Advertisment

കഴിഞ്ഞ 10 വർഷമായി രാജ്യത്ത് നടന്ന ഒട്ടുമിക്ക തെരഞ്ഞെടുപ്പുകളിലും ജനം വോട്ടു ചെയ്തത് നായകനായ നേതാവിനായിരുന്നു ! ' ആരാ നിങ്ങടെ നേതാവ് ? എന്താ നിങ്ങടെ പരിപാടി' എന്നത് ജനം ഏറ്റെടുത്ത ഒരു ചോദ്യം തന്നെയാണ്. പലരുകൂടിയാല്‍ പാമ്പ് ചാകില്ലെന്ന യാഥാര്‍ത്ഥ്യം ജനങ്ങൾക്കറിയാം, ഇനിയും കോണ്‍ഗ്രസിനതറിയില്ല. തൃക്കാക്കര വിജയത്തിലെ അനുകൂല സാഹചര്യം മുതലാക്കാന്‍ കോണ്‍ഗ്രസ് ആദ്യം തീരുമാനിക്കേണ്ടത് സ്വന്തം നേതാവിനെ ! ലീഡറും ക്യാപ്റ്റനുമല്ലെങ്കിലും നയിക്കാന്‍ ഒരു നേതാവ് വേണം. കോണ്‍ഗ്രസ് കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാതെ പോയാൽ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് പ്രാമുഖ്യം വന്നതില്‍ ചില കോണുകളില്‍ എതിര്‍പ്പുയര്‍ന്നിരുന്നു.

മുതിര്‍ന്ന നേതാക്കള്‍ക്കാണ് വിഡി സതീശന്‍ കൂടുതല്‍ കരുത്തനാകുന്നതില്‍ എതിര്‍പ്പുള്ളത്. പക്ഷേ ഇത് പരസ്യമായി പ്രകടിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തയ്യാറാകില്ല.

തൃക്കാക്കരയിലെ വിജയം കൂട്ടായ്മയുടെയാണെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും സത്യത്തില്‍ മണ്ഡലത്തില്‍ വിഡി സതീശന്‍ നടത്തിയത് ഒറ്റയാള്‍ പോരാട്ടമായിരുന്നു .

കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത വിധത്തിലുള്ള ചിട്ടയായ പ്രവര്‍ത്തനമാണ് തൃക്കാക്കരയില്‍ കണ്ടത്. യുവ നേതാക്കള്‍ ഒന്നടങ്കം ഗ്രൂപ്പില്ലാതെ വിഡി സതീശനൊപ്പം നിന്നു.

അതു തന്നെയാണ് പ്രചാരണ രംഗത്ത് തെളിഞ്ഞു നിന്നത്. ഇതിനിടെ കെപിസിസി അധ്യക്ഷന്‍ അനാരോഗ്യത്തെ തുടര്‍ന്ന് സജീവമല്ലാതായതോടെ പ്രതിപക്ഷ നേതാവ് പ്രവര്‍ത്തന നേതൃത്വം ഏറ്റെടുത്തു.


പാര്‍ട്ടിയുണ്ടെങ്കിലേ ഗ്രൂപ്പിന് നിലനില്‍പ്പുള്ളൂ എന്ന യാഥാര്‍ത്ഥ്യം പാര്‍ട്ടിയിലെ രണ്ടാം നിര മുതലുള്ള നേതാക്കള്‍ക്ക് ഇതിനകം ബോധ്യപ്പെട്ടു കഴിഞ്ഞു. താഴേത്തട്ടില്‍ സംഘടനാ നേതൃത്വം ഉണ്ടെങ്കിലേ വോട്ടു ചെയ്യാന്‍ ആളെ എത്തിക്കാനാകൂ. ഇത് കോണ്‍ഗ്രസ് നേതാക്കളെ പഠിപ്പിക്കാന്‍ തൃക്കാക്കര തെരഞ്ഞെടുപ്പ് വേണ്ടി വന്നു.


ഇനിയിപ്പോള്‍ കോണ്‍ഗ്രസ് ചെയ്യേണ്ടത് തങ്ങളുടെ നേതൃത്വത്തെ അംഗീകരിക്കലാണ്. അതിനു പകരം എല്ലാവരും നേതാവാണെന്ന സ്ഥിതി വന്നാല്‍ കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിക്ക് ഭാവിയിലും നിരാശ തന്നെയായിരിക്കും ഫലം.

