ്പെടുത്തിയ കുറിപ്പ് തയ്യാറായിരിക്കും.

പിന്നാലെ ഇന്നയാളെ പറഞ്ഞുവിട്ടിട്ടുണ്ടെന്നും അദ്ദേഹം എത്രത്തോളം വീട് കയറിയെന്നുമുള്ള റിപ്പോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള കുറിപ്പ് ആ മണ്ഡലത്തിന്‍റെ ചുമതലയുള്ള നേതാവിന് ലഭിക്കും.

വൈകിട്ട് കൃത്യമായി റിപ്പോര്‍ട്ട് നല്‍കുകയും വേണം. ഇല്ലെങ്കില്‍ കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി ഓഫീസില്‍ നിന്നും നേരിട്ട് പ്രതിപക്ഷ നേതാവിന്‍റെ വിളി വരും. നേതാക്കന്മാര്‍ക്കും ഇളവില്ല. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ മാത്രം കയറിയത് രണ്ടായിരം വീടാണ്. വി.കെ ശ്രീകണ്ഠന്‍ എംപി കയറിയത് അയ്യായിരം വീടുകളാണ്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വരെ നൂറു കണക്കിന് വീടുകള്‍ കയറിയിറങ്ങി.

മുമ്പ് തെരഞ്ഞെടുപ്പായാല്‍ അവിടെ എത്തുന്ന നേതാക്കളെല്ലാം നടത്തിപ്പുകാരായിരുന്നു. പുറമെ ഗ്രൂപ്പ് മാനേജര്‍മാരുടെ നിയന്ത്രണവും. ഒന്നും നടക്കത്തുമില്ല. ഇത്തവണ അതും അനുവദിച്ചില്ല. നയിക്കാന്‍ ഒരേ ഒരാള്‍. പ്രതിപക്ഷ നാതാവ് മാത്രം. പിന്നെ കോ-ഓര്‍ഡിനേഷന്‍ - ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസും.

എത്ര വലിയ നേതാവും വീടു കയറാന്‍ ഷെഡ്യൂള്‍ ഇട്ടാല്‍ അത് ചെയ്‌തോയെന്ന് പ്രതിപക്ഷ നേതാവ് നേരിട്ട് വിലയിരുത്തി. പറച്ചില്‍ മാത്രമല്ല, എല്ലാത്തിനും ഒപ്പം നിന്ന് ചെയ്താണ് വിഡി സതീശന്‍ മാതൃക കാട്ടിയത്. ഒപ്പം തന്നെ എതിരാളികളുടെ പ്രചാരണ തന്ത്രങ്ങളുടെ മുനയൊടിക്കാനും പ്രതിപക്ഷ നേതാവ് തന്നെ മുന്നിട്ടു നിന്നു.

തെരഞ്ഞെടുപ്പില്‍ വികസനത്തിനായാലും വിവാദത്തിനായാലും എല്ലാ മറുപടിയും നല്‍കി അദ്ദേഹം രംഗം കൊഴുപ്പിച്ചു. ഒപ്പം പാളയത്തിലെ പടയ്ക്കുള്ള പണികളും തയ്യാറാക്കിയതും പ്രതിപക്ഷ നേതാവ് തന്നെയാണ്.

തുടക്കത്തിലെ വിവാദമുയര്‍ത്തിയ ഡൊമിനിക് പ്രസന്‍റേഷന്‍, ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയവരെയൊക്കെ ആദ്യ ഘട്ടത്തില്‍ തന്നെ സെറ്റില്‍ ചെയ്തു 'പണി' കൊടുക്കാന്‍ രംഗത്തിറങ്ങിയ മണ്ഡലവുമായി ബന്ധമുള്ള പ്രമുഖ എംപിയെ വരെ നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി. അതോടെ അവര്‍ സമ്മര്‍ദത്തിലായി.

അതുകൊണ്ടുതന്നെ തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് ഉമാ തോമസാണെങ്കിലും അതിന്റെ യഥാര്‍ത്ഥ അവകാശി വിഡി സതീശന്‍ തന്നെയെന്ന് നിസംശയം പറയാം. കോണ്‍ഗ്രസ് നേതൃത്വത്തില്‍ തനിക്ക് ലഭിച്ച പദവി വെറുതെയല്ലെന്ന് വിഡി സതീശന്‍ തെളിയിക്കുകയാണ് ചെയ്തത്.

തുടര്‍ തെരഞ്ഞെടുപ്പുകളിലെ തോല്‍വിയില്‍ മനം മടുത്ത കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്ന നേതൃത്വമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നതാകും ഇനിയുള്ള പ്രതിപക്ഷ പ്രവര്‍ത്തനത്തിനും ഊര്‍ജം പകരുക.

Advertisment