Advertisment

എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തിലെ പ്രതിയെവിടെ ? പ്രതിയെ കിട്ടാതായതോടെ ആരോപണ മുന പ്രതിപക്ഷത്തുനിന്നും സര്‍ക്കാരിനു നേരെ തിരിയുന്നു ! ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന ഓഫീസില്‍ ആക്രമം നടത്തിയവരെ പിടികൂടാത്ത പോലീസിനെതിരെ പാര്‍ട്ടിക്കാരും തിരിയും. കോണ്‍ഗ്രസിനെതിരെ ഉന്നയിച്ച ആരോപണം ഇപ്പോള്‍ തെളിയിക്കേണ്ട ബാധ്യത സിപിഎമ്മിന് തന്നെ ! പ്രതിക്ക് കോണ്‍ഗ്രസ് ബന്ധമുണ്ടായാല്‍ ഉന്നത നേതൃത്വം തന്നെ പ്രതിക്കൂട്ടിലുമാകും

New Update

publive-image

Advertisment

തിരുവനന്തപുരം: എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ പ്രതിയെ പിടികൂടാതായതോടെ സിപിഎം പ്രതിരോധത്തില്‍. വിഷയത്തില്‍ ആദ്യ ഘട്ടത്തില്‍ നേടിയ മേല്‍ക്കൈ പ്രതിയെ കിട്ടാതായതോടെ സിപിഎമ്മിന് ക്ഷീണമാകുകയാണ്. പാര്‍ട്ടിയുടെ ഉന്നത നേതാവ് തന്നെ ആഭ്യന്തരം കയ്യാളുമ്പോള്‍ പാര്‍ട്ടി ഓഫീസിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞയാളെ കണ്ടുപിടിക്കാത്തത് നാളെ പ്രതിപക്ഷവും സര്‍ക്കാരിനെതിരെ ആയുധമാക്കും.

രാത്രി 11.24ന് എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞതിന് പിന്നാലെ ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ ഇത് കോണ്‍ഗ്രസ് ചെയ്തതാണെന്ന് ആരോപിച്ചിരുന്നു. കലാപമുണ്ടാക്കാനുള്ള ലക്ഷ്യത്തോടെയാണ് സംഭവം ആസൂത്രണം ചെയ്തതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

രാവിലെ വരെ കോണ്‍ഗ്രസ് നേതാക്കള്‍ വിഷയത്തോട് പ്രതികരിച്ചില്ല. എന്നാല്‍ രാവിലെ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഈ ആരോപണം തള്ളി. എന്തടസ്ഥാനത്തിലാണ് ഇപിയുടെ ആരോപണമെന്ന് അവരും ചോദിച്ചു.

മുഖ്യമന്ത്രി സ്ഥലത്ത് എത്തി സന്ദര്‍ശിക്കുകയും പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ പങ്കെടുക്കുകയും ചെയ്‌തെങ്കിലും പിന്നീട് പുറത്തിറക്കിയ പ്രസ്താവനയില്‍ കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിച്ചില്ല. പിന്നീട് മാധ്യമങ്ങളെ കണ്ടപ്പോള്‍ കോണ്‍ഗ്രസിനെതിരായ ആരോപണം ഇപി മയപ്പെടുത്തുകയും ചെയ്തു. ആദ്യഘട്ടത്തില്‍ നേതാക്കള്‍ക്കുണ്ടായിരുന്ന ആവേശം തണുക്കുകയും ചെയ്തു.

രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിനു പകരമായി കോണ്‍ഗ്രസ് എകെജി സെന്റര്‍ ആക്രമിച്ചുവെന്ന പ്രചാരണത്തില്‍ കോണ്‍ഗ്രസും ആദ്യമൊന്ന് പകച്ചിരുന്നു. തുടര്‍ന്ന് തെളിവ് എവിടെയെന്ന് അവര്‍ ചോദിച്ചതോടെ ആരോപണം തെളിയിക്കേണ്ട ബാധ്യത സിപിഎമ്മിനായി. പാര്‍ട്ടി ഓഫീസ് തകര്‍ത്ത പ്രതിയെ പിടിക്കാന്‍ വൈകുന്നതോടെ അത് സര്‍ക്കാരിനെതിരെയുള്ള ആയുധമായി പ്രതിപക്ഷം അതിനെ ഉപയോഗിക്കാനുള്ള സാധ്യതയും ഏറുകയാണ്.

രണ്ടു ദിവസത്തിന് ശേഷം നിയമസഭ സമ്മേളിക്കുമ്പോള്‍ ഈ വിഷയം സഭയിലും വലിയ ചര്‍ച്ചയാകും. അതിനു മുമ്പായി പ്രതിയെ പിടിച്ച് കോണ്‍ഗ്രസ് ബന്ധം തെളിയിക്കേണ്ട ബാധ്യത ഇതോടെ സര്‍ക്കാരിനും സിപിഎമ്മിനുമായി.

Advertisment