പണ്ട് എല്ലാവരും നേതാവാണെന്ന് പറഞ്ഞാല്‍ അംഗീകരിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറി. കൃത്യമായി ആരാണ് നിങ്ങളുടെ നേതാവ് ? എന്താണ് നിങ്ങള്‍ മുമ്പോട്ടു വയ്ക്കുന്ന രാഷ്ട്രീയം ? എന്ന ചോദ്യം ഉയരും. സാധാരണക്കാരൻ പോലും വോട്ടു ചെയ്യുന്നത് നേതാവിനെ നോക്കിയാണ്.

ഇതിന് ഉത്തരമില്ലാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും പൊതുജനം സ്വീകരിക്കില്ല. ദേശീയ രാഷ്ട്രീയത്തിലടക്കം അതു കണ്ടതാണ്.


ലോക്സഭാ തെരെഞ്ഞെടുപ്പിൽ ജനം വോട്ടു ചെയ്തത് നരേന്ദ്രമോദി എന്ന നേതാവിനായിരുന്നു. തമിഴ്‌നാട്ടിൽ ഇത്തവണ ജനം വോട്ടു ചെയ്തത് എം കെ സ്റ്റാലിനും ആന്ധ്രായിൽ ജഗൻ മോഹൻ റെഡിക്കും തെലുങ്ക് ദേശത്ത് ചന്ദ്രശേഖര റാവുവിനും ആയിരുന്നു. ബംഗാളിൽ മമതാ ബാനർജിയും കേരളത്തിൽ പിണറായി വിജയനും ജനങ്ങളുടെ നായകരായി . കോണ്‍ഗ്രസിനുണ്ടായ തിരിച്ചടി എങ്ങനെ വന്നു എന്നു കൃത്യമായി പഠിക്കാത്തതിനാല്‍ അവര്‍ക്ക് ഇതൊന്നും അറിയില്ലായിരിക്കാം.


പക്ഷേ അതാണ് കഴിഞ്ഞ 10 വർഷമായി ഇന്ത്യൻ രാഷ്ട്രീയത്തിലെ യാഥാര്‍ത്ഥ്യം. അത് മനസിലാകാത്ത രാജ്യത്തെ ഏക പാർട്ടി കോൺഗ്രസ് ആയിരിക്കും. അതുകൊണ്ടുതന്നെ കേരളത്തിൽ ആണെങ്കിലും കോൺഗ്രസിന് മുന്നോട്ടുപോകാൻ ഒരു നേതാവ് കൂടിയേ തീരൂ.

അത് ക്യാപ്റ്റൻ ആയാലും ലീഡറായാലും സതീശനായാലും ശശി തരൂരായാലും വേറെ ആരെങ്കിലും ആയാലും. എന്തായാലും നിലവിൽ മുതിർന്ന് നിൽക്കുന്നവരിൽ ജനം അംഗീകരിക്കുന്ന ഒരാളില്ല . ഉള്ളത് ഉമ്മൻ ചാണ്ടിയാണ് . അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതി അതിനു പറ്റുന്നില്ലെന്നു മാത്രം.

രമേശ് ചെന്നിത്തല കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ജനം തള്ളിയ നേതാവാണ് . ചെന്നിത്തലയേക്കാൾ പിണറായി ആണ് ഞങ്ങൾക്ക് പ്രിയങ്കരൻ എന്ന് കേരളം വിധിയെഴുതിയ ശേഷം വീണ്ടും അദ്ദേഹവുമായി തെരഞ്ഞെടുപ്പിനെ നേരിടാൻ കഴിയില്ല.

അതിനാൽ കേരളത്തിൽ ഉടനടി കോൺഗ്രസിന് ഒരു നേതാവ് നിര്‍ബന്ധമാണ്. ഞങ്ങൾ കൂട്ടായി നയിക്കും എന്ന് നേതാക്കൾ പറഞ്ഞാൽ പലര് കൂടിയാൽ പാമ്പ് ചാകില്ലെന്നു ജനം ഉറപ്പിക്കും. വീണ്ടും പ്രതിപക്ഷത്തിരിക്കും. ഒരു പക്ഷേ ആ നേതാവിന്റെ പേര് ഇപ്പോള്‍ കേള്‍ക്കുന്നതല്ലെങ്കില്‍ മറ്റൊരാളെ കോണ്‍ഗ്രസ് കണ്ടെത്തണം. കണ്ടെത്തിയേ പറ്റൂ.

Advertisment